Enter your Email Address to subscribe to our newsletters

Kasaragod , 18 ജൂണ് (H.S.)
ഉപ്പള വില്ലേജ് ഓഫീസിൽ നടന്ന വിജിലൻസ് റെയ്ഡിൽ കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ. നികുതി കുടിശ്ശിക അടക്കാൻ സഹായിക്കാമെന്ന പേരിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് പിടിയിലായത്. ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായും സ്വന്തം നിലയിലും ഇയാൾ കൈക്കൂലി വാങ്ങാറുണ്ടെന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു.
കാസർകോട് വിജിലൻസ് ഡിവൈ എസ്പി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാസർകോട് മംഗൽപ്പാടി സ്വദേശിയായ പരാതിക്കാരൻ ഭാരവാഹി ആയിട്ടുള്ള ക്ഷേത്രകമ്മിറ്റിയുടെ ചുമതലയിലുള്ള ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നൽകിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് ഒരു മാസം മുൻപ് ഉപ്പള വില്ലേജ് ഓഫfസിലെത്തി അപേക്ഷ നൽകിയിരുന്നു. ഈ സമയം സ്പെഷ്യൽ വില്ലേജ് ഓഫീസർ നികുതി ചീട്ട് പഴയ ഉടമസ്ഥയുടെ പേരിലായതിനാൽ കുറേ പണിയുണ്ടെന്നും പെട്ടെന്ന് നികുതി അടയ്ക്കാനാകില്ലായെന്നും പറഞ്ഞു. പരാതിക്കാരൻ ഓഫിസിൽ നിന്ന് തിരികെ പോകാൻ ഇറങ്ങിയ സമയം വില്ലേജ് ഓഫിസിലെ കാഷ്വൽ സ്വീപ്പറായ ശിവപ്രസാദ് സ്പെഷ്യൽ വില്ലേജ് ഓഫിസറോട് പറഞ്ഞ് പെട്ടെന്ന് ശരിയാക്കി തരാമെന്നും അതിന് ചെലവുണ്ടെന്നും പറഞ്ഞിരുന്നു.
തുടർന്ന് പരാതിക്കാരൻ ഒരാഴ്ച മുൻപ് വില്ലേജ് ഓഫിസിലെത്തി ശിവപ്രസാദിനെ കണ്ടതിനെ തുടർന്ന് സ്പെഷ്യൽ വില്ലേജ് ഓഫിസറോടൊപ്പം സ്ഥലം വന്ന് നോക്കുകയും തിരികെ പോയ സമയം പരാതിക്കാരനിൽ നിന്നും 1,500 രൂപ കൈക്കൂലി വാങ്ങിയെടുക്കുകയും ചെയ്തിരുന്നു. 5,000 രൂപ കൂടി ബാക്കിയുണ്ടെന്നും അത് പിന്നീട് നൽകണമെന്നും പറഞ്ഞു.
തുടർന്ന് 16 ന് പരാതിക്കാരൻ രേഖകളുമായി വില്ലേജ് ഓഫിസിലെത്തി ശിവപ്രസാദിനെയും സ്പെഷ്യൽ വില്ലേജ് ഓഫിസറെയും കാണുകയും, രേഖകൾ സ്പെഷ്യൽ വില്ലേജ് ഓഫിസർ പരിശോധിക്കുകയും ചെയ്തു. തുടർന്ന് ശിവപ്രസാദ് പലപ്രാവശ്യം പരാതിക്കാരനെ ഫോൺ മുഖാന്തരം ബന്ധപ്പെട്ട് കൈക്കൂലിയായി 5,000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കാസർകോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് രാവിലെ ശിവപ്രസാദിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR