മരുന്നിനെ പ്രതിരോധിക്കാനുള്ള മലേറിയ പാരസൈറ്റുകളുടെ കഴിവ് കണ്ടെത്തി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ (ബ്രിക്-ആർജിസിബി) മലയാളി ശാസ്ത്രജ്ഞർ
Thiruvananthapuram , 18 ജൂണ് (H.S.) മരുന്നിനെ പ്രതിരോധിക്കാനുള്ള മലേറിയ പാരസൈറ്റുകളുടെ കഴിവ് കണ്ടെത്തി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ (ബ്രിക്-ആർജിസിബി) മലയാളി ശാസ്ത്രജ്ഞർ. ജനിതകമാറ്റത്തിലൂടെ മലേറിയ പാരസൈറ്റുകൾ ആർജിച്ചെടുത്തെന്നു കരുതുന്
MALARIA PARASITES DISCOVERY


Thiruvananthapuram , 18 ജൂണ് (H.S.)

മരുന്നിനെ പ്രതിരോധിക്കാനുള്ള മലേറിയ പാരസൈറ്റുകളുടെ കഴിവ് കണ്ടെത്തി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ (ബ്രിക്-ആർജിസിബി) മലയാളി ശാസ്ത്രജ്ഞർ. ജനിതകമാറ്റത്തിലൂടെ മലേറിയ പാരസൈറ്റുകൾ ആർജിച്ചെടുത്തെന്നു കരുതുന്ന കഴിവ് നശിപ്പിച്ചാൽ മരുന്നിലൂടെ മലേറിയ സമ്പൂർണമായി ഭേദമാക്കാമെന്ന വിശ്വാസത്തിലാണ് ശാസ്ത്രസമൂഹം.

മലേറിയക്കെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ആർട്ടെമിസിനിനെ പാരസൈറ്റുകൾ അതിജീവിക്കുന്നത്, പുതിയ കണ്ടെത്തലിലൂടെ തടയാനാകും. ആർജിസിബിയിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാജേഷ് ചന്ദ്രമോഹനദാസിൻ്റെ നേതൃത്വത്തിൽ നടന്ന പഠനറിപ്പോർട്ട് ദ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിൽ എഡിറ്റേഴ്സ് ചോയ്സ് ലേഖനമായി പ്രസിദ്ധീകരിച്ചു.

പഠനം ആരംഭിച്ചത് ചികിത്സ ഫലിക്കാത്തതിനാൽമെച്ചപ്പെട്ട ചികിത്സയും മരുന്നും നൽകിയിട്ടും ചിലരിൽ മലേറിയ ഭേദമാക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് പാരസൈറ്റുകളുടെ ഘടനയെക്കുറിച്ച് പഠനം ആരംഭിച്ചത്. 'റെറ്റിക്യുലോസൈറ്റുകൾ' എന്നറിയപ്പെടുന്ന പുതുതായി രൂപംകൊള്ളുന്ന ചുവന്ന രക്താണുക്കൾ സൃഷ്ടിക്കുന്ന സംരക്ഷിത ബയോകെമിക്കൽ അന്തരീക്ഷം കാരണം മലേറിയ പാരസൈറ്റുകൾക്ക് മരുന്നിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയത്.

മലേറിയ പാരസൈറ്റിനുള്ളിലെ ജനിതക മാറ്റങ്ങൾ മാത്രമാണ് ആർട്ടെമിസിനിൻ പ്രതിരോധത്തിന് കാരണമെന്ന നിലവിലുള്ള കാഴ്ചപ്പാടിനെ പഠനം വെല്ലുവിളിക്കുന്നു. ഏതുതരം കോശങ്ങളിലാണ് മലേറിയ പാരസൈറ്റ് ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണ് ആർട്ടെമിസിനിന് പ്രവർത്തിക്കാൻ കഴിയുന്നതെന്ന് പഠനത്തിൽ വിശദമായി പറയുന്നു. രോഗിയുടെ ജനിതക ഘടനയ്ക്ക് പുറമെ അത് ബാധിക്കുന്ന ആതിഥേയ കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളേയും ആശ്രയിച്ചായിരിക്കും രോഗമുക്തി.

ചികിത്സ നൽകിയിട്ടും ചിലരിൽ മലേറിയ അണുബാധ ഭേദമാക്കാൻ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഈ കണ്ടെത്തലുകൾ സഹായകമാകുമെന്ന് ബ്രിക്-ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു.

തിരുവനന്തപുരം ഐസർ, തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രി, പൂനെയിലെ സിഎസ്ഐആർ നാഷനൽ കെമിക്കൽ ലബോറട്ടറി (എൻസിഎൽ) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ബ്രിക്-ആർജിസിബിയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയത്. ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിരുന്ന ഗവേഷണ സംഘത്തിൽ ക്രിസ്റ്റീൻ ഡേവിസ്, ലക്ഷ്മി എന്നിവരുമുണ്ടായിരുന്നു.

കണ്ടെത്തിയത് ചുവന്ന രക്താണുക്കളുടെ പ്രവർത്തനംഏതുതരം കോശങ്ങളെയാണ് ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണ് മലേറിയ പാരസൈറ്റുകളുടെ ചികിത്സയോടുള്ള പ്രതികരണമെന്ന് പഠനം വെളിപ്പെടുത്തുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ ആർജിസിബിയിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു. കുട്ടികൾക്കും അനീമിയ ബാധിച്ചവർക്കും ശരീരത്തിലെ രക്തത്തിൻ്റെ അളവ് കുറവായവർക്കും വിവിധ അണുബാധകളിൽ നിന്ന് രോഗമുക്തി നേടിയവർക്കും ഈ പഠനം പ്രയോജനകരമാകും. ഇവരുടെയെല്ലാം രക്തത്തിൽ ഉയർന്ന അളവിൽ റെറ്റിക്യുലോസൈറ്റുകൾ കാണാറുണ്ട്. ചികിത്സയ്ക്കിടെ മലേറിയ പാരസൈറ്റുകളുടെ അതിജീവനത്തിന് ഇത്തരം സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം.

മലേറിയയ്ക്ക് കാരണമാകുന്ന പാരസൈറ്റുകൾ ചുവന്ന രക്താണുക്കൾക്കുള്ളിൽ ജീവിക്കുകയും പെരുകുകയും ചെയ്യുന്നവയാണ്. മനുഷ്യരിലെ റെറ്റിക്യുലോസൈറ്റുകളുടെ വിശകലനത്തിലൂടെ, ഇവയിൽ ആൻ്റിഓക്സിഡൻ്റുകൾ, സംരക്ഷണ എൻസൈമുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ആർജിസിബി ഗവേഷകസംഘം കണ്ടെത്തി. മലേറിയ പാരസൈറ്റുകൾ റെറ്റിക്യുലോസൈറ്റുകളെ ബാധിക്കുമ്പോൾ അവയ്ക്ക് ഈ സംരക്ഷണ അന്തരീക്ഷത്തിലേക്ക് പ്രവേശനം ലഭിക്കുന്നു. ആർട്ടെമിസിനിൻ ചികിത്സ കാരണമുണ്ടാകുന്ന വെല്ലുവിളികൾ വേഗത്തിൽ പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു.

കൊതുകാണ് വില്ലൻ: കടുത്ത പനി ലക്ഷണംകൊതുകുകളിലൂടെ പകരുന്ന അസുഖമാണ് മലേറിയ. രോഗബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകിൻ്റെ ശരീരത്തിലും പാരസൈറ്റ് പ്രവേശിക്കുന്നു. പിന്നീട് ഇതേ കൊതുക് ആരോഗ്യവാനായ ഒരു വ്യക്തിയെ കടിക്കുമ്പോൾ പാരസൈറ്റ് അയാളിലേക്കും പകരും. ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, കരളിലേക്ക് എത്തുകയും ഏകദേശം ഒരു വർഷം വരെ പ്രവർത്തനരഹിതമായി അവിടെ തുടരുകയും ചെയ്യാം. ഇവ വലുതായിക്കഴിയുമ്പോൾ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ബാധിക്കുകയും മലേറിയയുടെ ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും. അമ്മയിൽനിന്നും രക്തത്തിലൂടെ ഗർഭസ്ഥ ശിശുവിലേക്കും മലേറിയ പകരാം. കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സൂചികൾ മാറ്റി ഉപയോഗിക്കുന്നതു വഴിയും ഇതു സംഭവിക്കാം. കടുത്ത പനി, വിറയൽ, ക്ഷീണം, മറ്റ് അസ്വസ്ഥതകൾ എന്നിവയാണ് മലേറിയയുടെ സാധാരണ ലക്ഷണങ്ങൾ. ഇതുകൂടാതെ, ചിലർക്ക് തലവേദന, ഛർദി, പേശിവേദന, നെഞ്ചുവേദന, തളർച്ച, ചുമ, തുടർച്ചയായി വിയർക്കൽ എന്നിവയും അനുഭവപ്പെടാറുണ്ട്.

സ്വീകരിക്കേണ്ട മുൻകരുതലുകൾകൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ് മലേറിയ വരാതിരിക്കാനുള്ള ഏറ്റവും പ്രധാന മാർഗം. ട്രോപ്പിക്കൽ, സബ് ട്രോപ്പിക്കൽ മേഖലകളിലാണ് ഇത് കൂടുതൽ. ശരീരം മുഴുവൻ പൊതിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാതിലും ജനലുമെല്ലാം നെറ്റ് അടിച്ച് സുരക്ഷിതമാക്കാനും ശരീരത്ത് ഇൻസെക്ട് റെപ്പല്ലൻ്റുകൾ പുരട്ടാനും ശ്രദ്ധിക്കണം. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ഗർഭസ്ഥ ശിശുക്കൾ, മലേറിയ ബാധിതപ്രദേശത്തു നിന്നല്ലാതെ വരുന്ന സഞ്ചാരികൾ തുടങ്ങിയവർക്കെല്ലാം രോഗം വരാനുള്ള സാധ്യതയുണ്ട്. കുത്തിവയ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ശുചിത്വം ശ്രദ്ധിക്കണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News