സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ
Thiruvananthapuram , 18 ജൂണ് (H.S.) സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് നിർദേശം നൽകി. കേരള ക്രിക്കറ്
Human rights commission


Thiruvananthapuram , 18 ജൂണ് (H.S.)

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് നിർദേശം നൽകി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിൽ ക്രിക്കറ്റ് പഠിക്കാൻ വരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷൻ്റെ ഉത്തരവ്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയത്ത് മുതിർന്ന വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണം. ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ അവർ താത്പ്പര്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണം.

അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവ പരിശോധിച്ച് അസ്വാഭാവിക പ്രവർത്തികൾ കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണം. പരിശീലകർക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറണം.

ക്രിക്കറ്റ് അസോസിയേഷനുകളിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

ആരോപണവിധേയനായ പരിശീലകൻ പോക്സോ കേസിൽ വിചാരണ നേരിടുന്നയാളായതിനാൽ മറ്റ് അസോസിയേഷനുകളുമായി സഹകരിക്കരുതെന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ നിർദേശം ജില്ലാ അസോസിയേഷനുകൾ നടപ്പാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടപ്പാക്കാൻ ഉദേശിക്കുന്ന മറ്റ് നടപടികൾ ഇവയാണ്. കേരള ക്രിക്കറ്റ് അസോസിയേഷനിലോ ജില്ലാ അസോസിയേഷനിലോ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.

പെൺകുട്ടികൾക്കായി ‘ചൈൽഡ് പ്രൊട്ടക്ഷൻ പോളിസി’

പെൺകുട്ടികൾക്ക് പൂർണ സംരക്ഷണം ഒരുക്കാൻ ‘ചൈൽഡ് പ്രൊട്ടക്ഷൻ പോളിസി’ക്ക് രൂപം നൽകും. കേരള ക്രിക്കറ്റ് അസോസിയേഷനിലെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെയും ജീവനക്കാർക്ക് കൗൺസിലിങ് നൽകും. തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനം തടയാൻ ഇൻ്റേണൽ കംപ്ലെയിൻ്റ് കമ്മിറ്റിക്ക് രൂപം നൽകും. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ ഈ നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് കമ്മിഷൻ നിർദേശം നൽകി. കേരള ക്രിക്കറ്റ് അസോസിയേഷനിലെ യുവ പരിശീലകർക്ക് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് ബോധവത്ക്കരണം നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അസിസ്റ്റൻ്റ് കോച്ചായ യുവാവിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പീഡനാരോപണം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ അതീവ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. പരിശീലകനെതിരെ 6 കേസുകളാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News