Enter your Email Address to subscribe to our newsletters

Ernakulam , 18 ജൂണ് (H.S.)
ശബരിമല സ്വർണ്ണക്കവർച്ചകേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ചു. എസ്.ഐ.ടി തലവൻ എസ്.പി, എസ്. ശശിധരൻ നേരിട്ടെത്തിയാണ് അന്വേഷണ പുരോഗതി അറിയിച്ചത്. പ്രഭാമണ്ഡലത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചകാര്യം എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ശ്രീകോവിലിനുള്ളിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചതായും കട്ടിളപ്പാളിയിൽ നിന്നുള്ള കൂടുതൽ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ അനുമതി വേണമെന്നും സീൽ ചെയ്ത കവറിലെ റിപ്പോർട്ടിൽ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.
2025 ൽ ദ്വാരപാലകപാളികൾ ചെന്നൈയിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണം വിവരങ്ങളും ദേവസ്വം ബെഞ്ചിനെ അറിയിച്ചു. ഇതിൻ്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. അന്വേഷണം ആരംഭിച്ച് ഏഴ് മാസം പിന്നിട്ടിട്ടും ശബരിമല സ്വർണ്ണക്കവർച്ചയിൽ എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
കേസിലെ ഇതുവരെയുള്ള അന്വേഷണ വിവരങ്ങളും കണ്ടെത്തിയ കാര്യങ്ങളും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. മുൻപ് കോടതി നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സംഘം അറിയിച്ചു.
സന്നിധാനത്തെ അടിയന്തര പരിശോധന
കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ എസ്ഐടി സംഘം സന്നിധാനത്ത് എത്തി അതീവ രഹസ്യമായി പരിശോധന നടത്തിയിരുന്നു. മിഥുനമാസ പൂജകൾക്കായി നടതുറന്ന സമയത്താണ് ഈ പരിശോധന നടന്നത്. വിദഗ്ധരുടെ സഹായത്തോടെ ശ്രീകോവിലിലെ പ്രഭാമണ്ഡലം, കട്ടിളപ്പാളി എന്നിവ ഇളക്കി മാറ്റി അളവും തൂക്കവും കൃത്യമായി തിട്ടപ്പെടുത്തിയാണ് സംഘം സാമ്പിളുകൾ ശേഖരിച്ചത്.
'സ്ട്രിപ്പിങ് സാൾട്ട്' മാജിക്: തട്ടിപ്പ് നടന്നത് ഇങ്ങനെ
ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ വച്ചാണ് സ്വർണ്ണം പൂശിയ പാളികളിൽ നിന്ന് വലിയ തോതിൽ സ്വർണ്ണം തട്ടിയെടുത്തത്. മുംബൈയിൽ നിന്ന് എത്തിച്ച പ്രത്യേക തരം ഉപ്പ് (സ്ട്രിപ്പിങ് സാൾട്ട്) ഉപയോഗിച്ചാണ് പാളികളിലെ സ്വർണ്ണം വേർതിരിച്ചെടുത്തത്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് ലഭിച്ച പരിശോധനാ ഫലം അനുസരിച്ച്, ചെമ്പ് പാളികൾ മാറ്റിയിട്ടില്ലെന്നും അതിന്മേൽ പൂശിയിരുന്ന സ്വർണ്ണം മാത്രമാണ് കെമിക്കൽ ഉപയോഗിച്ച് മോഷ്ടിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
ഉന്നതരിലേക്ക് നീളുന്ന അന്വേഷണം
വ്യവസായി വിജയ് മല്യ മുൻപ് നടയ്ക്ക് വെച്ച സ്വർണപ്പാളികളിൽ നിന്നാണ് ഇത്തരത്തിൽ കവർച്ച നടത്തിയത്. കേസിൽ മുൻപ് അറസ്റ്റിലായ തന്ത്രി സഹായിയായ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള 12 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. എന്നാൽ, ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഈ പണികൾ ചെന്നൈയിലേക്ക് മാറ്റാൻ അനുവാദം നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരിലേക്കും മുൻ ഭാരവാഹികളിലേക്കും അന്വേഷണം ശക്തമാക്കാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനയിലൂടെ യഥാർത്ഥത്തിൽ എത്ര ഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. ലാബ് റിപ്പോർട്ടുകളുടെ പൂർണ്ണവിവരങ്ങൾ വിശകലനം ചെയ്ത ശേഷം എസ്ഐടി വൈകാതെ തന്നെ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR