Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 ജൂണ് (H.S.)
സംസ്ഥാനത്ത് മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾ അതിരൂക്ഷമായി പടരുന്നു. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം മുൻവർഷങ്ങളേക്കാൾ ഗുരുതരമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതാണ് രോഗവ്യാപനം ഇത്രത്തോളം രൂക്ഷമാകാൻ കാരണമായത്.
ഇന്നലെ മാത്രം 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടക്കം കടക്കുന്നത് ആരോഗ്യവകുപ്പിനെ കുഴക്കുന്നുണ്ട്. ഈ മാസം കഴിഞ്ഞ 17 ദിവസത്തിനുള്ളിൽ 91 പേർക്കാണ് രോഗം ബാധിച്ചത്. ഈ വർഷം ഇതുവരെ ആറ് ഷിഗെല്ല മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ അഞ്ചെണ്ണവും സംഭവിച്ചത് കഴിഞ്ഞ 17 ദിവസത്തിനുള്ളിലാണ് എന്നത് സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒരു ഷിഗെല്ല മരണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. മാത്രമല്ല, കഴിഞ്ഞ വർഷത്തെ ആകെ രോഗബാധിതരുടെ എണ്ണത്തേക്കാൾ ഇരട്ടിയിലധികം കേസുകളാണ് ഈ വർഷം പകുതിയാകുമ്പോഴേക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻകാലങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന രോഗം ഇപ്പോൾ ഒട്ടുമിക്ക ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല പ്രധാനമായും പടരുന്നത്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നൽകുന്ന വെൽക്കം ഡ്രിങ്കുകൾ, ജ്യൂസുകൾ തുടങ്ങിയ ശീതളപാനീയങ്ങളിൽ നിന്നാണ് രോഗം കൂടുതലായി പകരുന്നതെന്ന് ആരോഗ്യ വിദഗ്ധർ സംശയിക്കുന്നു. ഇത്തരം പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് രോഗവാഹകരാകാൻ വലിയ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഐസ് ഫാക്ടറികൾ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇതിനുപുറമെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകളിലെ കുടിവെള്ള സ്രോതസ്സുകളിലും പരിശോധന കർശനമാക്കും. ഹോട്ടലുകളിലും ശീതളപാനീയ വിൽപന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്താനും കർശന നടപടികൾ സ്വീകരിക്കും.
ഡെങ്കിപ്പനിയും എലിപ്പനിയും ഭീഷണി
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും സംസ്ഥാനത്ത് വലിയ ഭീഷണിയുയർത്തുന്നുണ്ട്. ഇന്നലെ മാത്രം 105 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 1029 പേർക്ക് രോഗം ബാധിച്ചു. ഇന്നലെ 313 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും രണ്ട് ഡെങ്കിപ്പനി മരണങ്ങൾ സംശയിക്കുകയും ചെയ്യുന്നുണ്ട്.
2023ൽ ഉണ്ടായതിന് സമാനമായ വലിയൊരു ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. എലിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. ഇന്നലെ 19 പേർക്കും ഈ മാസം ഇതുവരെ 149 പേർക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
തീവ്ര ശുചീകരണ യജ്ഞം
മഴക്കാലപൂർവ ശുചീകരണത്തിലുണ്ടായ വീഴ്ച നികത്താൻ ആരോഗ്യവകുപ്പ് ഇപ്പോൾ തീവ്ര ശുചീകരണ യജ്ഞത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫിസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാനാണ് നിർദേശം. തുടർ നടപടികൾക്കും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എംപവർ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയാൻ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ ഒരു കാരണവശാലും സ്കൂളുകളിലേക്ക് അയക്കരുത്. കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും പൂർണമായും ശുദ്ധമാണെന്നും അതിൽ അണുബാധയില്ലെന്നും ഉറപ്പുവരുത്തണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR