ഭാവി കേരളത്തിനുള്ള ബ്ലൂപ്രിൻ്റില്ല; ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
Thiruvananthapuram, 19 ജൂണ്‍ (H.S.) മുഖ്യമന്ത്രി വി.ഡി. സതീശൻ.അവതരിപ്പിച്ച ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളിൽ പലതിന്റേയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പലമേഖല
OPPOSITION LEADER PINARAYI


Thiruvananthapuram, 19 ജൂണ്‍ (H.S.)

മുഖ്യമന്ത്രി വി.ഡി. സതീശൻ.അവതരിപ്പിച്ച ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളിൽ പലതിന്റേയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പലമേഖലകളേയും സർക്കാർ കണ്ടില്ലെന്ന് നടിച്ചു. ജനക്ഷേമ പദ്ധതികളൊന്നും കാര്യമായി പരിഗണിക്കപ്പെട്ടില്ല. വലിയ വാഗ്ദാനങ്ങൾ മാത്രമാണ് ബഡ്ജറ്റിൽ ഉള്ളതൊന്നും പിണറായി കുറ്റപ്പെടുത്തി

6,300 കോടിയിലധികം രൂപ ട്രഷറിയിൽ ബാക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ ഭരണത്തിൽനിന്ന് ഇറങ്ങിയത്. ജനങ്ങൾക്കായുള്ള ക്ഷേമനടപടികൾ ഇതുപയോഗിച്ചുകൊണ്ടുതന്നെ പ്രഖ്യാപിക്കാൻ കഴിയുമായിരുന്നു. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണെന്ന സന്ദേശമാണ് പുതിയ സർക്കാർ അധികാരത്തിൽവന്നതിന് ശേഷം ആദ്യമുണ്ടായ നയപ്രഖ്യാപനവും ധവളപത്രവും നൽകിയത്. അതേ സന്ദേശമാണ് ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലും. എന്നാൽ, ബജറ്റിലെ ആകെ വകയിരുത്തൽ പരിശോധിച്ചാൽ കേരളത്തിന്റെ സാമ്പത്തികസ്ഥിതി അപകടത്തിലല്ലെന്ന് തിരിച്ചറിയാനാവും. അതൊരു രാഷ്ട്രീയമായ ആക്ഷേപം മാത്രമാണെന്ന് സ്ഥാപിക്കുകയുംചെയ്യുന്നുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

പലകാര്യങ്ങളിലും നേരത്തേയുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. ആസിയാൻ കരാറിന്റെ തുടർഫലമായി കാർഷികമേഖല വലിയ ആഘാതമാണ് നേരിടുന്നത്. കഴിഞ്ഞ ബജറ്റിലൂടെ എൽഡിഎഫ് സർക്കാർ ആശ്വാസ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ റബർ, നാളികേരം, നെല്ല് തുടങ്ങിയ കാർഷിക മേഖലകളിൽ ഒരാശ്വാസനടപടിയും ഈ ബജറ്റിൽ കാണാനില്ല. ഇത് കാർഷിക മേഖലയെ ഏതൊക്കെ തരത്തിൽ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നയനിലപാടുകൾകൊണ്ട് കേരളത്തിനുണ്ടാവുന്ന ധനനഷ്ടം ഈ ബജറ്റ് കൃത്യമായി അഭിസംബോധന ചെയ്യുന്നില്ല. ഇത് കണ്ടില്ലെന്ന് നടിക്കലാണ്.

കേരളം ലോകംശ്രദ്ധിക്കുന്ന അവസ്ഥയിലേക്കെത്തിയത് അതിദാരിദ്ര്യം നിർമാർജനം ചെയ്തതിലൂടെയാണ്. അത്തരം കാര്യങ്ങളേക്കുറിച്ച് ഒരു പരാമർശവും ബജറ്റിലില്ല. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പറഞ്ഞ പല കാര്യങ്ങളേക്കുറിച്ചും പൂർണ മൗനമാണ് ഇപ്പോൾ പാലിക്കുന്നത്. പഴങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സമാനമായ പരാമർശങ്ങളൊന്നും ബജറ്റിലില്ല. പകരം വൻകിട മദ്യക്കമ്പനികൾക്ക് മദ്യം നിർമിക്കാനുള്ള അവസരമാണോ തുറന്നുകൊടുക്കുന്നത് എന്ന സംശയവുമുണ്ട്. സ്വകാര്യമേഖലയ്ക്ക് ഊന്നൽകൊടുക്കുന്ന സമീപനമാണ് ബജറ്റിൽ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News