Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 ജൂണ് (H.S.)
സംസ്ഥാനത്തിൻ്റെ ധനസ്ഥിതി ചൂണ്ടിക്കാട്ടി ധവളപത്രമിറക്കിയ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിന് ഇനി ഒരു ദിവസം ബാക്കി നിൽക്കേ സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ കേരളവും ആകാംക്ഷയിൽ. മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഏതൊക്കെ പദ്ധതികളാവും ഇടംപിടിക്കുകയെന്നും അതിൻ്റെ നടപ്പാക്കൽ നിലവിലെ ധനസ്ഥിതിയിൽ കൃത്യമായി നടക്കുമോ എന്നതും ചർച്ചയാവും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചത് കൊണ്ട് തന്നെ പദ്ധതി വിനിയോഗത്തിനുള്ള തുകകളിൽ മാറ്റം വരുത്താനാവില്ലെന്നാണ് കരുതപ്പെടുന്നത്. നിലവിലെ പദ്ധതികളിൽ മാറ്റമുണ്ടാകുമോ എന്നും കണ്ടറിയേണ്ടതുണ്ട്.
കിഫ്ബി അഴിച്ചു പണിതേക്കും
അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിന് പുറത്ത് നിന്നും കടമെടുത്ത് വമ്പൻ പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് അഴിച്ചുപണിയാനുള്ള സാധ്യത ഏറെയാണ്. ബജറ്റിന് പുറത്ത് നിന്നും ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി കിഫ്ബി ഉയർന്ന പലിശയ്ക്ക് പണം കടമെടുത്തുവെന്നുള്ള ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്.
കിഫ്ബിയുടെ ധനശേഖരണാർഥം സർക്കാർ പുറത്തിറക്കിയ മസാല ബോണ്ട് സംസബന്ധിച്ചും ആരോപണമുണ്ട്. ബജറ്റിന് പുറത്ത് നിന്ന് ഫണ്ട് കണ്ടെത്തുന്നത് കൊണ്ട് തന്നെ ഇത് സംസ്ഥാനത്തിൻ്റെ കടമെടുക്കാനുള്ള പരിധിക്ക് പുറത്താണെന്നുള്ള വാദം കേന്ദ്രം തള്ളിക്കളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കിഫ്ബി കടമെടുത്താലും അത് കടമെടുക്കൽ പരിധിയിൽ ഉൾപ്പെടും.
നിലവിൽ ഇന്ധന സെസ്, മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിയിലേക്ക്
നിലവിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തിന് ലഭിക്കുന്ന ഇന്ധന സെസ്, മോട്ടോർ വാഹന നികുതിയുടെ 50 ശതമാനം എന്നിവ കിഫ്ബിയിലേക്ക് നേരിട്ട് നൽകുകയും അതുവഴി കടമെടുത്ത തുക അതിൽ നിന്ന് തിരിച്ചടയ്ക്കുന്ന രീതിയുമാണ് അവലംബിക്കുന്നത്. എന്നാൽ അതിന് വ്യത്യാസം വന്നേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
കിഫ്ബി വായ്പകൾക്ക് സർക്കാർ തന്നെ ഗ്യാരണ്ടി നൽകുന്നതിനാൽ അതിൻ്റെ തിരിച്ചടവ് മുടക്കാനാവില്ല. സംസ്ഥാനം മുടക്കിയാൽ അത് കേന്ദ്രത്തിൻ്റെ ബാധ്യതയായി നിലനിൽക്കും. എന്നാൽ കൂടുതൽ പണം കിഫ്ബിയിലൂടെ കണ്ടെത്താൻ നിലവിലെ യുഡിഎഫ് സർക്കാർ തയാറാകുമോ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
ഉയർന്ന പലിശ സർക്കാരിന് ബാധ്യത: മേരി ജോർജ്ജ്
കിഫ്ബി വഴി ഒരുലക്ഷത്തിൽ പതിനായിരം കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടന്നുവെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്ജ് ഇടിവി ഭാരതിനോട് പറഞ്ഞു. നിലവിൽ 60000 കോടിക്ക് താഴെ മാത്രമാണ് സംസ്ഥാനത്ത് അടിസ്ഥാന സൗകര്യത്തിനായി നിക്ഷേപിച്ചത്. ബാക്കി തുക ബാങ്കിൽ തന്നെ കിടക്കുകയാണ്. അതിന് ചെറിയ പലിശ മാത്രമാണ് ലഭിക്കുന്നത്. കടം തിരിച്ചടയ്ക്കേണ്ട പലിശ ഉയർന്നതായതിനാൽ ഇത് കൊണ്ട് പരിഹരിക്കാനാവില്ല. ബദൽ സർക്കാർ പോലെയാണ് കിഫ്ബി പ്രവർത്തിച്ചത്. ഇതിനെ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും ഖജനാവിൻ്റെ ഭാരം കുറയ്ക്കണം. നിലവിൽ നേരിട്ട് കിഫ്ബിയിലേക്ക് പോകുന്ന സെസും നികുതിയും തടഞ്ഞ് അവ സർക്കാരിലേക്ക് തന്നെ വഴിതിരിച്ചു വിടണം.
നികുതി പിരിവ് ഊർജ്ജിതമാക്കണം: സ്വർണ വ്യാപാരികളുടെ നികുതി വെട്ടിപ്പ് തടയണം
സംസ്ഥാനത്ത് നികുതി പിരിവ് ഊർജ്ജിതമാക്കണമെന്നും സ്വർണ വ്യാപാരികളുടെ നികുതി വെട്ടിപ്പ് തടയണമെന്നും ഡോ. മേരി ജോർജ്ജ് പറഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന സ്വർണത്തിൻ്റെ 20 ശതമാനവും കേരളത്തിലാണ് വിറ്റഴിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്വർണ വ്യാപാരികളെ കൊണ്ട് കൃത്യമായി നികുതി അടപ്പിക്കാനാവണം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൻ്റെ സംസ്ഥാനത്തിന് ലഭിക്കുന്ന ജിഎസ്ടി നികുതി വിഹിതം കൃത്യമായി പരിച്ചെടുത്താൽ തന്നെ ഏതാണ്ട് 40000 കോടിയോളം വരുമെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പിലായി, സ്ത്രീസുരക്ഷാ പദ്ധതിയിൽ തീരുമാനമെന്താവും?
യുഡിഎഫിൻ്റെ പ്രകടനപത്രികയിൽ ഉൾപ്പെട്ടിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ യാത്രയുടെ ഒന്നാംഘട്ടം നടപ്പിലായി. കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്രയാണ് നിലവിൽ ഉള്ളത്. മറ്റ് ബസ് സർവ്വീസുകളിലേക്ക് കൂടി വിവിധ ഘട്ടങ്ങളിലായി പദ്ധതി വ്യാപിപ്പിക്കുമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ തുടങ്ങിവെച്ച സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാവിയെന്താവുമെന്ന് ബജറ്റിൽ മാത്രമാവും അറിയാൻ കഴിയുക.
ഇതുവരെ നടപ്പാക്കിയത് മൂന്ന് വാഗ്ദാനങ്ങൾ
യുഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ മൂന്ന് വാഗ്ദാനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയത്. അതിൽ സാമ്പത്തികമായി ചെലവ് വരുന്നത് സ്ത്രീകളുടെ സൗജന്യയാത്രയും പുതുതായി തുടങ്ങിയ വയോജന വകുപ്പുമാണ്. കെ-റെയിൽ പദ്ധതി നിർത്തലാക്കുമെന്ന വാഗ്ദാനം നടപ്പാക്കിയതിൽ നിലവിലെ സർക്കാരിന് ബാധ്യതകളൊന്നും വരുന്നില്ല. എന്നാൽ പുതിയ അതിവേഗ റെയിൽ പദ്ധതി സംസ്ഥാനത്തുണ്ടാകുമോ എന്നത് ബജറ്റിലാവും അറിയാൻ കഴിയുക.
ക്ഷേമപെൻഷൻ വർധന
നിലവിൽ ക്ഷേമപെൻഷൻ തുക 2000 രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. അത് 3000 രൂപയാക്കുമെന്നാണ് യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. അത് നടപ്പിലാക്കണമെങ്കിൽ നിലവിലെ അവസ്ഥയിൽ അധിക വിഭവസമാഹരണം നടത്തേണ്ടതുണ്ട്. എന്നാൽ പെൻഷൻ വർധന വിവിധ ഘട്ടങ്ങളിലായി നടപ്പാക്കാനാവും സർക്കാർ ശ്രമിക്കുകയെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. 62 ലക്ഷം ആളുകളാണ് നിലവിൽ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങുന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ.
സാമ്പത്തിക നില മെച്ചപ്പെട്ടെന്ന് പ്രതിപക്ഷം
സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തകാവസ്ഥ മെച്ചപ്പെട്ടതാണെന്ന വാമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അതുകൊണ്ട് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കൊന്നും വെട്ടിക്കുറവ് വരുത്തരുത്. രണ്ട് മാസം കൊണ്ട് നികുതിയിനത്തിൽ 5629 കോടി രൂപ അധികമായി ലഭിച്ചുവെന്നും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അവർ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ പത്രസമ്മേളനം നടത്തിയ മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് തുക എടുത്ത് പറഞ്ഞ് പ്രസ്താവന നടത്തിയിട്ടുള്ളത്. ധവളപത്രത്തിൽ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR