വന്യമൃഗ ശല്യത്തിൽ ദുരിതമനുഭവിക്കുന്ന വയനാട് മേപ്പാടിയിലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നു
Wayanad , 17 ജൂണ് (H.S.) വന്യമൃഗ ശല്യത്തിൽ ദുരിതമനുഭവിക്കുന്ന വയനാട് മേപ്പാടിയിലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നു. വർഷങ്ങളായി തുടരുന്ന കാട്ടാന, കടുവ, കാട്ടുപന്നി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി മുതൽ രാഷ്ട്രപതി വരെയുള്ള ഭരണ
SOLUTION WILDLANIMAL ATTACKS


Wayanad , 17 ജൂണ് (H.S.)

വന്യമൃഗ ശല്യത്തിൽ ദുരിതമനുഭവിക്കുന്ന വയനാട് മേപ്പാടിയിലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നു. വർഷങ്ങളായി തുടരുന്ന കാട്ടാന, കടുവ, കാട്ടുപന്നി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി മുതൽ രാഷ്ട്രപതി വരെയുള്ള ഭരണാധികാരികൾക്ക് ഭീമഹർജി സമർപ്പിച്ചിരിക്കുകയാണ് നാട്ടുക്കാർ. പുത്തുമലയിൽ ജെസ്സി എന്ന യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജനങ്ങളുടെ ഈ കൂട്ടായ നീക്കം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മേപ്പാടി പഞ്ചായത്തിലെ കാപ്പംകൊല്ലി, പുഴമൂല, ആനക്കാട്, കാപ്പിക്കാട്, കോട്ടനാട്, എരുമക്കൊല്ലി, മാനിവയൽ, ചുങ്കത്തറ, കുന്നമ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വന്യമൃഗ ശല്യത്തിൻ്റെ പിടിയിലാണ്. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മാൻ, പുലി, കടുവ തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം കൃഷിയെയും മനുഷ്യജീവിതത്തെയും ഒരുപോലെ ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു.

ആനയുടെ ആക്രമണത്തിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വിവിധ തലങ്ങളിൽ നിവേദനങ്ങൾ നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേരുടെ ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, വനംമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, എം.പി, ജില്ലാ കലക്ടർ അടക്കമുള്ളവർക്ക് ഭീമഹർജി നൽകിയത്.

കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ഈ മേഖലയിൽ കൂടുതലുള്ളത്. എന്നാൽ വന്യമൃഗ ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് കർഷകർ പറയുന്നു. കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ച് വൈദ്യുതിവേലി സ്ഥാപിക്കുക, കുരങ്ങ് ഉൾപ്പെടെയുള്ള മൃഗങ്ങളെ പിടികൂടി ഉൾവനത്തിൽ വിടുക, കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രദേശവാസിയായ ബാബു തോമസ് പറഞ്ഞു.

വന്യമൃഗ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ല, വർഷങ്ങളായി തുടരുന്ന ഗുരുതര പ്രതിസന്ധിയാണെന്ന് മേപ്പാടിയിലെ ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജീവനും ഉപജീവനവും സംരക്ഷിക്കാൻ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. വന്യജീവി-മനുഷ്യ സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടികൾ വൈകിയാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന് കാപ്പം കൊല്ലി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജെറാൾഡ് ജോസഫ് നേതൃത്വം നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News