Enter your Email Address to subscribe to our newsletters

Idukki , 17 ജൂണ് (H.S.)
പ്രകൃതിദുരന്തത്തിൻ്റെ ഇരകളായ മനുഷ്യരോട് ഭരണകൂടം കാണിക്കുന്ന ക്രൂരമായ അവഗണനയുടെ നേർച്ചിത്രമായി മാറുകയാണ് ഇടുക്കി അടിമാലിയിലെ ലക്ഷംനഗർ കോളനിവാസികളുടെ ജീവിതം. 2025 ഒക്ടോബറിൽ ഉണ്ടായ ഭീകരമായ മണ്ണിടിച്ചിലിനെ തുടർന്ന് സർക്കാരിൻ്റെയും ജില്ലാ കളക്ടറുടെയും ഉറപ്പിന്മേൽ വീടൊഴിഞ്ഞുപോയ 27 കുടുംബങ്ങളാണ് ഇന്ന് വാടക നൽകാൻ പോലും വകയില്ലാതെ തെരുവാധാരമാകുന്ന അവസ്ഥയിലുള്ളത്.
സുരക്ഷിതമായ താമസസ്ഥലവും പുനരധിവാസവും വാഗ്ദാനം ചെയ്ത അധികൃതർ മാസങ്ങളായി വാടക അലവൻസ് പോലും നൽകാതെ കൈമലർത്തുമ്പോൾ, നീതിക്കായി വീണ്ടും ശക്തമായ സമരത്തിനൊരുങ്ങുകയാണ് ഈ നിർധന കുടുംബങ്ങൾ.
ഞങ്ങളിപ്പോള് ആരോട് ചോദിക്കണം, ഒരു നിവര്ത്തിയുമില്ലാത്ത അവസ്ഥയിലാണ് ഞങ്ങള്. ദേശീയ പാത അതോറിറ്റിയുടെ അശാസ്ത്രീയതയും അപാകതയും കൊണ്ട് മാത്രം പെരുവഴിയിലായവരാണ് ഞങ്ങള്. ലക്ഷംവീടാണെങ്കിലും ഇത്തരത്തിലൊരു ഒരു ഗതികേടിലേക്ക് ഞങ്ങള് പോയിട്ടില്ല. അന്നന്ന് അധ്വാനിച്ച് ജീവിക്കുന്നവരാണ് ഞങ്ങള്. അധികൃതര് മാറ്റിപ്പാര്പ്പിച്ചത് മൂലം ഞങ്ങള് ഇപ്പോള് തെരുവിലാണ്. ഞങ്ങള് ഇനി ആരുടെ കാല് പോയി പിടിക്കണം, ഒന്നും രണ്ടുമല്ല 27 കുടുംബങ്ങളാണ് തെരുവില് ലക്ഷംനഗർ കോളനിവാസി സജ്മി ബിബിൻ വൈകാരികമായി പ്രതികരിച്ചു.
കണ്ണീരായി ഒക്ടോബർ 25; തകർന്നടിഞ്ഞ ജീവിതങ്ങൾ
2025 ഒക്ടോബർ 25-നായിരുന്നു അടിമാലി ലക്ഷംനഗറിനെ കണ്ണീരിലാഴ്ത്തിയ ആ ഭീകര ദുരന്തം സംഭവിച്ചത്. ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ തീർത്തും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളായിരുന്നു ഒരു പ്രദേശത്തെയാകെ തകർത്തുകളഞ്ഞത്. കുന്നിടിച്ചിൽ പെട്ട് പ്രദേശവാസിയായ ഒരാൾ മരണപ്പെടുകയും, അദ്ദേഹത്തിൻ്റെ ഭാര്യയുടെ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തു. ഈ ദാരുണ സംഭവത്തെത്തുടർന്ന് പ്രദേശം പൂർണമായും വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ ജില്ലാ ഭരണകൂടം, കളക്ടറുടെ അടിയന്തര ഉത്തരവിലൂടെയാണ് ലക്ഷംനഗറിലെ 27 കുടുംബങ്ങളെ താൽക്കാലികമായി വാടകവീടുകളിലേക്ക് മാറ്റിയത്.
പ്രദേശവാസികൾ പറയുന്നത്
സ്വന്തം മണ്ണിൽ നിന്നും സർക്കാരിയും കളക്ടറുടെയും ഉറപ്പ് വിശ്വസിച്ചാണ് ഞങ്ങൾ അന്ന് ഒഴിഞ്ഞുപോയത്. എന്നാൽ ഇപ്പോൾ വാടക നൽകാനോ, സ്ഥിരമായൊരു തലചായ്ക്കാൻ ഇടം നൽകാനോ അധികൃതർ തയ്യാറാകുന്നില്ല. പ്രവാസികളെപ്പോലെ സ്വന്തം നാട്ടിൽ അഭയാർത്ഥികളായി കഴിയേണ്ട അവസ്ഥയിലാണ് ഞങ്ങൾ പ്രദേശവാസികള് പറയുന്നു.
ഉറപ്പുകൾ ലംഘിക്കപ്പെട്ടു; വർഷകാലത്തും ദുരിതം മാത്രം
സുരക്ഷിതമായ സ്ഥലവും വീടും നൽകുന്നതുവരെ ഈ കുടുംബങ്ങളുടെ വാടക പൂർണ്ണമായും സർക്കാർ വഹിക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ വാടക മുടങ്ങിയപ്പോൾ ജനങ്ങൾക്ക് സമര രംഗത്തേക്ക് ഇറങ്ങേണ്ടി വന്നിരുന്നു. അന്ന് അധികൃതർ നൽകിയ കർശനമായ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
എന്നാൽ, ആ ഉറപ്പുകളെല്ലാം വീണ്ടും ലംഘിക്കപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി വാടക കുടിശ്ശികയായതോടെ വീട്ടുടമസ്ഥരുടെ മുൻപിൽ തലതാഴ്ത്തേണ്ടി വരുന്ന അവസ്ഥയിലാണ് ദുരിതബാധിതർ. മറ്റൊരു വർഷകാലം കൂടി ശക്തിപ്രാപിക്കുമ്പോഴും തങ്ങളുടെ പുനരധിവാസ കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അധികാരികളുടെ ഉറപ്പിന്മേലാണ് സമരം അവസാനിച്ചതെന്നും ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില് ഇനിയും പ്രതിഷേധിക്കുമെന്നും ലക്ഷംനഗര് കോളനി നിവാസ് അഭിലാഷും പ്രതികരിച്ചു.
അധികൃതർ കണ്ണ് തുറന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക്
പ്രകൃതിയുടെ ദയയില്ലായ്മയേക്കാൾ വലിയ ഭരണകൂട ക്രൂരതയാണ് തങ്ങൾ നേരിടുന്നതെന്ന് ഈ ജനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു. കനത്ത മഴ പെയ്യുമ്പോൾ താൽക്കാലിക വാടകവീടുകളിൽ ഭീതിയോടെ കഴിയുന്ന ഈ കുടുംബങ്ങളുടെ പുനരധിവാസ കാര്യത്തിൽ ജില്ലാ കളക്ടറും സർക്കാരും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇടുക്കി മലയോര മേഖലയെ വീണ്ടും പ്രക്ഷുബ്ധമാക്കുന്ന ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കാവും വരും ദിവസങ്ങളിൽ അടിമാലി സാക്ഷ്യം വഹിക്കുക.
ഭൂമി കണ്ടെത്താനുള്ള പരിശ്രമം ആരംഭിച്ചുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ഈ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും വില്ലേജിൻ്റെ സഹായത്തോടെ റവന്യൂ ഭൂമി കണ്ടെത്താനുള്ള പരിശ്രമം ആരംഭിച്ചുവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു കുര്യാക്കോസ് വ്യക്തമാക്കി. 27 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി കണ്ടെത്തണം. ഭൂമി വാങ്ങി വീട് നിർമിച്ച് നൽകുക എന്നത് ഗ്രാമപഞ്ചായത്തിനെ കൊണ്ട് സാധിക്കുന്ന കാര്യമല്ല. കരാർ കമ്പനി സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകണം എന്നതാണ് പഞ്ചായത്തിൻ്റെ അഭിപ്രായമെന്നും വിഷയം എം എൽ എയുടെയും സർക്കാരിൻ്റെയും ശ്രദ്ധയിൽ ഉൾപെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR