Enter your Email Address to subscribe to our newsletters

Kozhikode , 18 ജൂണ് (H.S.)
തിരുവമ്പാടി മറിപ്പുഴ സംസ്ഥാന പാതയുടെ നിർമാണത്തിന്റെ ഭാഗമായി മുത്തപ്പൻ പുഴയിൽ നിർമിക്കുന്ന പാലത്തിനോട് ചേർന്നുള്ള താത്ക്കാലിക ചപ്പാത്ത് വീണ്ടും തകർന്നു. ഇന്നലെ ഉച്ച മുതൽ പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പ്രദേശവാസികളുടെ ഏക യാത്ര മാർഗമായ താത്ക്കാലിക ചപ്പാത്ത് ഒലിച്ച് പോയത്. കഴിഞ്ഞ മെയ് 22നുണ്ടായ മലവെള്ളപ്പാച്ചിലിൽ ചപ്പാത്ത് പൂർണമായും തകർന്നിരുന്നു. അതിനുശേഷം പുനർനിർമിച്ച ചപ്പാത്താണ് ഇന്നലെ മലവെള്ളപ്പാച്ചിലിൽ തകർന്നത്. ഇതോടെ മുത്തപ്പൻ പുഴ മറിപ്പുഴ ഭാഗത്ത് നിന്നുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
നിർമാണം നടക്കുന്ന തിരുവമ്പാടി, പുല്ലൂരാംപാറ, എടത്തറ, മറിപ്പുഴ റോഡിൻ്റെ അനുബന്ധമായാണ് മുത്തപ്പൻ പുഴ ജുമാ മസ്ജിദിന് സമീപം താത്ക്കാലികമായി ചപ്പാത്ത് നിർമ്മിച്ചത്. ഇന്നലെ അതിശക്തമായ മഴയാണ് വെള്ളരിമലയിൽ ഉൾപ്പെടെ പെയ്തത്. വനത്തിൽ മഴപെയ്തതോടെ മുത്തപ്പൻ പുഴയിലൂടെ മലവെള്ളം അതിശക്തമായ രീതിയിൽ കുലംകുത്തി ഒഴുകുകയായിരുന്നു. ചപ്പാത്ത് തകർന്നതിന് പുറമെ പ്രദേശത്തെ വീടുകൾക്കും മലവെള്ളപ്പാച്ചിൽ നാശനഷ്ടം വരുത്തി.
നേരത്തെ നിർമ്മിച്ച ചപ്പാത്ത് തകർന്നതോടെ ദ്രുതഗതിയിലാണ് വീണ്ടും വലിയ ട്യൂബുകൾ സ്ഥാപിച്ച ഫില്ലറുകളും സ്ലാബുകളും ഉൾപ്പെടുത്തി ചപ്പാത്ത് നിർമിച്ചിരുന്നത്. ഇതെല്ലാം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. 108. 314 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരുവമ്പാടി മറിപ്പുഴ സംസ്ഥാന പാത നവീകരിക്കുന്നത്. 2024 മാർച്ചിലാണ് നിർമാണ പ്രവർത്തി ആരംഭിച്ചത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിര്മാണം കരാർ എടുത്തത്. രണ്ട് വർഷത്തിനകം പ്രവർത്തി പൂർത്തീകരിക്കുമെന്നാണ് പദ്ധതി നിർവഹണം നടത്തുന്ന കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചിരുന്നത്. എന്നാൽ കാലാവധി പൂർത്തിയായിട്ടും റോഡ് നിർമ്മാണത്തിൽ ഇപ്പോഴും യാതൊരു പുരോഗതിയും ഇല്ല. പുല്ലൂരാംപാറ മുതൽ ആനക്കാംപൊയിൽ വരെയുള്ള ഭാഗത്ത് എത്തുന്നതിന് കാൽനട യാത്രക്കാർക്ക് പോലും വലിയ പ്രയാസമാണ് ഉണ്ടാവുന്നത്. കൂടാതെ രോഗികൾ ഉൾപ്പെടെയുള്ളവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
അതിനിടയിലാണ് മലവെള്ളപ്പാച്ചിലിൽ ഇപ്പോൾ ചപ്പാത്തും തകർന്നത്. ഇതോടെ മുത്തപ്പൻപുഴ മറിപ്പുഴ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾ മറ്റ് ഇടങ്ങളിൽ ബന്ധപ്പെടാൻ ആകാതെ ഒറ്റപ്പെട്ട നിലയിലാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പ്രദേശവാസികളുടെ ദുരിതം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR