Enter your Email Address to subscribe to our newsletters

Kottayam , 18 ജൂണ് (H.S.)
ദക്ഷിണ സുഡാനിൽനിന്നെത്തിയ 54കാരിയെ എബോള സംശയത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ച വലവൂർ സ്വദേശിയായ ഇവരെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പനിയെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു ഇവർ. എബോള ലക്ഷണങ്ങളാണെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പ് ഇടപെട്ട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇവർ പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ കർശന നിരീക്ഷണത്തിലാണ്. രോഗിയുടെ രക്തസാമ്പിളുകൾ ശേഖരിച്ച് എബോള വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
സാധാരണ എബോള രോഗികൾക്ക് ഉണ്ടാകുന്ന മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നും ഇവർക്കില്ല. പനിയിൽ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്തേക്ക് അയച്ച സാമ്പിൾ ഫലം ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. പരിശോധനാഫലം വന്നശേഷം തുടർചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.
രോഗം സ്ഥിരീകരിച്ചിട്ടില്ലസംസ്ഥാനത്ത് എബോള നിരീക്ഷണത്തിൽ കഴിയുന്ന രോഗിയെ കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയെന്നും ഫലം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രോഗിക്ക് എബോളയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിരോധത്തിൻ്റെ ഭാഗമായി പരിസര ശുചീകരണം ഊർജിതമാക്കാനും എല്ലായിടങ്ങളിലും പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കോട്ടയത്ത് എല്ലാവിധ സംവിധാനങ്ങളും സജ്ജമാണ്. ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എന്നാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
എബോള: ലക്ഷണങ്ങളും പ്രതിരോധവുംമനുഷ്യരിൽ അതിഗുരുതരമായ പനിയും രക്തസ്രാവവും ഉണ്ടാക്കുന്ന മാരക വൈറസ് രോഗമാണ് എബോള. രോഗബാധിതരായ മൃഗങ്ങളുടെയോ മനുഷ്യരുടെയോ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. വായുവിലൂടെയോ കൊതുക് വഴിയോ രോഗം പടരില്ല. വവ്വാലുകൾ, കുരങ്ങുകൾ തുടങ്ങിയ രോഗബാധയുള്ള വന്യമൃഗങ്ങളിൽനിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. രോഗം ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകളിൽ സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ എളുപ്പത്തിൽ പകരാൻ സാധ്യതയുണ്ട്.
രോഗാണുബാധയേറ്റ് രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഉയർന്ന പനി, കടുത്ത തലവേദന, പേശിവേദന, തൊണ്ടവേദന, കടുത്ത ഛർദി, വയറിളക്കം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ആന്തരികമായും ബാഹ്യമായും രക്തസ്രാവം ഉണ്ടാകാം. നിലവിൽ എബോള പൂർണമായി ഭേദമാക്കാൻ പ്രത്യേക മരുന്നുകൾ ലഭ്യമല്ലെങ്കിലും പ്രതിരോധ വാക്സിനുകളും ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സകളും ലഭ്യമാണ്. രോഗബാധിതരുമായി സമ്പർക്കം പുലർത്താതിരിക്കുകയും കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രധാന പ്രതിരോധ മാർഗം.
വിദേശത്ത് എബോള കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സംസ്ഥാനത്തുടനീളമുള്ള ആശുപത്രികൾക്ക് നേരത്തെതന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ശക്തമായ മുന്നൊരുക്കങ്ങളാണ് സർക്കാർ തലത്തിൽ നടത്തിയിട്ടുള്ളത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കാനും സംശയാസ്പദമായ സാഹചര്യങ്ങളിൽ യാത്രക്കാരെ ഐസൊലേഷനിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR