Enter your Email Address to subscribe to our newsletters

Thrissur , 17 ജൂണ് (H.S.)
നെൽകൃഷിക്ക് ശേഷം തരിശുകിടക്കുന്ന കോൾപ്പാടങ്ങളിൽ നൂറുമേനി വിളവെടുത്ത് കർഷകർ. തൃശൂരിലെ കോൾപ്പടവുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഉഴുന്നു കൃഷിയാണ് ഇപ്പോൾ മികച്ച വിജയമായി മാറിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനം നേടാമെന്നതാണ് ഈ ഇടവിള കൃഷിയുടെ പ്രധാന ആകർഷണം.
തൃശൂരിലെ മുണ്ടൂർ, പേരാമംഗലം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ കൃഷി പരീക്ഷിച്ചത്. മുണ്ടൂർ താഴം കോൾപ്പടവിലും പേരാമംഗലം കറുക കോൾപ്പടവിലുമായിരുന്നു വിത. വെള്ളം പൂർണമായും ഇറങ്ങിയ ശേഷമുള്ള നിലങ്ങളിലാണ് കൃഷി ആരംഭിക്കുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇതിന് ഏറ്റവും അനുയോജ്യം. ഉഴുന്ന് ഒരു പയർവർഗമായതിനാൽ മണ്ണിൽ നൈട്രജൻ നിലനിർത്താൻ ഇത് ഏറെ സഹായിക്കുന്നു.
അതിനാൽ തന്നെ അടുത്ത നെൽകൃഷിക്കായി മണ്ണിനെ സജ്ജമാക്കുന്നതിലും ഈ രീതി ഏറെ ഗുണകരമാണ്. കൂടുതൽ ജലസേചനം ആവശ്യമില്ലാത്തതിനാൽ വളരെ കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാവുന്ന കൃഷിയാണിതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. രണ്ടര മാസത്തെ സമയമെടുത്താണ് കൃഷി വിളവെടുപ്പിന് ഒരുങ്ങുന്നത്.
വൻ സാധ്യതകളുള്ള കൃഷികേരളത്തിൽ പ്രതിവർഷം ഏകദേശം 11 ലക്ഷം ടൺ പയറുവർഗങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ ഉത്പാദനം വളരെ പരിമിതമാണ്. ഇത് ആയിരം ടണ്ണിലും താഴെ മാത്രമാണെന്നതാണ് യാഥാർഥ്യം. ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള ഈ വലിയ അന്തരം പരിഗണിക്കുമ്പോൾ കേരളത്തിൽ ഉഴുന്നു കൃഷിക്ക് വലിയ സാധ്യതയുണ്ടെന്നും, ഇത് കർഷകർക്ക് സാമ്പത്തികമായി ഏറെ ഗുണകരമാകുമെന്നും മനസിലാക്കിയതോടെയാണ് വ്യത്യസ്തമായ ഈ കൃഷിരീതി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തതെന്ന് മേൽനോട്ടം വഹിച്ച ചന്ദ്രൻ മേനോൻ വ്യക്തമാക്കി.
മുൻപ് പല തവണ നെൽകൃഷി ചെയ്തെങ്കിലും കടുത്ത ജലക്ഷാമം മൂലം കൃഷി വിജയിക്കാതായതോടെയാണ് പുതിയ വഴിയിലേക്ക് തിരിഞ്ഞതെന്ന് കൃഷിയിൽ പങ്കാളിയായ അച്യുതൻ പാറപ്പുറത്ത് പറഞ്ഞു. ചാണകപ്പൊടി ഉൾപ്പെടെ ഉപയോഗിച്ചുള്ള പൂർണമായ ജൈവകൃഷിരീതിയാണ് ഇവിടെ അവലംബിച്ചത്. ഏകദേശം 212 ഏക്കറിലായി നൂറിലധികം കർഷകരാണ് വിത്തിറക്കിയത്. നെൽകൃഷിക്ക് ശേഷം വെറുതെ കിടക്കുന്ന ഭൂമി പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. 45 ദിവസം കൊണ്ട് പയറും 60 ദിവസം കൊണ്ട് ഉഴുന്നും വിളവെടുക്കാൻ കഴിയും എന്നത് ഈ ഇടവിള കൃഷിയുടെ ഏറ്റവും വലിയ നേട്ടമാണ്.
കൈപ്പറമ്പ് പഞ്ചായത്ത്, ഇസാഫ് കോ-ഓപ്പറേറ്റീവ്, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക്, കൃഷി വകുപ്പ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനുപുറമെ ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ വിത്തിന് 50 ശതമാനം സബ്സിഡിയും നൽകി. മുണ്ടൂർ താഴം കോൾപ്പടവിലെയും പേരാമംഗലം കറുക കോൾപ്പടവിലെയും പടവ് കമ്മിറ്റി ഭാരവാഹികളായ കെ എഫ് ബ്ലസൻ, കെ പി ഔസേപ്പ്, പി എസ് അച്യുതൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷിയുടെ മേൽനോട്ടം വഹിച്ചത്. കുറഞ്ഞ ചെലവിൽ മികച്ച വരുമാനം ഉറപ്പാക്കുന്ന ഉഴുന്നു കൃഷി വരും നാളുകളിൽ കോൾപ്പാടങ്ങളിലെ കർഷകർക്ക് വലിയൊരു ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR