Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ജൂണ്‍ (H.S.)
തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ വിചാരണ പൂര്‍ത്തിയാകാതെ കെട്ടിക്കിടക്കുന്നു. 74 കേസുകളാണ് സര്‍ക്കാരിന്റെ വിചാരണാനുമതിക്കായി കാത്തിരിക്കുന്നത്. ഇതുമൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളില്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുന്നതിന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കഴിയാത്ത അവസ്ഥയാണ്
ഇവയില്‍ ചില കേസുകള്‍ എട്ട് വര്‍ഷത്തോളമായി. വിചാരണാനുമതിക്കായുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ തീരുമാനം അനിശ്ചിതമായി നീളുന്നതുകൊണ്ട് ഈ ഫയലുകള്‍ വിജിലന്‍സിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ കിടക്കുകയാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 19 അനുസരിച്ച്, ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളില്‍ നിന്നുള്ള അനുമതിയില്ലാതെ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ കോടതികള്‍ക്ക് പരിഗണിക്കാന്‍ കഴിയില്ല.
ഇതില്‍ 72 കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതാണെന്നും, ബാക്കിയുള്ളവ ഓള്‍ ഇന്ത്യ സര്‍വീസ് (എഐഎസ്) ഉദ്യോഗസ്ഥനും ഒരെണ്ണം ഗ്രൂപ്പ് ബി ഉദ്യോഗസ്ഥനുമെതിരെയുള്ളതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എഐഎസ്, ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് വിചാരണാനുമതി നല്‍കേണ്ടത്. എന്നാല്‍, ഇതിനായുള്ള അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് അയച്ചിട്ടുപോലുമില്ലെന്നാണ് വിവരം.
സാധാരണ സാഹചര്യങ്ങളില്‍, മൂന്ന് മുതല്‍ ആറ് മാസത്തിനകം അനുമതി ലഭിക്കേണ്ടതാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 19 (2) പ്രകാരം, കുറ്റം നടന്ന സമയത്ത് ആ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള വ്യക്തിയാണ് വിചാരണാനുമതി നല്‍കേണ്ടത്. സംസ്ഥാന വകുപ്പുകളിലെ ജീവനക്കാരുടെ കാര്യത്തില്‍, വകുപ്പ് മേധാവികളാണ് (ഭൂരിഭാഗവും ഐഎഎസ് ഉദ്യോഗസ്ഥരോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ) ഈ അനുമതി നല്‍കേണ്ടത്.
എന്നാല്‍ വകുപ്പ് മേധാവികള്‍ ഈ അപേക്ഷകളില്‍ തീരുമാനമെടുക്കാതെ ഫയലുകള്‍ കൈവശം വെക്കുകയാണ് ചെയ്യുന്നതെന്നും പേര് വെളിപ്പെടുത്താതെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി തേടുന്നത്. ബന്ധപ്പെട്ട വകുപ്പ് മേധാവിയെ സമീപിക്കുന്നതിന് മുമ്പ് നിയമോപദേശവും തേടാറുണ്ട്. എന്നിട്ടും, അനുമതി നല്‍കാന്‍ സര്‍ക്കാര്‍ മടി കാണിക്കുകയാണ്. ഇത് അഴിമതിക്കേസുകളില്‍ നീതി നടപ്പാക്കുന്നതിന് തടസ്സമാകുന്നു, ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിത്തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും
നിരവധിത്തവണ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതാണ്. പുതിയ സര്‍ക്കാരിന്റെ മുന്നിലും ഇതേ ആവശ്യങ്ങള്‍ മുന്നോട്ടു വെക്കണം. എല്ലാ വകുപ്പ് സെക്രട്ടറിമാരേയും ഉള്‍പ്പെടുത്തി ഒരു ഏകോപന യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ആലോചിക്കുന്നതെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S