Enter your Email Address to subscribe to our newsletters

Ernakulam , 17 ജൂണ് (H.S.)
സിഎംആര്എല് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെ മകൾ വീണ വിജയനെ ഇഡി ചോദ്യം ചെയ്തത് എട്ടു മണിക്കൂറോളം. കൊച്ചിയിലെ ഇഡി ഓഫിസിൽ വച്ച് നടന്ന ചോദ്യം ചെയ്യൽ ഇത്ര നീണ്ടുനിന്നത്. സിഎംആർഎല്ലുമായി (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ഇഡിയുടെ നടപടി. രാവിലെ പത്തരയോടെ ഇഡി ഓഫിസില് എത്തിയ വീണ രാത്രി എട്ടു മണിയോടെയാണ് മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന് വീണ തയാറായില്ല. വീണയുടെ മൊഴി വിലയിരുത്തിയ ശേഷമായിരിക്കും ഇഡി തുടർ നടപടികൾ സ്വീകരിക്കുക.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശം നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി 74 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് വീണ പ്രധാനമായും ബോധിപ്പിക്കേണ്ടി വന്നത്. ഈ തുക ഏതൊക്കെ വഴിയിലൂടെ വന്നു, എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളിൽ ഇഡി വിശദമായ മറുപടി തേടി.
കേസിൽ അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) പക്കലുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 134 രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 2016-17 കാലയളവിലാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ ആരംഭിക്കുന്നത്. 2016ൽ ആദ്യ കരാറിലും 2017ൽ മറ്റൊരു കരാറിലും ഇരു കമ്പനികളും ഒപ്പുവച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന സാമ്പത്തിക വിനിമയങ്ങളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ കുടുംബത്തിന് ഓഹരിയുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് വീണ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇഡി പരിശോധിച്ചു.
കഴിഞ്ഞ ദിവസം ശശിധരൻ കർത്തായുടെ ഭാര്യ ജയ കർത്താ, മകൻ ശരൺ കർത്താ, മകൾ ഷിബി കർത്താ എന്നിവർ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായിരുന്നു. ഇവർ നൽകിയ മൊഴികളും വീണയുടെ മറുപടികളും അന്വേഷണ സംഘം ഒത്തുനോക്കും. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് മൂന്ന് ആഴ്ച മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡിവിഷൻ ബെഞ്ചും ഈ നടപടി ശരിവച്ചു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ഇഡി യൂണിറ്റ് വിശദമായ പരിശോധന ആരംഭിച്ചത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്, വീണയുടെ വീട് ഉൾപ്പെടെ 12 ഇടങ്ങളിൽ അന്വേഷണ സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു. അന്ന് വീണയെ പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. നിലവിൽ വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച അവസ്ഥയിലാണ്. മാസങ്ങളായി തുടരുന്ന അന്വേഷണത്തിൽ ഇന്ന് ലഭിച്ച വിവരങ്ങൾ നിർണായകമാകും. ചോദ്യം ചെയ്യലിന് ശേഷമുള്ള തുടർനടപടികൾ ഇഡി വരും ദിവസങ്ങളിൽ തീരുമാനിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR