Enter your Email Address to subscribe to our newsletters

Thiruvananthapuram, 18 ജൂണ് (H.S.)
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) തയ്യാറാക്കിയ റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ്ണമായ വിവരങ്ങൾ ലഭിച്ച ശേഷമായിരിക്കും വീണയ്ക്ക് വീണ്ടും സമൻസ് അയക്കുക. കഴിഞ്ഞ ദിവസം നടത്തിയ ദീർഘനേരത്തെ ചോദ്യം ചെയ്യലിൽ വീണ നൽകിയ മൊഴികൾ, ലഭ്യമായ മറ്റ് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ ഇഡി വിശദമായി പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് വെച്ച് ഏകദേശം 9 മണിക്കൂറോളമാണ് വീണ വിജയനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ ഓഫീസിലെത്തിയ വീണ, ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങിയത് രാത്രി എട്ടുമണിയോടെയായിരുന്നു. എന്നാൽ, ഈ ചോദ്യം ചെയ്യലിൽ പല പ്രധാന ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
സേവനങ്ങൾ തെളിയിക്കാൻ രേഖകളില്ല
കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് (CMRL) നൽകിയെന്ന് പറയുന്ന ഐടി സേവനങ്ങൾ എന്തെല്ലാമാണെന്ന് തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണ വിജയന് കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. കമ്പനിയുമായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടും, അതിന് പകരമായി നൽകിയ സേവനങ്ങളുടെ ഡിജിറ്റൽ തെളിവുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിയാത്തത് വീണയ്ക്ക് തിരിച്ചടിയാവുകയാണ്.
ചോദ്യം ചെയ്യലിൽ താൻ നൽകിയ സേവനങ്ങളെക്കുറിച്ച് വീണ വിചിത്രമായ വാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഐടി സേവനങ്ങൾ സംബന്ധിച്ച് സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചകൾ നടത്തിയിരുന്നതെന്നും, അതിനാൽ തന്നെ ഇത്തരം ഇടപാടുകളുടെ രേഖകൾ ഒന്നും പ്രത്യേകം സൂക്ഷിച്ചുവെച്ചിട്ടില്ലെന്നുമാണ് വീണ ഇഡിക്ക് നൽകിയ മൊഴി.
സിസ്റ്റം പ്രവർത്തനരഹിതം, കമ്പനി പൂട്ടി
തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐടി കമ്പനിയായ എക്സാലോജിക്സ് സൊല്യൂഷൻസ് നിലവിൽ പ്രവർത്തനത്തിലില്ലെന്നും വീണ ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു. കമ്പനിയിൽ മുൻപ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ സിസ്റ്റങ്ങളിലായിരുന്നു ഈ സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റു ചില വിശദാംശങ്ങൾ ഉണ്ടായിരുന്നതെന്നും, കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ ഇവ ലഭ്യമാകുന്നതിൽ പരിമിതികളുണ്ടെന്നുമാണ് വീണയുടെ മറുപടി.
എന്നാൽ ഈ വിശദീകരണങ്ങൾ പൂർണ്ണമായി വിശ്വസിക്കാൻ ഇഡി തയ്യാറായിട്ടില്ല. എക്സാലോജിക്സ് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വരും ദിവസങ്ങളിൽ എസ്എഫ്ഐഒയിൽ നിന്നും കൂടുതൽ അനുബന്ധ രേഖകൾ ശേഖരിക്കുന്നതോടെ, കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. ഇതിന് ശേഷം ശക്തമായ തെളിവുകളുമായി വീണ വിജയനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.
---------------
Hindusthan Samachar / Roshith K