Enter your Email Address to subscribe to our newsletters

Thrissur , 18 ജൂണ് (H.S.)
പി എം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിൻ്റെ നിലപാടിനെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി. ഈ പദ്ധതി കുട്ടികൾക്ക് ഗുണം ചെയ്യുന്നതാണ്. അല്ലാതെ കോൺഗ്രസ്, ബി ജെ പി ഭരണകർത്താക്കൾക്കുള്ളതല്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
''പി എം ശ്രീ കരാറിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്. പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പി എം ശ്രീ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രാഷ്ട്രീയ വിഷയമുണ്ടെങ്കിൽ അത് എൽഡിഎഫും യുഡിഎഫുമായി ചർച്ച ചെയ്ത് പരിഹരിക്കുക,'' - സുരേഷ് ഗോപി പറഞ്ഞു.
കുട്ടികൾക്ക് പ്രയോജനകരമായ നിലപാടാണ് മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഒപ്പിട്ടു ഒപ്പിട്ടില്ല എന്നൊക്കെ പറയുന്നത് വാദപ്രതിവാദങ്ങൾ മാത്രമാണ്. പി എം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും. മുൻ സർക്കാർ ഒപ്പിട്ടോ ഇല്ലയോ എന്നത് തനിക്ക് അറിയില്ല. വക്കഫ് അറബിക്കടലിൽ ചവിട്ടിത്താഴ്ത്തുമെന്ന് തങ്ങൾ പറഞ്ഞു. അത് അവിടുത്തെ ജനങ്ങൾ ചെയ്തെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രത്തിൻ്റെ പി എം ശ്രീ പദ്ധതിയില് നിന്ന് യുഡിഎഫ് സര്ക്കാര് പിന്മാറില്ലെന്നും പാഠ്യപദ്ധതി നിശ്ചയിക്കാന് സംസ്ഥാനത്തിന് സ്വാതന്ത്ര്യം നല്കുന്ന രീതിയില് ഉപാധികളോടെ പദ്ധതി നടപ്പിലാക്കാന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന് വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ എല്ലാ വശങ്ങളും പഠിക്കുന്നതിനായി നാലംഗ ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം എയിംസ് അനുവദിക്കണമെങ്കിൽ സംസ്ഥാനം ആദ്യം അഞ്ച് സ്ഥലങ്ങൾ കേന്ദ്രത്തിന് കണ്ടെത്തി നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എവിടെ വേണമെങ്കിലും തരാം എന്നല്ല. ഔദ്യോഗികമായി അഞ്ച് സ്ഥലങ്ങൾ പ്രൊപ്പോസ് ചെയ്താൽ തുടർ ചർച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എയിംസ് കൊണ്ടുവരുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞതിനകത്തും ഒരു അപാകതയുണ്ട്. സ്ഥലം എവിടെ വേണമെങ്കിലും തരാം, നിങ്ങൾ ഇനി അങ്ങ് പ്രഖ്യാപിച്ചോ എന്നല്ല. കേരളത്തിലെ ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കേന്ദ്രത്തിലേക്ക് അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം. അത് അഞ്ച് ജില്ലയായാൽ നല്ലത്. അല്ലാതെ തെരുവ് കച്ചവടം പോലെ ദാ അഞ്ച് സ്ഥലം ഉണ്ട് എടുത്തോ എന്ന് പറയാൻ പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR