‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ
Thrishur , 16 ജൂണ് (H.S.) തൃശൂർ: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ആരംഭിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്കെതിരെ ആദ്യ ദിനത്തിൽ തന്നെ പരാതിയുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. പദ്ധതി നിലവ
‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ


Thrishur , 16 ജൂണ് (H.S.)

തൃശൂർ: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ആരംഭിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്കെതിരെ ആദ്യ ദിനത്തിൽ തന്നെ പരാതിയുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത വരുമാന നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ആദ്യ ദിനം സർവീസ് നടത്തിയപ്പോൾ ബസുകളിൽ ഇന്ധനം അടിക്കുന്നതിനുള്ള തുക പോലും കളക്ഷനായി ലഭിച്ചില്ലെന്നാണ് ഉടമകളുടെ പരാതി.

പദ്ധതി വലിയ പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിൽ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ തൃശൂരിൽ അടിയന്തര അവലോകന യോഗം ചേർന്നു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബസുടമകൾ തങ്ങൾ നേരിടുന്ന കടുത്ത ആശങ്കകൾ പങ്കുവെച്ചത്.

‘മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്ന ആനുകൂല്യം’

സർക്കാർ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങളോ സൗജന്യങ്ങളോ നൽകുന്നതിനെ തങ്ങൾ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ബസുടമകളുടെ സംഘടന വ്യക്തമാക്കി. എന്നാൽ, ഒരു വിഭാഗത്തിന് നൽകുന്ന ആനുകൂല്യം പൊതുഗതാഗത രംഗത്ത് നിലനിൽക്കുന്ന മറ്റൊരു വലിയ വിഭാഗത്തെ പൂർണ്ണമായി ഇല്ലായ്മ ചെയ്തുകൊണ്ടാകരുത് എന്നാണ് തങ്ങളുടെ നിലപാടെന്ന് അവർ ഓർമ്മിപ്പിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന സ്വകാര്യ ബസ് മേഖലയെ ഇത് പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുകയാണ്. ഒരു വശത്ത് ആനുകൂല്യം പ്രഖ്യാപിക്കുമ്പോൾ മറുഭാഗത്ത് മറ്റൊരു വിഭാഗം പട്ടിണിയിലാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. - വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.

ആദ്യ ദിനത്തിലെ കളക്ഷൻ ക്രമാതീതമായി കുറഞ്ഞതോടെ ബസ് ജീവനക്കാരുടെ വേതനം മുഴുവനായി നൽകാൻ പോലും പല ഉടമകൾക്കും കഴിഞ്ഞിട്ടില്ല. സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന ഭൂരിഭാഗം വനിതാ യാത്രക്കാരും കെ.എസ്.ആർ.സി ഓർഡിനറി ബസുകളിലേക്ക് മാറിയതാണ് സ്വകാര്യ ബസുകളുടെ വരുമാനത്തെ ഒറ്റയടിക്ക് ബാധിച്ചത്.

സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക്?

നിലവിലെ ഈ സാഹചര്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് ബസുടമകൾ പറയുന്നത്. വരും ദിവസങ്ങളിലെ കൃത്യമായ വരുമാന കണക്കുകൾ കൂടി വിലയിരുത്തിയ ശേഷം സർവീസ് നിർത്തിവെച്ചുള്ള അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ഉടമകൾ ഗൗരവമായി ആലോചിക്കുന്നുണ്ട്.

ബജറ്റ് പ്രഖ്യാപനങ്ങൾക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് തങ്ങളുടെ നിവേദനം സമർപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സ്വകാര്യ ബസ് മേഖലയെയും പ്രിയദർശിനി പദ്ധതിയുടെ ഭാഗമാക്കുകയോ അല്ലെങ്കിൽ തങ്ങൾക്ക് നികുതിയിളവ് ഉൾപ്പെടെയുള്ള പാക്കേജുകൾ അനുവദിക്കുകയോ വേണമെന്ന ആവശ്യമായിരിക്കും ഇവർ മുന്നോട്ട് വെക്കുക. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പണിമുടക്കിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം. ഇത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.

---------------

Hindusthan Samachar / Roshith K


Latest News