Enter your Email Address to subscribe to our newsletters

Payyannur , 16 ജൂണ് (H.S.)
പയ്യന്നൂർ: പാർട്ടിയുടെ കർശനമായ വിലക്കുകളും ഭീഷണികളും കാറ്റിൽപ്പറത്തി സിപിഎം അനുഭാവികൾ കൂട്ടത്തോടെയെത്തി വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎയ്ക്ക് ആവേശോജ്ജ്വല സ്വീകരണം നൽകി. കുഞ്ഞിക്കൃഷ്ണന്റെ ജന്മനാടായ വെള്ളൂർ ചാനോത്ത് വെച്ചായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയ ജനകീയ സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക വിലക്കുകൾ നിലനിൽക്കെത്തന്നെ നൂറുകണക്കിന് സാധാരണക്കാരായ സിപിഎം അനുഭാവികളും നാട്ടുകാരും ചടങ്ങിൽ പങ്കാളികളാകാൻ എത്തിയത് പയ്യന്നൂരിലെ സിപിഎം നേതൃത്വത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
'ജാഗ്രത'യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ
പയ്യന്നൂർ ഫണ്ട് വിവാദങ്ങളുമായി ബന്ധപ്പെട്ട് ജനുവരി 26-നാണ് മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി. കുഞ്ഞിക്കൃഷ്ണനെ സിപിഎം ഔദ്യോഗികമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അന്ന് കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ വെള്ളൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. അന്ന് ആ പ്രകടനത്തിന് നേതൃത്വം നൽകിയവരും പാർട്ടി നടപടിയിൽ പ്രതിഷേധിച്ചവരും ചേർന്ന് രൂപീകരിച്ച 'ജാഗ്രത' എന്ന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ചാനോത്ത് പ്രദേശത്ത് ഈ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
സ്വീകരണ പരിപാടി വൻ വിജയമാക്കുന്നതിനായി ജാഗ്രതയുടെ പ്രവർത്തകർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാനോത്ത് പ്രദേശത്തെ വീടുകളിൽ നേരിട്ടെത്തി വിപുലമായ സ്ക്വാഡ് പ്രവർത്തനം നടത്തിയിരുന്നു. കുഞ്ഞിക്കൃഷ്ണന് നാട്ടുകാർക്കിടയിലുള്ള വലിയ ജനസ്വാധീനമാണ് ഈ സ്ക്വാഡ് പ്രവർത്തനത്തിലൂടെ വ്യക്തമായത്.
സിപിഎമ്മിന്റെ വീടു കയറിയുള്ള വിലക്കും ഭീഷണിയും
എന്നാൽ, തങ്ങളുടെ ശക്തമായ കോട്ടയായ വെള്ളൂരിൽ പാർട്ടി പുറത്താക്കിയ ഒരു നേതാവിന് സ്വീകരണം നൽകുന്നത് തടയാൻ സിപിഎം പ്രാദേശിക നേതൃത്വം കിണഞ്ഞു ശ്രമിച്ചിരുന്നു. ജാഗ്രതയുടെ പ്രവർത്തകർ സ്ക്വാഡ് പ്രവർത്തനം നടത്തിയതിന് തൊട്ടുപിന്നാലെ, പ്രദേശത്തെ സിപിഎം പ്രവർത്തകർ വ്യാപകമായി വീടുകൾ കയറി ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. സ്വീകരണ പരിപാടിയിൽ യാതൊരു കാരണവശാലും പങ്കെടുക്കരുതെന്ന് പാർട്ടി അനുഭാവികളായ കുടുംബങ്ങൾക്ക് കടുത്ത വിലക്കേർപ്പെടുത്തിയിരുന്നു.
ചടങ്ങിൽ സംസാരിച്ച ജാഗ്രതയുടെ മുഖ്യ സംഘാടകരിൽ ഒരാളായ റിട്ടയേർഡ് അധ്യാപകൻ കെ. സുരേശൻ ഈ വിഷയം തന്റെ പ്രസംഗത്തിൽ പരസ്യമായി തുറന്നടിച്ചു. പാർട്ടിയുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള ഭീഷണികളും വിലക്കുകളും ഉണ്ടായിട്ടും, അതൊക്കെ ലംഘിച്ചുകൊണ്ട് ഇത്രയധികം ആളുകൾ സ്വീകരണത്തിനെത്തിയത് അഴിമതിക്കെതിരെയുള്ള ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കുകളെ മറികടന്ന് ജനങ്ങൾ കൂട്ടത്തോടെയെത്തിയത് പയ്യന്നൂരിലെ സിപിഎമ്മിനുള്ളിൽ പുകയുന്ന ആഭ്യന്തര ഭിന്നതയും വിഭാഗീയതയും കൂടുതൽ രൂക്ഷമാകുന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
---------------
Hindusthan Samachar / Roshith K