Enter your Email Address to subscribe to our newsletters

Idukki , 19 ജൂണ് (H.S.)
കേരളത്തിന്റെ കശ്മീരെന്നും ശീതകാല പച്ചക്കറികളുടെ നാടെന്നും വിശേഷണമുള്ള കാന്തല്ലൂരിലെ കർഷകർ ഇന്ന് കണ്ണീരിലാണ്. വിഷരഹിത പച്ചക്കറികൾ ന്യായവിലയ്ക്ക് ജനങ്ങളിലേക്ക് എത്തിക്കുമെന്ന കൃഷി വകുപ്പിന്റെ വമ്പൻ പ്രഖ്യാപനങ്ങളെല്ലാം ചുവപ്പുനാടയിൽ കുരുങ്ങി ഒടുങ്ങിയപ്പോൾ, കാന്തല്ലൂരിലെയും വട്ടവടയിലെയും സാധാരണക്കാരായ കർഷകർ ഇന്ന് കടക്കെണിയിലായിരിക്കുകയാണ്. കർഷകരെ സഹായിക്കാൻ തുടങ്ങിയ വിഎഫ്പിസികെ (VFPCK) ഓഫിസ് പൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതർക്കെതിരെ മലയോര മേഖലയിൽ ജനരോഷം ശക്തമാകുന്നു.
വാഗ്ദാനങ്ങൾ ജലരേഖയായി: കേരളത്തിൽ ഏറ്റവും കൂടുതൽ കാബേജ്, കാരറ്റ്, വെളുത്തുള്ളി, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയ ശീതകാല പച്ചക്കറികൾ വിളയുന്ന മണ്ണാണ് കാന്തല്ലൂരും വട്ടവടയും. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാൻ 2017ലാണ് സംസ്ഥാന സർക്കാർ ഇവിടെയൊരു വിപ്ലവകരമായ തീരുമാനം പ്രഖ്യാപിച്ചത്.
2017ലെ പ്രഖ്യാപനം: ഇടുക്കിയിലെ ശീതകാല പച്ചക്കറികൾ പൂർണമായും ഹോർട്ടികോർപ്പ് മുഖേന സംഭരിക്കാൻ തീരുമാനിച്ചു.
ഉറപ്പും വെറുതെയായി: സംഭരിക്കുന്ന പച്ചക്കറികളുടെ വില അതാത് ദിവസം തന്നെ കർഷകരുടെ കൈകളിൽ എത്തിക്കും. എന്നാലിത് വിശ്വസിച്ച് പച്ചക്കറികൾ കൈമാറിയ കർഷകരെ ഹോർട്ടികോർപ്പ് പൂർണമായും വഞ്ചിക്കുകയായിരുന്നു. ആറ് വർഷം മുമ്പ് സംഭരിച്ച പച്ചക്കറിയുടെ വില പോലും ഇനിയും പല കർഷകർക്കും നൽകിയിട്ടില്ല. വർഷങ്ങളായി ഓഫിസുകൾ കയറിയിറങ്ങി മടുത്ത കർഷകർ ഇന്ന് പലിശക്കാരുടെ മുന്നിൽ കൈകൂപ്പി നിൽക്കേണ്ട ഗതികേടിലാണ്.
കെടുകാര്യസ്ഥതയുടെ സ്മാരകമായി VFPCK ഓഫിസ്: ഹോർട്ടികോർപ്പ് സംഭരിക്കുന്ന പച്ചക്കറികൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (VFPCK) വഴി വിപണിയിൽ എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി 4 റീജണൽ മാനേജർമാർക്ക് പ്രത്യേക ചുമതലയും നൽകിയിരുന്നു. എന്നാൽ ഇന്ന് ഈ പദ്ധതിയുടെ അവസ്ഥ ദയനീയമാണ്.
കാന്തല്ലൂരിൽ പ്രവർത്തിച്ചിരുന്ന വിഎഫ്പിസികെയുടെ ഓഫിസും സംഭരണ കേന്ദ്രവും പൂട്ടിയിട്ട് മാസങ്ങൾ പിന്നിട്ടു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കൃഷിവകുപ്പിന്റെ അനാസ്ഥയും ഒന്നുമാത്രമാണ് ഈ മികച്ച പദ്ധതി തകരാൻ കാരണമെന്ന് കര്ഷകന് രംഗസ്വാമി പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടതോടെ, വിഷരഹിത പച്ചക്കറികൾ ന്യായവിലയ്ക്ക് സാധാരണക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യം കൂടിയാണ് ഇവിടെ അട്ടിമറിക്കപ്പെട്ടത്.
വീണ്ടും ഇടനിലക്കാരുടെ പിടിയിലേക്ക്: സർക്കാർ സംഭരണ കേന്ദ്രങ്ങൾ പൂട്ടുകയും ഹോർട്ടികോർപ്പ് പണം നൽകാതിരിക്കുകയും ചെയ്തതോടെ കർഷകർ വീണ്ടും തമിഴ്നാട്ടിൽ നിന്നടക്കമുള്ള വൻകിട ഇടനിലക്കാരുടെ (Middlemen) കെണിയിൽ വീണിരിക്കുകയാണ്. വിളവെടുക്കുന്ന പച്ചക്കറികൾ തുച്ഛമായ വിലയ്ക്ക് ഇടനിലക്കാർക്ക് നൽകേണ്ടി വരുന്നു. കൃഷി ഇറക്കാനായി എടുത്ത ബാങ്ക് വായ്പകളും പലിശയും എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കാന്തല്ലൂരിലെ ഭൂരിഭാഗം കർഷകരും.
കാന്തല്ലൂർ, വട്ടവട മേഖലകളിലെ സവിശേഷമായ കാലാവസ്ഥയിൽ വിളയുന്ന പച്ചക്കറികൾക്ക് വിപണിയിൽ വലിയ ഡിമാൻഡുണ്ട്. എന്നിട്ടും കേരളത്തിലെ ഒരു സർക്കാർ സംവിധാനത്തിന് ഇത് കൃത്യമായി സംഭരിച്ച് വിതരണം ചെയ്യാൻ സാധിക്കുന്നില്ല എന്നത് കൃഷി വകുപ്പിന്റെ വലിയ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. കർഷകരുടെ വർഷങ്ങളായുള്ള കുടിശ്ശിക അടിയന്തരമായി തീർപ്പാക്കാനും പൂട്ടിക്കിടക്കുന്ന വിഎഫ്പിസികെ ഓഫിസ് പുനഃസ്ഥാപിക്കാനും സർക്കാർ തയ്യാറായില്ലെങ്കിൽ കേരളത്തിന് ഈ 'പച്ചക്കറി ഗ്രാമം' എന്നെന്നേക്കുമായി നഷ്ടമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR