ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞാലും രാജ്യത്ത് ഇന്ധനവില ഉടനടി കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം സഹമന്ത്രി സുരേഷ് ഗോപി.
Thrissur , 18 ജൂണ് (H.S.) ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞാലും രാജ്യത്ത് ഇന്ധനവില ഉടനടി കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം സഹമന്ത്രി സുരേഷ് ഗോപി. വില കുറഞ്ഞ ഇന്ധനം ഇന്ത്യയിൽ എത്തിച്ചേരുന്നതിന് എടുക്കുന്ന സമയം ഉൾപ്പെടെ നിരവധ
Suresh Gopi


Thrissur , 18 ജൂണ് (H.S.)

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞാലും രാജ്യത്ത് ഇന്ധനവില ഉടനടി കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം സഹമന്ത്രി സുരേഷ് ഗോപി. വില കുറഞ്ഞ ഇന്ധനം ഇന്ത്യയിൽ എത്തിച്ചേരുന്നതിന് എടുക്കുന്ന സമയം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധനവില കുറയാൻ സമയമെടുക്കും

അടുത്തിടെയുണ്ടായ ഇന്ധനവില വർധനവിൽ ലിറ്ററിന് 3.94 രൂപയുടെ വർധന മാത്രമാണ് കാര്യമായ സ്വാധീനം ചെലുത്തിയതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു എന്നതുകൊണ്ടുമാത്രം പെട്ടെന്ന് വില കുറയ്ക്കാൻ സാധിക്കില്ല. വില കുറഞ്ഞ ക്രൂഡ് ഓയിൽ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തിക്കേണ്ടതുണ്ട്.

നിലവിൽ കപ്പലുകളുടെ വലിയ തിരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. അതിനാൽ കാര്യങ്ങൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് എണ്ണക്കമ്പനികളെ വലിയ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതിൻ്റെ ആഘാതം വലിയൊരളവുവരെ ഏറ്റെടുക്കുകയായിരുന്നു.

ഇന്ധനവില വർധനവിൻ്റെ ആഘാതം ഏറ്റെടുത്തതിലൂടെ കേന്ദ്ര സർക്കാരിന് 12,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സുരേഷ് ഗോപി പറഞ്ഞു. ഉയർന്ന ഇന്ധനവിലയിൽ കുറഞ്ഞ എക്സൈസ് തീരുവ ഈടാക്കി സ്വന്തം വരുമാനം കുറയ്ക്കാൻ സംസ്ഥാന സർക്കാരുകളൊന്നും ഇതുവരെ തയാറായിട്ടില്ല.

കേന്ദ്ര സർക്കാരിന് മുന്നോട്ടുപോകേണ്ടതുണ്ട്, അതുപോലെതന്നെ എണ്ണക്കമ്പനികൾക്ക് നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുണ്ടെങ്കിലും സാങ്കേതികമായ പല ബുദ്ധിമുട്ടുകളും പരിഹരിച്ചാൽ മാത്രമേ ഇന്ധനവിലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

എയിംസ് ചന്തയിൽനിന്ന് വാങ്ങുന്നതുപോലെയല്ല

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്രമന്ത്രി പ്രതികരിച്ചു. എയിംസ് അനുവദിക്കുന്നത് ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതുപോലെ എളുപ്പമുള്ള കാര്യമല്ലെന്നും, അതിനായി സംസ്ഥാന സർക്കാർ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസ് സ്ഥാപിക്കാമെന്ന സംസ്ഥാന ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ പ്രസ്താവനയിൽ ചെറിയ പൊരുത്തക്കേടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളുടെ എണ്ണത്തെക്കുറിച്ച് ഈ വിഷയം കൈകാര്യം ചെയ്യുന്ന കമ്മിറ്റിയെ ആദ്യം അറിയിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ സ്ഥലം തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയുള്ളൂ. താനുമായി ബന്ധപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞിരുന്നെങ്കിലും, ചർച്ചകൾക്കായി ഇതുവരെ ഔദ്യോഗികമായ ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് എയിംസ് അനിവാര്യമാണെന്നും, എന്നാൽ രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കി കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് യാഥാർഥ്യമാക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News