Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 ജൂണ് (H.S.)
സംസ്ഥാനത്ത് നിപയ്ക്ക് പിന്നാലെ ഷിഗെല്ല, ഡെങ്കിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല അവലോകന യോഗം ചേരും.
ഓൺലൈനായി ചേരുന്ന യോഗത്തിൽ ജില്ല കലക്ടർമാർ, ജില്ല മെഡിക്കൽ ഓഫിസർമാർ, ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായുള്ള അടിയന്തര പ്രതിരോധ പ്രവർത്തനങ്ങളും ആശുപത്രികളിലെ ചികിത്സ സൗകര്യങ്ങളുമാകും പ്രധാനമായും ചർച്ച ചെയ്യുക. പ്രതിദിനം പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം 13,196 പേരാണ് വിവിധ ആശുപത്രികളിൽ എത്തിയത്.
ഹൈ പവർ കമ്മിറ്റിക്ക് ഇന്ന് തുടക്കംപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്നലെ ചേർന്ന പ്രത്യേക യോഗത്തിൽ ഹൈ പവർ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്നതാണ് സമിതി. ഏകോപിതമായ പ്രതിരോധ, ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സമിതിയുടെ പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കമാകും.
ഷിഗെല്ല വ്യാപനത്തിൽ ആശങ്കഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ വർഷം ഇതുവരെ 155 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. അഞ്ചുപേർ രോഗം ബാധിച്ച് മരിച്ചു. ഇന്നലെ മാത്രം എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാർഥികൾക്കും കൊല്ലം പോരുവഴി സ്വദേശിയായ ഏഴുവയസുകാരനും കൂടി രോഗം കണ്ടെത്തി.
ഇടുക്കി ഏഴാംമയിലിലെ സ്വകാര്യ സ്കൂളിലെ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ചില കുട്ടികൾ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഴുവയസുകാരന് രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥികൾക്ക് ആരോഗ്യ വകുപ്പ് ക്വാറൻ്റൈൻ നിർദേശിച്ചെങ്കിലും ഇൻകുബേഷൻ പിരീഡ് പിന്നിട്ടതിനാൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. ഒരു വിദ്യാർഥിയെ ഇടുക്കി മെഡിക്കൽ കോളജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ എഴുപതോളം എണ്ണവും കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഉണ്ടായതാണ്. മലബാർ മേഖലയിലാണ് രോഗബാധ കൂടുതൽ. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഈ വർഷം കോഴിക്കോട് മാത്രം 77 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 25 എണ്ണവും ഈ മാസമാണ്. ജനുവരി മുതൽ ലഭ്യമായ കണക്കുകൾ പ്രകാരം വയനാട് 16, തിരുവനന്തപുരം 14, മലപ്പുറം 13, കൊല്ലം, ആലപ്പുഴ ആറുവീതം, തൃശൂർ നാല്, ഇടുക്കി മൂന്ന്, എറണാകുളം, കണ്ണൂർ രണ്ടുവീതം, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഷിഗെല്ല കേസുകൾ. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉള്ളതിനാൽ ഈ വർഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.
മറ്റ് പകർച്ചവ്യാധികളും നിപയും
ഷിഗെല്ലയ്ക്ക് പുറമെ 52 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി അഞ്ചുപേർക്ക് കൂടി മലേറിയ കണ്ടെത്തിയത് പുതിയ വെല്ലുവിളിയാകുന്നു. എറണാകുളം ജില്ലയിൽ രണ്ടുപേർക്കും മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് പുതുതായി മലേറിയ സ്ഥിരീകരിച്ചത്.
അതേസമയം നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഇന്ന് ഏഴാം ദിവസമാണ്. ഐസിഎംആർ മാർഗനിർദേശ പ്രകാരമുള്ള ചികിത്സയാണ് നൽകുന്നത്. രോഗിയെ കൂടാതെ പരിശോധനയ്ക്കയച്ച 37 പേരുടെ സ്രവ സാംപിളുകൾ നെഗറ്റീവ് ആയത് ആശ്വാസമായി. സമ്പർക്കപ്പട്ടികയിലുള്ളവരിൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഒൻപതുപേരിൽ നാലുപേരെ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ അഞ്ചുപേർ മാത്രമാണ് ആശുപത്രിയിൽ തുടരുന്നത്.
ലക്ഷണങ്ങളും പ്രതിരോധവും
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്നുദിവസത്തിന് ശേഷമാകും ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. എന്നാൽ എല്ലാവർക്കും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കാണ് ബാക്ടീരിയ വേഗത്തിൽ പടരാൻ സാധ്യത. അംഗണവാടികൾ, സ്കൂളുകൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രോഗം വേഗത്തിൽ പടരാം. യാത്ര വേളകളിൽ സുരക്ഷിതമായി ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നവർക്ക് അണുബാധയ്ക്ക് സാധ്യത കുറവായിരിക്കും.
ആഹാരം പാകം ചെയ്യുന്നവരിൽ നിന്നും രോഗം പകരാൻ സാധ്യതയുള്ളതിനാൽ തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിൽപന ശാലകളിൽ പരിശോധന കർശനമാക്കുകയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെ പൂട്ടാനാണ് നിർദേശം. കടകളിൽ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷൻ ചെയ്ത് പൂർണമായും ശുദ്ധീകരിച്ച വെള്ളം മാത്രമേ നൽകാവൂ എന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ജാഗ്രത നിർദേശങ്ങളും ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR