രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായ വിഴിഞ്ഞത്തിൻ്റെ പേരിൽ 300 കോടി രൂപയുടെ വൻ തട്ടിപ്പ്
Thiruvananthapuram , 18 ജൂണ് (H.S.) രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായ വിഴിഞ്ഞത്തിൻ്റെ പേരിൽ 300 കോടി രൂപയുടെ വൻ തട്ടിപ്പ്. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ (വിഐഎസ്എൽ) പേരിൽ വ്യാജരേഖകൾ ചമച്ച് നിക്ഷേപകരെ കബളിപ്പിച്ച സംഭവത്ത
Vizhinjam port


Thiruvananthapuram , 18 ജൂണ് (H.S.)

രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായ വിഴിഞ്ഞത്തിൻ്റെ പേരിൽ 300 കോടി രൂപയുടെ വൻ തട്ടിപ്പ്. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ (വിഐഎസ്എൽ) പേരിൽ വ്യാജരേഖകൾ ചമച്ച് നിക്ഷേപകരെ കബളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മലപ്പുറം അരീക്കോട് സ്വദേശിയായ സൽമാനുൽ ഫാരിസ് പി.ടി (45) ആണ് കേസിലെ പ്രതി. ഇയാൾക്കായി തമ്പാനൂർ പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ്

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ പദ്ധതിക്ക് കരാർ ഒപ്പുവച്ചെന്ന് അവകാശപ്പെട്ടാണ് പ്രതി നിക്ഷേപകരെ വലയിലാക്കിയത്. ഇതിനായി വിഐഎസ്എൽ ടെൻഡർ നൽകിയതായി കാണിക്കുന്ന വ്യാജരേഖകൾ ഇയാൾ നിർമിച്ചു. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ചിഹ്നവും വിഐഎസ്എൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും ഈ രേഖകളിൽ കൃത്രിമമായി ചേർത്തിരുന്നു. വിഴിഞ്ഞം എംഡിയും സിഇഒയുമായ ഡോ. ദിവ്യ എസ് അയ്യരുടെ ഒപ്പടക്കം വ്യാജമായി ഇട്ടാണ് തട്ടിപ്പ് നടത്തിയത്. ഈ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചാണ് പ്രതി ആളുകളിൽ നിന്ന് വൻതോതിൽ നിക്ഷേപം സ്വീകരിച്ചത്.

പൊലീസ് അന്വേഷണം ഊർജിതം

നിക്ഷേപകരെ വഞ്ചിക്കാനും പണം തട്ടാനും തങ്ങളുടെ പേരിലുള്ള വ്യാജരേഖകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് വിഐഎസ്എൽ ഉദ്യോഗസ്ഥർ പൊലീസിനെ സമീപിക്കുകയായിരുന്നു. വിഐഎസ്എൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം ആദ്യമാണ് തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. തട്ടിപ്പിന് ഇരയായവരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

വിഴിഞ്ഞം തുറമുഖം

ലോകത്തെ ഏറ്റവും വലിപ്പമുള്ള മദർ ഷിപ്പുകൾക്ക് (മാതൃ യാനങ്ങൾ) നങ്കൂരമിടാൻ സൗകര്യമുള്ള ഇന്ത്യയിലെ ഏക ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം. യൂറോപ്പിനെ പേർഷ്യൻ ഉൾക്കടലും ഫാർ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന സുപ്രധാന അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് വെറും 11 നോട്ടിക്കൽ മൈൽ (1.852 കിലോമീറ്ററാണ് ഒരു നോട്ടിക്കൽ മൈൽ) അകലെ മാത്രമാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിൻ്റെ 30 ശതമാനവും നടക്കുന്നത് ഈ റൂട്ടിലൂടെയാണ്. കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെത്തിച്ച് വലിയ കപ്പലിൽ നിന്ന് ചെറിയ കപ്പലിലേക്കുള്ള ചരക്കുനീക്കം (ട്രാൻസ്ഷിപ്പ്മെൻ്റ്) നടത്തുന്നതിനുള്ള സാധ്യത ഇവിടെ ഏറെയാണ്. വിഴിഞ്ഞം അതിവേഗം പുരോഗതിയിലേക്കെത്താനുള്ള സുപ്രധാന കാരണങ്ങളിലൊന്നാണിത്. ഈ വൻകിട പദ്ധതിയുടെ മറവിലാണ് പ്രതി കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News