ബജറ്റിൽ കലാ-സാംസ്കാരിക മേഖലയ്ക്ക് സർക്കാറിൻ്റെ കയ്യൊപ്പ്
Thiruvananthapuram , 19 ജൂണ് (H.S.) കലാസാംസ്കാരിക മേഖലയ്ക്ക് ഉയർന്ന പരിഗണന നൽകി വി.ഡി സതീശൻ സർക്കാരിൻ്റെ കന്നി ബജറ്റ്. കേരളത്തിൻ്റെ തനത് കലാ-സാംസ്കാരിക രൂപങ്ങൾ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്ന തിനുമായി ജ്ഞാനപീഠം ജേതാവ് എം.ടി. വാസുദേവൻ ന
സിനിമ വ്യവസായം


Thiruvananthapuram , 19 ജൂണ് (H.S.)

കലാസാംസ്കാരിക മേഖലയ്ക്ക് ഉയർന്ന പരിഗണന നൽകി വി.ഡി സതീശൻ സർക്കാരിൻ്റെ കന്നി ബജറ്റ്.

കേരളത്തിൻ്റെ തനത് കലാ-സാംസ്കാരിക രൂപങ്ങൾ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്ന തിനുമായി ജ്ഞാനപീഠം ജേതാവ് എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ഒരു കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഇവിടെ കഥകളി, കൂത്ത്, തുള്ളൽ, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗ്ഗംകളി, അയനിപ്പാട്ട്, ഗോത്ര കലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ജെൻ-സി കുട്ടികളുടെ ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിനും നൃത്ത-സംഗീത കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.

ഇതിനു പുറമേ സിനിമാ തിയേറ്ററുകൾ, ലൈബ്രറി, ആർട്ട് ഗാലറി ചരിത്ര മ്യൂസിയം, സാഹിത്യ-ഭാഷാ മ്യൂസിയം, എഴുത്തു കാരുടെയും മറ്റു പ്രതിഭാശാലികളുടെയും ശബ്ദ മ്യൂസിയം, കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഇടങ്ങൾ, വിശ്രമ വേളകൾ കുടുംബമായി ചെലവഴിക്കുന്നതിനുള്ള ഇടം, ഫുഡ് കോർട്ടുകൾ, ബുക്ക് ഷോപ്പുകൾ, ആർട്ട് മെറ്റീരിയൽ ഷോപ്പുകൾ, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകൾ, ഡോർമിറ്ററികൾ എന്നിവ സജ്ജീകരിക്കും. കലാ-സാഹിത്യ ആസ്വാദകർക്കും വിദ്യാർഥികൾക്കും ഒരു വിനോദ വിജ്ഞാന കേന്ദ്രമായി ഇത് മാറും. ഇതിനായി 50 കോടി രൂപ വകയിരുത്തി. കൾച്ചറൽ പാർക്കിന്റെ നടത്തിപ്പിനായി കൾച്ചറൽ-ടൂറിസം ട്രസ്റ്റ് രൂപീകരിക്കും.

സംഗീത പ്രേമികൾക്ക്

സന്തോഷമേകി

തൃശ്ശൂരിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി സ്ഥാപിക്കും. ഇതിനായി ബജറ്റിൽ

5 കോടി രൂപ മാറ്റിവെച്ചു.

അന്തരിച്ച പ്രശസ്ത നടൻ സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിർമ്മിക്കാൻ ഒരുകോടി രൂപ വകയിരുത്തി.

പ്രശസ്ത ഗസൽ ഗായകനായിരുന്ന ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്കായി ഒരു കോടി രൂപയും വകയിരുത്തി.

തൃശ്ശൂർ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ തേക്കിൻകാട് മൈതാനം നവീകരിക്കുന്നതിന് നടപടി കൈക്കൊള്ളും. ഇതിനായി 10 കോടി രൂപ വകയിരുത്തി.

ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിൻ്റെ കീഴിൽ അന്താരാഷ്ട്ര നിലവാരത്തോടെ ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെൻന്ററിന്റെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. മഠത്തിന്റെ ചരിത്ര പ്രാധാന്യവും സ്വതന്ത്ര മാനവികതയും സാമൂഹ്യ പ്രതിബദ്ധതയും പരിഗണിച്ച് സെൻ്ററിൻ്റെ നിർമ്മാണത്തിനുള്ള ധനസഹായമായി 5 കോടി രൂപയും വകയിരുത്തി.

കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെ കാലാനുസൃതമായ മാറ്റങ്ങളോടെ പുനരുജ്ജീവിപ്പിക്കാനും തനത് കലകളെ സംരക്ഷിക്കാനും സാംസ്കാരിക ടൂറിസം പരിപോഷിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചു. സാംസ്കാരിക മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാമുഖ്യമാണ് ഉയർന്ന ബജറ്റ് വിഹിതത്തിലൂടെ പ്രകടമായത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News