Enter your Email Address to subscribe to our newsletters

Ernakulam , 18 ജൂണ് (H.S.)
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ 'പ്രിയദർശിനി' പദ്ധതിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയിലെ ആവശ്യങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച കോടതി, തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നതെന്നും ഈ ജനക്ഷേമ പദ്ധതി നിർത്തലാക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുകയെന്നും ഹർജിക്കാരനോട് ആരാഞ്ഞു.
കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ഹർജിക്കാരൻ്റെ വാദങ്ങളെ കോടതി ശക്തമായി ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രാഷ്ട്രീയ പാർട്ടികൾ പാലിക്കാറില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം. എന്നാൽ ഇവിടെ സർക്കാർ തങ്ങളുടെ വാഗ്ദാനം പാലിച്ച് ഉത്തരവിറക്കിയിരിക്കുന്നു. അതിനെ എങ്ങനെ തെറ്റായി കാണാനാകും? എന്ന് കോടതി ചോദിച്ചു. ഇത് സാധാരണക്കാരായ തൊഴിലെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സഹായകരമാകുന്ന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു.
വരുമാന പരിധിയില്ലാതെ ആനുകൂല്യം നൽകുന്നത് ചോദ്യം ചെയ്തപ്പോൾ, ഈ പദ്ധതിയുടെ പ്രയോജനം യഥാർഥത്തിൽ ലഭിക്കുന്നത് സാധാരണക്കാരായ പാവപ്പെട്ട യാത്രക്കാർക്കല്ലേ എന്ന് കോടതി ചോദിച്ചു.
എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക സ്ഥിതിയോ, താമസ യോഗ്യതയോ, കൃത്യമായ ക്ഷേമ ലക്ഷ്യങ്ങളോ നിശ്ചയിക്കാതെ, കേവലം ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്ജിക്കാരന് വാദിച്ചു. ഇത് കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു. കൃത്യമായ നയപഠനമോ സാമൂഹിക-സാമ്പത്തിക ആഘാത വിലയിരുത്തലോ നടത്താതെയാണ് പുതിയ സർക്കാർ അധികാരമേറ്റ ആദ്യ നാളുകളിൽത്തന്നെ ഈ ഉത്തരവ് പുറത്തിറക്കിയത്. നിലവിൽത്തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് മേൽ ഈ പദ്ധതി പ്രതിദിനം 2 കോടി രൂപയോളം അധിക ബാധ്യത വരുത്തിവെക്കുമെന്നും ഇത് നികുതിപ്പണത്തിൻ്റെ ദുരുപയോഗമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണവും സ്ത്രീകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കലുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേരളത്തിൽ മാത്രമല്ല ഇത്തരമൊരു പദ്ധതി നിലവിലുള്ളത്. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ്, തെലങ്കാന തുടങ്ങിയ ഏഴോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ജൂൺ 15-നാണ് യുഡിഎഫ് സർക്കാരിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'പ്രിയദർശിനി' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ ഈ ആനുകൂല്യം മൂലം കോർപ്പറേഷനുണ്ടാകുന്ന നഷ്ടം സർക്കാർ പ്രത്യേക ഫണ്ട് വഴി നികത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗത്തിൻ്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കേസ് അന്തിമ വിധി പ്രസ്താവിക്കാനായി ഹൈക്കോടതി മാറ്റിവെച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR