Enter your Email Address to subscribe to our newsletters

Pathanamthitta , 18 ജൂണ് (H.S.)
പിണറായി സർക്കാരിൻ്റെ കാലത്ത് നടന്ന ഏറെ വിവാദമായ ആഗോള അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പ് ചെലവുകൾ സംബന്ധിച്ച് ഊരാളുങ്കൽ ആവശ്യപ്പെട്ട തുക ഇതുവരെയും അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രിയെ കണ്ട് പരാതിയറിയിക്കാൻ സ്ഥാപന അധികൃതർ.
രണ്ടാഴ്ച്ചയ്ക്കുള്ളിൽ മന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്താവും കൂടിക്കാഴ്ച്ചയെന്ന് ഊരാളുങ്കലിൻ്റെ ഈവൻറ് മാനേജ്മെൻ്റ് കമ്പനിയായ ഐഐഐസിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻറ് കൺസ്ട്രക്ഷന്) ഉദ്യോഗസ്ഥൻ പറഞ്ഞു.
തരാനുള്ള പണത്തിൽ വിട്ടുവീഴ്ച്ച ചെയ്യില്ല
ആഗോള അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നൽകാനുള്ള തുകയിൽ വിട്ടുവീഴ്ച്ച ചെയ്യാനില്ലെന്ന നിലപാടിലാണ് ഐഐഐസി ഉള്ളത്. ആകെ 7,04,99,367 കോടി രൂപയാണ് കമ്പനി ചെലവഴിച്ചത്. ഇത് മുഴുവൻ ലഭിക്കണമെന്നതാണ് കമ്പനിയുടെ നിലപാട്.
എന്നാൽ 7.04 കോടിക്ക് പകരം 4.99 കോടി മാത്രമേ നൽകാനാകൂവെന്നാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. അയ്യപ്പ സംഗമത്തിൻ്റെ എസ്റ്റിമേറ്റ് ദേവസ്വം കമ്മീഷണർ ഏഴ് കോടിയിൽ നിന്ന് നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ഈ തുക നൽകിയാൽ മതിയെന്നാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.
ഇതുവരെ നൽകിയത് 3.69 കോടി
ഇതുവരെ സർക്കാർ ഊരാളുങ്കലിന് നൽകിയത് 3.69 കോടി മാത്രമാണ്. ഇതിന് പുറമേ 55 ലക്ഷം കൂടി കൈമാറിയിരുന്നു. സ്പോൺസർഷിപ്പ് തുകയിൽ നിന്നാണ് പണം നൽകിയത്. ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക്,അദാനി ഗ്രൂപ്പ് എന്നീ സ്പോൺസർമാരിൽ നിന്നായി കിട്ടിയത് 3.85 കോടി മാത്രണെന്നും ഇവൻറ് മാനേജ്മെൻറ് കമ്പനിക്ക് നൽകാനുളളതും താമസച്ചെലവുമടക്കം ബോർഡ് കണക്കാക്കിയ 4.99 കോടിയിലെത്താൻ ഇനിയും സ്പോൺസർമാരെ കണ്ടെത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ദേവസ്വം ബോർഡിൻ്റെ നിലപാട്. ഇതിന് ശേഷം പണമൊന്നും ഇതുവരെ ബോർഡ് കൈമാറിയിട്ടില്ല.
ബോർഡിന് മുമ്പിൽ കണക്കുകൾ അവതരിപ്പിച്ച് കമ്പനി
തെരഞ്ഞെടുപ്പിന് മുമ്പ് ബോർഡ് യോഗത്തിൽ കമ്പനി പ്രതിനിധികൾ കിട്ടാനുള്ള കണക്കിൻ്റെ തുക അവതരിപ്പിച്ചുവെന്നും ഐഐഐസിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അന്ന് അനുകൂലമായി എല്ലാവരും പ്രതികരിച്ചെങ്കിലും ഇത് വരെ ബാക്കി പണം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനി ആകെ കൊടുക്കാനുള്ളത് 4,35,13,259 കോടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്
ആഗോള അയ്യപ്പസംഗമത്തിൽ പന്തലൊരിക്കിയതിലും അതിഥികൾക്ക് താമസിക്കാനായി ഹോട്ടൽ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ചാർട്ടേഡ് അക്കൗണ്ട് തയ്യാറാക്കി സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറിയ റിപ്പോർട്ടിലാണ് പരാമർശമുള്ളത്.
ആഗോള അയ്യപ്പ സംഗമത്തിനുള്ള പന്തൽ നിർമിച്ച ഊരാളുങ്കലിൻ്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻറ് കൺസ്ട്രക്ഷന് 4.04 കോടിയാണ് നൽകാനുള്ളത്. ഇതിന് പുമേ വിവിധ ഹോട്ടലുകൾക്കും തുക നൽകാനുണ്ട്.
തുക നൽകാനുള്ള ഹോട്ടലുകൾ
- കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ട് -12,88,168 രൂപ
- ഗവ. ഇക്കോ ലോഡ്ജ്- 39,018 രൂപ
- ഗ്രീൻഫീൽഡ്സ്, കുരമകം- 18,513 രൂപ
- ഗസ്റ്റ് ഹൗസ് , തിരുവനന്തപുരം-15,800 രൂപ
- കെ.ടി.ഡി.സി. കുമരകം ഗേറ്റ് വേ 64376രൂപ
- കെ.ടി.ഡി.സി. വാട്ടർ സ്കേപ്സ് കുരകം-29,8311 രൂപ
- ശ്രീവത്സം ഗ്രാൻഡ്, പത്തനംതിട്ട-26,942രൂപ
- താജ് കുമരകം-52, 4776 രൂപ
- വൈൽഡ് മിസ്റ്റ് ഹോം സ്റ്റേ, മൂന്നാർ- 25,300 രൂപ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR