നെടുങ്കണ്ടത്തെ തിരോധാനത്തിൽ പൊലീസിനെതിരെ കുടുംബം
Idukki , 18 ജൂണ് (H.S.) പാമ്പാടുംപാറ പത്തിനിപ്പാറയിൽനിന്ന് യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു. പത്തിനിപ്പാറ നിരപ്പിൽ നീതു (26), മകൾ ശിവാനി (3) എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ കാണാതായത്. സംഭവത്തിൽ പൊലീസിൻ
Nedumkandam missing case


Idukki , 18 ജൂണ് (H.S.)

പാമ്പാടുംപാറ പത്തിനിപ്പാറയിൽനിന്ന് യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു. പത്തിനിപ്പാറ നിരപ്പിൽ നീതു (26), മകൾ ശിവാനി (3) എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ കാണാതായത്. സംഭവത്തിൽ പൊലീസിൻ്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.

ഫോൺ കോളിന് പിന്നാലെ നിഗൂഢത

മകൾ ശിവാനിയെ അങ്കണവാടിയിൽ ചേർക്കുന്നതിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാനാണ് നീതു വീട്ടിൽനിന്നിറങ്ങിയത്. നെടുങ്കണ്ടം ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ ശേഷം നീതു മാതാവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ പത്ത് മിനിറ്റിനകം നീതുവിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. നെടുങ്കണ്ടം ബസ് സ്റ്റാൻഡ് പരിസരം വരെ ഇവർ എത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും, പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

രാത്രിയായിട്ടും ഇവർ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും, ഇവർ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. തുടർന്ന് നീതുവിൻ്റെ സഹോദരി നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. തമിഴ്നാട് സ്വദേശിയായ ഭർത്താവ് ശരവണനുമായി പിണങ്ങി ഒന്നര വർഷമായി നീതു പാമ്പാടുംപാറയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഭർത്താവുമായി ഇവർ യാതൊരു സമ്പർക്കത്തിലുമായിരുന്നില്ലെന്നാണ് വിവരം.

കണ്ണീരോടെ കുടുംബംമകളുടെ ഭാവി ഓർത്ത് വലിയ പ്രതീക്ഷകളോടെ കഴിഞ്ഞിരുന്ന നീതുവിനെയും കുഞ്ഞിനെയും പെട്ടെന്ന് കാണാതായത് കുടുംബത്തെ തീർത്തും തളർത്തിയിരിക്കുകയാണ്. നെടുങ്കണ്ടത്തെത്തിയ ശേഷം മകൾ ഫോണിൽ വിളിച്ചിരുന്നതായും, ഫോൺ പെട്ടെന്ന് സ്വിച്ച് ഓഫായതിൽ വലിയ ആശങ്കയുണ്ടെന്നും നീതുവിൻ്റെ മാതാവ് ലിസൺ തോമസ് പറഞ്ഞു. സാധാരണ എവിടെ പോയാലും കൃത്യമായി വിവരങ്ങൾ അറിയിക്കുന്ന പ്രകൃതമാണ് നീതുവിൻ്റേത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിൻ്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണമുണ്ടാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സഹോദരിക്കും കുഞ്ഞിനും എന്ത് സംഭവിച്ചുവെന്ന് അടിയന്തരമായി അന്വേഷിച്ച് കണ്ടെത്തണമെന്ന് സഹോദരി നീനുവും ആവശ്യപ്പെട്ടു.

പ്രതിഷേധവുമായി ജനപ്രതിനിധികൾയുവതിയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ നാട്ടുകാരും ജനപ്രതിനിധികളും വലിയ ആശങ്കയിലാണ്. വിഷയത്തിൽ നെടുങ്കണ്ടം പൊലീസിൻ്റെ ഭാഗത്തുനിന്ന് ഊർജിതമായ അന്വേഷണം ഉണ്ടാകണമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നും പഞ്ചായത്ത് അംഗം ആരിഫ അയ്യൂബ് വ്യക്തമാക്കി. പൊലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നൽകി.

അതേസമയം, ബന്ധുക്കളുടെ ആരോപണങ്ങൾ നെടുങ്കണ്ടം പൊലീസ് നിഷേധിച്ചു. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, യുവതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധനകൾക്കായി സൈബർ സെല്ലിന് കൈമാറിയതായും പൊലീസ് അറിയിച്ചു. ബസ് സ്റ്റാൻഡിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് നെടുങ്കണ്ടം പൊലീസ് വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News