ഒമ്പതില് ആറ് എംപിമാരും വന്നില്ല; വിമതരെ അയോഗ്യരാക്കാന് നീക്കം തുടങ്ങി ഉദ്ദവ് വിഭാഗം
New delhi, 18 ജൂണ്‍ (H.S.) ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പിളര്‍പ്പ് ഉറപ്പിച്ചു. ഉദ്ദവ് താക്കറെ വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഭൂരിഭാഗം എംപിമാരും എത്തിയില്ല. പാര്‍ട്ടിയുടെ ഒമ്പത് എംപിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത
shivasena


New delhi, 18 ജൂണ്‍ (H.S.)

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പിളര്‍പ്പ് ഉറപ്പിച്ചു. ഉദ്ദവ് താക്കറെ വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഭൂരിഭാഗം എംപിമാരും എത്തിയില്ല. പാര്‍ട്ടിയുടെ ഒമ്പത് എംപിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. എല്ലാ എംപിമാരും യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വരികളുള്ള വിപ്പ് പുറപ്പെടുവിച്ചിരുന്നു. വിപ്പ് ലംഘിച്ചുകൊണ്ട് എംപിമാര്‍ പങ്കെടുക്കാതിരുന്നതോടെ ഉദ്ധവ് സേനയിലെ പിളര്‍പ്പ് ഉറപ്പായിരിക്കുകയാണ്.

അരവിന്ദ് സാവന്ത്, അനില്‍ ദേശായ്, രാജാഭാവു വാജെ എന്നിവരാണ് യോഗത്തിനെത്തിയത്. പാര്‍ട്ടിയിലെ ഏക രാജ്യസഭാ എംപിയും ഉദ്ധവ് താക്കറെയുടെ വലംകൈയുമായ സഞ്ജയ് റാവുത്തും യോഗത്തില്‍ പങ്കെടുത്തു. പങ്കെടുക്കാതിരുന്ന ആറ് എംപിമാരെ അയോഗ്യരാക്കാനുള്ള നീക്കങ്ങളും ശിവസേന ആരംഭിച്ചിട്ടുണ്ട്.

യോഗത്തില്‍ പങ്കെടുക്കാത്ത എം.പി.മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നും, ഹാജരാകാത്തതിനുള്ള കാരണം ചോദിച്ച് എല്ലാവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അനില്‍ ദേശായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം വിമതര്‍ ഷിന്ദേ വിഭാഗം ശിവസേനയില്‍ ലയിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ ഡല്‍ഹിയിലെത്തി സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് കത്ത് കൈമാറിയിരുന്നു. ഷിന്ദേ വിഭാഗത്തില്‍ ലയിക്കുന്നതിന് മുന്നോടിയായി പ്രത്യേക വിഭാഗമായി നില്‍ക്കാനാണ് വിമതര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ നടത്തിയത് പോലെ അയോഗ്യതാ നടപടികള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് യുബിടി വിമതരും നടത്തുന്നത്.

സഞ്ജയ് ബന്ദു ജാദവിനെ വിമത ഗ്രൂപ്പിന്റെ പാര്‍ലമെന്ററി നേതാവായി തിരഞ്ഞെടുത്തേക്കും. അതേസമയം ഏതെങ്കിലും എംപിമാര്‍ പ്രത്യേക ഗ്രൂപ്പായി കാണണമെന്നാവശ്യപ്പെട്ട് സമീപിക്കുകയാണെങ്കില്‍ തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News