നവകേരള സദസ്സിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടിസ്.
Ernakulam , 18 ജൂണ് (H.S.) നവകേരള സദസ്സിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടിസ്. പ്രതികളായ അഞ്ച് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ സെഷൻസ് കോടതി അനുവദിച്ച മ
GUN MAN ATTACK CASE UPDATES


Ernakulam , 18 ജൂണ് (H.S.)

നവകേരള സദസ്സിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടിസ്. പ്രതികളായ അഞ്ച് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നൽകിയ അപ്പീലിലാണ് നടപടി. ഗൺമാൻ അടക്കമുള്ള ഉദ്യോഗസ്ഥരോട് ഈ മാസം 27ന് മറുപടി അറിയിക്കാൻ കോടതി നിർദേശിച്ചു.

2023 ഡിസംബറിൽ നവകേരള സദസ്സ് യാത്രയ്ക്കിടെ ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന വി.കെ ഷൈജു, ആർ. അരുൺ, വി.വി വിപിൻ, ഗൺമാനായിരുന്ന എസ്. അനിൽകുമാർ, എസ്. സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. നവകേരള സദസ്സ് എന്ന പേരിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ഇതിൻ്റെ ഭാഗമായാണ് ആലപ്പുഴയിലും കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നിറങ്ങി മർദിക്കുകയായിരുന്നു. തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ പ്രവർത്തകർ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രവർത്തകരെ ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി. സുരക്ഷാ ചുമതല ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയെന്നായിരുന്നു പ്രധാന പരാതി. സംഭവത്തിൽ ആദ്യം കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. പിന്നീട് കോടതി ഇടപെടലിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

മുൻകൂർ ജാമ്യത്തിനെതിരെ എസ്ഐടി

ലഭ്യമായ തെളിവുകളും വസ്തുതകളും പൂർണമായി അവഗണിച്ചാണ് സെഷൻസ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വ്യക്തമാക്കുന്നു. തികച്ചും അപ്രസക്തമായ കാര്യങ്ങളെ മുൻനിർത്തിയാണ് കീഴ്ക്കോടതിയുടെ നടപടി. ഗൺമാനും അകമ്പടി സേനയും മർദിക്കാൻ ഉപയോഗിച്ച സാധനങ്ങൾ ഇതിനകം തന്നെ അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാക്കി എന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ആക്രമണത്തിന് ഉപയോഗിച്ച ലാത്തിയടക്കമുള്ളവ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

തെളിവുകൾക്ക് വിരുദ്ധവും തെറ്റായ വിവരങ്ങൾ മുൻനിർത്തിയുള്ളതുമാണ് സെഷൻസ് കോടതിയുടെ കണ്ടെത്തലുകൾ എന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കേസിൻ്റെ അന്വേഷണം പൂർണമാവുകയുള്ളൂ. അതിനാൽ പ്രതികൾക്ക് അനുവദിച്ച മുൻകൂർ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. സംസ്ഥാനത്തൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ച സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായ കോടതി വിധി നേരത്തെ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News