പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി രൂക്ഷമാക്കി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷത്തിൻ്റെ രാജി ആവശ്യം
Kottayam, 18 ജൂണ് (H.S.) പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി രൂക്ഷമാക്കി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷത്തിൻ്റെ രാജി ആവശ്യം. കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയത്തിൽ തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി ചെയർപേഴ്സണും പിന്തുണയ്
Diya Binu Pulikkandam


Kottayam, 18 ജൂണ് (H.S.)

പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി രൂക്ഷമാക്കി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷത്തിൻ്റെ രാജി ആവശ്യം. കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയത്തിൽ തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി ചെയർപേഴ്സണും പിന്തുണയ്ക്കുന്ന അംഗങ്ങളും കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നഗരസഭയിലെ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

നഗരസഭയിൽ ചർച്ച ആരംഭിച്ച ഉടനെ അജണ്ട വായിച്ച ചെയർപേഴ്സൺ, ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയത്തിൽ തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതായി അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ചെയർപേഴ്സണ് പിന്നാലെ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും കേരള കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ ഏഴുപേരും ഇറങ്ങിപ്പോയി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്നാണ് പ്രതിഷേധിക്കാൻ തീരുമാനമെടുത്തത്. തുടർന്ന് പ്രതിപക്ഷം ഓട്ടോ സ്റ്റാൻഡ് പ്രമേയം പാസാക്കി യോഗം പിരിയുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഉചിതമായ തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഭരണപക്ഷത്തിൻ്റെ വിശദീകരണം.

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ധാർമികതയുണ്ടെങ്കിൽ ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂ പടവിൽ ആവശ്യപ്പെട്ടു. ചെയർപേഴ്സണ് ഒപ്പമുള്ള ആറ് കൗൺസിലർമാർ അവർക്ക് വിശ്വാസമില്ലെന്ന് എഴുതി നൽകിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ രാജി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യോഗത്തിനുശേഷം പുറത്തിറങ്ങിയ കോൺഗ്രസ് കൗൺസിലർമാർക്ക് ഓട്ടോറിക്ഷ തൊഴിലാളികൾ സ്വീകരണം നൽകി. മാലയിട്ടാണ് കൗൺസിലർമാരെ തൊഴിലാളികൾ സ്വീകരിച്ചത്. തൊഴിലാളികൾക്ക് വേണ്ടി ഏത് ഘട്ടം വരെയും ഒപ്പം നിൽക്കുമെന്ന് കൗൺസിലർമാർ ഉറപ്പുനൽകി. എന്നാൽ, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ഭരണസമിതി.

മോഷണ ആരോപണവും രാഷ്ട്രീയ പോരും

കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തൻ്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം രംഗത്തെത്തിയതോടെയാണ് നഗരസഭയിൽ രാഷ്ട്രീയ തർക്കം രൂക്ഷമായത്. ചെയർപേഴ്സൻ്റെ കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ മാത്രം മുന്നോട്ടുപോകുന്ന യുഡിഎഫ് ഭരണത്തിന് പുതിയ വിവാദം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിൻ്റെ ആദ്യ സൂചനയെന്നോണം ഈ മൂന്ന് സ്വതന്ത്ര കൗൺസിലർമാരും യുഡിഎഫിൻ്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്തുപോയിരുന്നു.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിലെ ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ നാടകീയ സംഭവങ്ങൾക്ക് തുടക്കമിട്ടത്. തന്നെ ദിയയുടെ പിതാവായ ബിനു പുളിക്കക്കണ്ടം മർദിച്ചു എന്ന് ആരോപിച്ച് ബിജു മാത്യൂസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ബിജു മാത്യൂസിനൊപ്പം ചെയർപേഴ്സണിൻ്റെ ചേംബറിൽ പരിശോധനയ്ക്കെത്തിയ സമയത്താണ് വാച്ച് മോഷണം പോയതായി ദിയ ആരോപിച്ചത്. താൻ ഓഫിസിലേക്ക് കയറി വന്നപ്പോൾ ബിജു മാത്യൂസ് ഓഫിസിന് സമീപം നിൽക്കുന്നുണ്ടായിരുന്നുവെന്നും, തനിക്ക് നഷ്ടപ്പെട്ട ഫയൽ പോലെ തന്നെയുള്ള ഫയലുകൾ ബിജുവിൻ്റെ കൈയിൽ കണ്ടിരുന്നുവെന്നും ദിയ പാലാ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ബിജു തന്നെയാണ് വിലപിടിപ്പുള്ള വാച്ചും ഫയലും മോഷ്ടിച്ചതെന്ന് വിശ്വസിക്കുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News