സൗജന്യയാത്ര ആകര്ഷകമായി; ഇന്നലെ കെഎസ്ആര്ടിസി ഓര്ഡിനറി ബസില് യാത്രചെയ്തത് 13.29 ലക്ഷം സ്ത്രീകള്
Thiruvanathapuram, 16 ജൂണ്‍ (H.S.) സംസ്ഥാന സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിക്ക് വലിയ സ്വീകാര്യത. സൗജന്യയാത്രയ്ക്ക് ആരംഭംകുറിച്ച ഇന്നലെ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്
ksrtc cm


Thiruvanathapuram, 16 ജൂണ്‍ (H.S.)

സംസ്ഥാന സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിക്ക് വലിയ സ്വീകാര്യത. സൗജന്യയാത്രയ്ക്ക് ആരംഭംകുറിച്ച ഇന്നലെ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധന. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ആറ് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് അധികമായി ഇന്നലെ യാത്രനടത്തിയതെന്നാണ് കണക്ക്.

തിങ്കളാഴ്ച കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ആകെ യാത്രചെയ്തത് 13,29,938 സ്ത്രീകളാണ്. ഇതില്‍ സീറോ ടിക്കറ്റില്‍ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. പദ്ധതി ആരംഭിച്ച 10 മണിക്ക് മുന്‍പ് ടിക്കറ്റെടുത്ത് യാത്രചെയ്തവരാണ് ബാക്കി.

കഴിഞ്ഞ തിങ്കളാഴ്ച്ച യാത്രചെയ്ത സ്ത്രീകളുടെ എണ്ണം 7,34,693 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. സീറോ ടിക്കറ്റ് ഇനത്തില്‍ സര്‍ക്കാരിന് 1,59,56,801 രൂപയുടെ ബാധ്യതയാണ് തിങ്കളാഴ്ച മാത്രം ഉണ്ടാകുക.

കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്നലെ പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തിങ്കളാഴ്ച 6,94,799 പേരാണ് യാത്രചെയ്തതെങ്കില്‍ ഇന്നലെ 2,26,673 പുരുഷന്‍മാര്‍ മാത്രമാണ് ഓര്‍ഡിനറി ബസില്‍ യാത്രചെയ്തത്.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഇന്നലെ പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 3125 കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളിലാണ് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പണച്ചെലവില്ലാതെ സഞ്ചരിക്കാനാകുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് എല്‍.എസ്., ടൗണ്‍ ടു ടൗണ്‍ വിഭാഗങ്ങളിലെ ബസുകളിലാണ് സൗജന്യയാത്രാ സൗകര്യമുണ്ടാകുക.

---------------

Hindusthan Samachar / Sreejith S


Latest News