Enter your Email Address to subscribe to our newsletters

Chennai , 16 ജൂണ് (H.S.)
തമിഴ്നാട്ടിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ. മുൻപ് ഭരണത്തിലിരുന്ന എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളിവിട്ടതെന്ന് ആരോപിച്ചാണ് വിജയ് സർക്കാർ ശ്വേതപത്രം (White Paper) പുറത്തിറക്കിയിരിക്കുന്നത്.
ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ വെച്ച് തമിഴ്നാട് ധനകാര്യ മന്ത്രി എൻ. മേരി വിൽസൺ ആണ് ശ്വേതപത്രം ഔദ്യോഗികമായി പുറത്തുവിട്ടത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കുന്ന ശ്വേതപത്രം ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
ആകെ ബാധ്യത 13.18 ലക്ഷം കോടി രൂപ
ശ്വേതപത്രത്തിലെ കണക്കുകൾ പ്രകാരം തമിഴ്നാടിന്റെ നേരിട്ടുള്ള കടം മാത്രം ഏകദേശം 10 ലക്ഷം കോടി രൂപയോളമായി ഉയർന്നിട്ടുണ്ട്. അഞ്ച് വർഷം മുൻപ് ഇത് 4.8 ലക്ഷം കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടം ഇരട്ടിയായി വർദ്ധിച്ചു. ബജറ്റിന് പുറത്തുള്ള വായ്പകൾ, സർക്കാർ നൽകിയ ഗ്യാരന്റികൾ, മറ്റ് സാമ്പത്തിക ബാധ്യതകൾ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ തമിഴ്നാടിന്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 78,324 കോടി രൂപയാണ്. തമിഴ്നാടിന്റെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത വിധം ഉയർന്ന റവന്യൂ കമ്മിയാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആറു പതിറ്റാണ്ടിനേക്കാൾ വലിയ കടബാധ്യത
കഴിഞ്ഞ അഞ്ച് വർഷത്തെ ഡിഎംകെ ഭരണകാലത്ത് സംസ്ഥാനം വരുത്തിവെച്ച കടം, അതിന് മുൻപുള്ള ആറ് പതിറ്റാണ്ടുകൾ കൊണ്ട് (60 വർഷം) തമിഴ്നാട് ഉണ്ടാക്കിയ ആകെ കടത്തേക്കാൾ കൂടുതലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ശ്വേതപത്രത്തിലുണ്ട്. ദീർഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കോ ഉൽപ്പാദനക്ഷമമായ ആസ്തികൾ സൃഷ്ടിക്കുന്നതിനോ അല്ല ഈ തുക വിനിയോഗിച്ചതെന്നും, പകരം ദൈനംദിന ആവശ്യങ്ങൾക്കും റൂട്ടീൻ ചെലവുകൾക്കുമായാണ് തുക ഭൂരിഭാഗവും ചിലവഴിച്ചതെന്നും മന്ത്രി ആരോപിച്ചു.
ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ കടം
സംസ്ഥാനത്തെ ഓരോ പൗരനെയും ബാധിക്കുന്ന രീതിയിലാണ് നിലവിലെ കടക്കെണി. തമിഴ്നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയുടെയും തലയിൽ ഏകദേശം 1.28 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് ശ്വേതപത്രം കണക്കാക്കുന്നത്. സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ഓരോ രൂപ വരുമാനത്തിലും 22.8 പൈസയും പോകുന്നത് കടത്തിന്റെ പലിശ തിരിച്ചടയ്ക്കാൻ വേണ്ടിയാണ്. വരുമാനത്തിന്റെ വലിയൊരു പങ്ക് പലിശ ഇനത്തിൽ നഷ്ടപ്പെടുന്നത് വഴി ജനക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും തുക കണ്ടെത്താൻ സർക്കാർ പ്രയാസപ്പെടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മറ്റ് സംസ്ഥാനങ്ങളേക്കാൾ പിന്നിൽ
രാജ്യത്തെ മറ്റ് പ്രമുഖ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാടിന്റെ സാമ്പത്തിക നില വളരെ പരുങ്ങലിലാണ്. ജിഎസ്ഡിപി (GSDP) യുമായുള്ള കടത്തിന്റെ അനുപാതം തമിഴ്നാട്ടിൽ 28.3 ശതമാനമാണ്. എന്നാൽ ഗുജറാത്തിൽ ഇത് 17.6 ശതമാനവും, മഹാരാഷ്ട്രയിൽ 19.7 ശതമാനവും, കർണാടകയിൽ 23.4 ശതമാനവുമാണ്. ഈ കണക്കുകൾ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാടിന്റെ സാമ്പത്തിക സുസ്ഥിരത തകർന്നതിന്റെ തെളിവാണെന്ന് പുതിയ സർക്കാർ ആരോപിക്കുന്നു.
മുൻ സർക്കാരിന്റെ കാലത്തെ ധനമാനേജ്മെന്റിലെ പോരായ്മകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനും, വരാനിരിക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങൾക്കും കർശനമായ സാമ്പത്തിക അച്ചടക്ക നടപടികൾക്കും മുന്നോടിയായുള്ള ഒരു വഴികാട്ടിയായും ഈ ശ്വേതപത്രത്തെ ടിവികെ സർക്കാർ ഉപയോഗിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഈ ശ്വേതപത്രം വഴിവെക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K