Enter your Email Address to subscribe to our newsletters

thiruvanathapuram, 18 ജൂണ്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പകർച്ചവ്യാധി പ്രതിരോധത്തിലും പൊതുജനാരോഗ്യ സംരക്ഷണത്തിലും സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും ബിജെപി പാർലിമെന്ററി പാർട്ടി ലീഡറും എം.എൽ.എയുമായ ബി.ബി. ഗോപകുമാർ ആരോപിച്ചു.
2024-ലെ കണക്കുകൾ പ്രകാരം എലിപ്പനി ബാധിച്ച് 360-ലധികം പേർ മരണപ്പെട്ടത് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ ദയനീയാവസ്ഥയാണ് വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച് പ്രതിവർഷം 40 മുതൽ 80 വരെ മരണങ്ങൾ രേഖപ്പെടുത്തപ്പെടുന്ന സാഹചര്യത്തിലും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മഞ്ഞപ്പിത്തം ബാധിച്ച് 2024-ൽ മാത്രം 12,378 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 69 പേർ മരണപ്പെടുകയും ചെയ്തത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയുടെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മസ്തിഷ്കജ്വരവും ഷിഗെല്ലയും ഉൾപ്പെടെയുള്ള രോഗങ്ങൾ സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഷിഗെല്ല സ്ഥിരീകരിച്ച 146 കേസുകളിൽ ആറു മരണങ്ങൾ സംഭവിച്ചിട്ടും ആരോഗ്യ വകുപ്പ് സ്വീകരിച്ച പ്രതിരോധ നടപടികൾ എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശുചിത്വമില്ലായ്മയും രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ അനാസ്ഥയുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും രാജ്യത്തിന് മാതൃകയായിരുന്ന കേരളം ഇന്ന് മാരക രോഗങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളുടെ കണക്കുകൾ പ്രകാരം മഴക്കാലത്ത് പ്രതിദിനം 13,000-ത്തിലധികം പേർ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയ സംഭവവും ആരോഗ്യ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ അറിയാതെ റിപ്പോർട്ടുകൾ പുറത്തുവരുന്നതും ആരോഗ്യ മേഖലയിലെ ഏകോപനക്കുറവും കൂട്ടുത്തരവാദിത്തമില്ലായ്മയും വെളിപ്പെടുത്തുന്നതാണ്. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം തുടങ്ങിയ വിവാദങ്ങളിൽ മുഴുകിയ സർക്കാർ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻകാലത്തും ഇപ്പോഴും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിന്റെ പ്രത്യാഘാതമാണ് ഇന്ന് കേരളം അനുഭവിക്കുന്നതെന്നും, ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ അടിയന്തര ഇടപെടലുകളും ശക്തമായ പ്രതിരോധ നടപടികളും സർക്കാർ സ്വീകരിക്കണമെന്നും ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S