Enter your Email Address to subscribe to our newsletters

korea, 18 ജൂണ്‍ (H.S.)
ഛത്തീസ്ഗഢിലെ കോറിയ ജില്ലയില്‍ ബിജെപി നേതാവുള്പ്പെടെ മൂന്നുപേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി. മണല്‍ ഖനനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ക്രൂരമായ കൊലപാതകം നടന്നത്. ബിജെപി നേതാവും മുന്‍ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി സോന്‍ഹത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നൗഗയിന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ എസ്യുവി ട്രക്കുകള്‍ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഭരത് സിംഗ് വാഹനത്തിനുള്ളില്‍ വെച്ച് തന്നെ മരിച്ചു. നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ബിലാസ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മണല്‍ ഖനന കരാറിനെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. മണല്‍ കടത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണത്തെച്ചൊല്ലിയുള്ള ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അക്ഷത് ത്രിപാഠി, വിശാല്‍ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിങ്ങനെ നാല് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പത് പേര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
---------------
Hindusthan Samachar / Sreejith S