Enter your Email Address to subscribe to our newsletters

Kottayam,18 ജൂണ് (H.S.)
യുദ്ധ സാഹചര്യത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിച്ചേർന്നുവെന്ന വാർത്തയെ പ്രത്യാശയോടെയാണ് കാണുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. യേശു ക്രിസ്തു ലോകത്തിന് നൽകിയ ഏറ്റവും മഹത്തായ ദാനങ്ങളിലൊന്നാണ് സമാധാനം. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു (യോഹന്നാൻ 14:27) എന്ന ക്രിസ്തുവിന്റെ വചനം ഇന്നും ലോക ജനതയെ വഴി നടത്തുന്ന ദൈവീക സന്ദേശമാണ്. യുദ്ധവും വൈരാഗ്യവും പ്രതികാരവും മനുഷ്യനെ വിഭജിക്കുമ്പോൾ, സമാധാനവും സ്നേഹവും ക്ഷമയും മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആയുധങ്ങളുടെ ശക്തിയേക്കാൾ സംഭാഷണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ശക്തി മഹത്തരമെന്ന് സമാധാന കരാർ ലോകത്തെ ഓർമിപ്പിക്കുന്നു
വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നത് സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും(മത്തായി 5:9) എന്നാണ്. ക്രിസ്തുവിന്റെ സുവിശേഷം മനുഷ്യരാശിയെ പഠിപ്പിക്കുന്നതും ഈ വഴിയാണ്. യുദ്ധഭീതിയിലും അനിശ്ചിതത്വത്തിലും കഴിഞ്ഞിരുന്ന അനേകം കുടുംബങ്ങൾക്ക് സമാധാന കരാർ ആശ്വാസം പകരുമെന്ന് പ്രത്യാശിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾക്ക് ശമനമുണ്ടാകാൻ ഈ കരാർ പ്രചോദനമാകട്ടെ. നീതിയിലും സത്യത്തിലും മാനവികതയിലും അധിഷ്ഠിതമായ ശാശ്വത സമാധാനം ലോകത്തിൽ സ്ഥാപിക്കപ്പെടുവാൻ നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം. ദൈവത്തിന്റെ സമാധാനം മനുഷ്യകുലത്തിന് മേൽ വസിക്കട്ടെ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR