Enter your Email Address to subscribe to our newsletters

Idukki , 17 ജൂണ് (H.S.)
സംസ്ഥാനത്ത് യുഡിഎഫ് അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇടുക്കിയിലെ മലയോര ജനത. വർഷങ്ങളായി തുടരുന്ന കടുത്ത കാർഷിക തകർച്ചയ്ക്കും പരിതാപകരമായ അടിസ്ഥാന സൗകര്യങ്ങൾക്കും കൃത്യമായ പരിഹാരം കാണുന്ന ഒരു ബജറ്റായിരിക്കും ഇതെന്നാണ് ജില്ലയുടെ പൊതുവായ പ്രതീക്ഷ. ഹൈറേഞ്ചിന്റെ സവിശേഷമായ ഭൂപ്രകൃതിയും ആവശ്യങ്ങളും പരിഗണിച്ചുള്ള സവിശേഷമായ പാക്കേജുകൾക്കായി ജില്ല ഒന്നടങ്കം ഉറ്റുനോക്കുകയാണ്.
മുടങ്ങിയ പദ്ധതികളുടെ തുടർച്ച വേണം: പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് വരുമ്പോൾ ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷകൾ ഏറെയാണെങ്കിലും മുൻകാല അനുഭവങ്ങൾ തിരുത്തപ്പെടണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ ബജറ്റുകളിൽ ജില്ലയ്ക്കായി പ്രഖ്യാപിച്ച പല പ്രധാന പദ്ധതികളും തുക അനുവദിച്ചിട്ടും പൂർണമായി വിനിയോഗിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ പുതിയ പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ നേരത്തെ പ്രഖ്യാപിച്ച ഇത്തരം പദ്ധതികളുടെ തടസമില്ലാത്ത തുടർച്ച ഉറപ്പാക്കുക എന്നതാണ് വികസന രംഗത്ത് ആദ്യം ഉണ്ടാകേണ്ടത്. തകർന്ന് കിടക്കുന്ന മലയോര ഹൈവേകളുടെയും ലിങ്ക് റോഡുകളുടെയും പുനരുദ്ധാരണമാണ് ജില്ല പ്രധാനമായും ആവശ്യപ്പെടുന്നത്.
ആവശ്യങ്ങൾ അക്കമിട്ട് നിരത്തി ജനപ്രതിനിധികൾ: ഇടുക്കി ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള കൃത്യമായ നിർദേശങ്ങൾ ജനപ്രതിനിധികൾ ഇതിനകം തന്നെ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ വികസന ആവശ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഉടുമ്പൻചോല എംഎല്എ അഡ്വ. സേനാപതി വേണുവും രംഗത്തെത്തി. മുൻ ബജറ്റുകളിൽ അനുവദിച്ച തുകകൾ പൂർണമായി വിനിയോഗിച്ച് തീർക്കേണ്ടതുണ്ടെന്നും പുതിയ കാർഷിക-വിദ്യാഭ്യാസ പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കഴിഞ്ഞ ബജറ്റുകളിൽ അനുവദിച്ചിരിക്കുന്ന തുകകൾ പൂർണമായി വിനിയോഗിച്ചിട്ടില്ല. അതിന്റെ ഒരു തുടർച്ച ഉണ്ടാകേണ്ടതുണ്ട്. പുതുതായി നമ്മുടെ നിയോജക മണ്ഡലത്തിലും ജില്ലയിലും പുതിയ പദ്ധതികൾ വരണം. ചില കോളജുകൾക്ക് പണം അനുവദിക്കേണ്ടതായിട്ടുണ്ട്. കാർഷിക മേഖലയുടെ വികസനത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കണം. തകർന്ന് കിടക്കുന്ന റോഡുകളുടെ നവീകരണത്തിന് പ്രാധാന്യം നൽകണം. ബജറ്റിൽ നമ്മൾ കുറെ നിർദേശങ്ങൾ നല്കിയിട്ടുണ്ട്. ഇടുക്കിക്ക് ഗുണകരമായ രീതിയിലുള്ള ഒന്നായിരിക്കും ബജറ്റ് എന്നാണ് പ്രതീക്ഷയെന്നും അഡ്വ.സേനാപതി വേണു എംഎൽഎ പറഞ്ഞു.
കാർഷിക-വിദ്യാഭ്യാസ മേഖലകളിൽ വലിയ പ്രതീക്ഷ: ജില്ലയുടെ സാമ്പത്തിക സ്രോതസായ കാർഷിക മേഖല നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിലത്തകർച്ചയും വന്യജീവി ശല്യവും കാരണം ദുരിതത്തിലായ കർഷകർക്ക് ഉണർവേകാൻ പുതിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് മലയോര ജനതയുടെ പ്രതീക്ഷ. അതുപോലെ തന്നെ ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി സർക്കാർ കോളജുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി വലിയ തോതിൽ തുക വകയിരുത്തണമെന്ന ആവശ്യം ശക്തമാണ്.
ഉന്നത വിദ്യാഭ്യാസത്തിനായി ജില്ലയിലെ വിദ്യാർഥികൾ മറ്റ് ജില്ലകളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഈ ബജറ്റിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ആവശ്യങ്ങൾ കൃത്യമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി കഴിഞ്ഞ സാഹചര്യത്തിൽ വികസനത്തിന്റെ പുതിയ വാതിലുകൾ തുറക്കുമെന്ന വലിയ പ്രതീക്ഷയോടെ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഇടുക്കി ജില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR