കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: ഓർഡിനറി സർവീസിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
Thiruvananthapuram , 17 ജൂണ് (H.S.) സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി മന്ത്രി സി പി ജോൺ. പദ്ധതി നടപ്പായതിന് ശേഷമുള്ള ദിവസം ഓർഡനറി സർവ
PRIYADARSHINI


Thiruvananthapuram , 17 ജൂണ് (H.S.)

സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി മന്ത്രി സി പി ജോൺ. പദ്ധതി നടപ്പായതിന് ശേഷമുള്ള ദിവസം ഓർഡനറി സർവീസുകളിൽ യാത്ര ചെയ്തതിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. സൗജന്യയാത്രകൾക്ക് ചെലവായ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. പദ്ധതി നടപ്പാക്കിയ ആദ്യദിവസം 15 കോടിയോളം രൂപയുടെ ബാദ്ധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്.

ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം ജൂൺ എട്ടിന് 7.25 ലക്ഷമായിരുന്നത് 15ന് 9.63 ലക്ഷമായും 16ന് 11.84 ലക്ഷമായും ഉയർന്നു. 16ന് ഓർഡിനറി ബസുകളിലെ മൊത്തം യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. പദ്ധതി നടപ്പാക്കിയ ശേഷമുള്ള അടുത്ത ദിവസമായ 16ന് 2.21 ലക്ഷം സ്ത്രീകൾ അധികമായി യാത്ര ചെയ്തു. (23 ശതമാനം വർധന). ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ മൊത്തം എണ്ണത്തിലും വർധനവുണ്ടായി. ജൂൺ എട്ടിന് 14.40 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. എന്നാൽ, 16ന് അത് 18.56 ലക്ഷമായി ഉയർന്നെന്നും മന്ത്രി സി പി ജോൺ അറിയിച്ചു.

സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിൻ്റ് ടു പോയിൻ്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ എന്നീ വിഭാഗങ്ങളിലാണ് ആനുകൂല്യം ലഭിക്കുക. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ ബസിൻ്റെ മുൻവശത്തെ ചില്ലിലും രണ്ട് വാതിലുകളുടെയും വശങ്ങളിലുമായാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റികളുടെ ഭാഗമായുള്ളതാണ് പദ്ധതി. വരുമാനം, സാമൂഹിക നില അല്ലെങ്കിൽ മറ്റേതെങ്കിലും മാനദണ്ഡങ്ങൾ പരിഗണിക്കാതെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രയ്ക്ക് അർഹതയുണ്ടായിരിക്കും. ഇതിനായി പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല.

ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി കണ്ടക്ടർമാരിൽ നിന്ന് സീറോ ടിക്കറ്റാണ് ലഭിക്കുക. ടിക്കറ്റിങ് സംവിധാനം ഓരോ യാത്രയിലും ഡിജിറ്റലായി രേഖപ്പെടുത്തും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കും. കെഎസ്ആർടിസിക്ക് പ്രതിമാസം 60 കോടിയിലധികം രൂപ അല്ലെങ്കിൽ പ്രതിവർഷം 800 കോടി രൂപ ചെലവാകുമെന്നും ഇത് പൂർണമായും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News