Enter your Email Address to subscribe to our newsletters

Idukki , 19 ജൂണ് (H.S.)
കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ പകർച്ചവ്യാധി ഭീതി രൂക്ഷമാകുന്നു. വൈറൽ പനിയും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിച്ചതോടെ ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾ പനി ബാധിതരാൽ നിറഞ്ഞു. ഈ മാസം പകുതി പിന്നിടുമ്പോൾ മാത്രം 4500 പേർക്കാണ് വൈറൽ പനി സ്ഥിരീകരിച്ചിരിക്കുന്നത്. പനിക്കൊപ്പം വയറിളക്ക രോഗങ്ങളും ചിക്കൻപോക്സും ഇൻഫ്ലുവൻസയും ഉയർത്തുന്ന ഇരട്ട ഭീഷണിയിൽ ജില്ലയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
അക്കങ്ങളിൽ ഒതുങ്ങാത്ത രോഗബാധ: ആശങ്കയായി ഇൻഫ്ലുവൻസ മരണവും സർക്കാർ ആശുപത്രികളിൽ നിന്ന് മാത്രമുള്ള ഔദ്യോഗിക കണക്കുകൾ തന്നെ ജില്ലയിലെ പകർച്ചവ്യാധിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ലഭ്യമായാൽ രോഗികളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് വിലയിരുത്തൽ.
വൈറൽ പനി: ഈ മാസം ഇതുവരെ ജില്ലയിൽ 4,506 പേർക്ക് വൈറൽ പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 485 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
വയറിളക്ക രോഗങ്ങൾ: പനിക്കൊപ്പം പടരുന്ന വയറിളക്ക രോഗങ്ങൾ ബാധിച്ച് 691 പേർ ചികിത്സയിലാണ്. ശുദ്ധജല സ്രോതസുകളിലെ മലിനീകരണമാണ് ഇതിന് പ്രധാന കാരണം.
ചിക്കൻപോക്സ്: ജൂൺ മാസത്തിൽ മാത്രം 16 പേർക്ക് ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ട് കേസുകൾ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.
ഇൻഫ്ലുവൻസ എ (Influenza A): ജില്ലയിൽ ഇൻഫ്ലുവൻസ എ വൈറസ് ബാധിച്ച് ഒരാൾ മരിച്ചു. നിലവിൽ രണ്ട് പേർ ഇതേ രോഗബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്.
മണിക്കൂറുകള് നീളുന്ന ക്യൂ: ജില്ലയിലെ താലൂക്ക് ആശുപത്രികൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ഭൂരിപക്ഷം സർക്കാർ ആശുപത്രികളിലും രാവിലെ മുതൽ രോഗികളുടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഒപി ടോക്കൺ എടുക്കുന്നത് മുതൽ ഡോക്ടറെ കാണാനും ലാബ് ടെസ്റ്റുകൾക്കും ഒടുവിൽ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങുന്നതിനും മണിക്കൂറുകളോളം വരി നിൽക്കേണ്ട അവസ്ഥയിലാണ് രോഗികൾ. കടുത്ത പനിയും ശരീര വേദനയുമായി എത്തുന്ന സാധാരണക്കാർക്ക് ഈ കാത്ത് നിൽപ്പ് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ദിവസേന അനുവദനീയമായ പരിധിയിലും കൂടുതൽ രോഗികൾ എത്തുന്നതോടെ പരിശോധനയ്ക്കും മരുന്ന് വിതരണത്തിനുമായി ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും വലിയ രീതിയിൽ അധിക സമയം ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഇത് ആരോഗ്യ മേഖലയിലെ ജീവനക്കാരെയും കടുത്ത മാനസിക സമ്മർദത്തിലാക്കുന്നു.
രാത്രികാല സേവനമില്ലായ്മ: സായാഹ്ന ഒപികൾ സാധാരണക്കാർക്ക് ഒരു പരിധി വരെ ആശ്വാസമേകുന്നുണ്ടെങ്കിലും ഭൂരിപക്ഷം സർക്കാർ ആശുപത്രികളിലും രാത്രികാലങ്ങളിൽ ഒപി സേവനം ലഭ്യമല്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്ന വലിയ ആശുപത്രികൾ പലതും ഉൾഗ്രാമങ്ങളിൽ നിന്നും ഏറെ ദൂരെയുമാണ്.
രാത്രികാലങ്ങളിൽ പെട്ടെന്ന് പനി കൂടുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് മുന്നിൽ മറ്റ് വഴികളില്ല. കിലോമീറ്ററുകൾ ദൂരെയുള്ള ജില്ലാ ആശുപത്രികളിലേക്ക് പോകുന്നതിനേക്കാൾ, നാട്ടിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ജനങ്ങൾ നിർബന്ധിതരാകുകയാണെന്ന് ജനങ്ങള് പറയുന്നു. ഇതേത്തുടർന്ന് വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ പനി ബാധിതരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രീ-മൺസൂൺ (Pre-monsoon) ശുചീകരണ പ്രവർത്തനങ്ങളിലെ പോരായ്മകളും ഉറവിട നശീകരണത്തിലെ അനാസ്ഥയുമാണ് ഓരോ വർഷവും മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ പനി പടർന്ന് പിടിക്കാൻ പ്രധാന കാരണം. ഇൻഫ്ലുവൻസ എ മരണവും ചിക്കൻപോക്സ് കേസുകളും ഉയരുന്ന കാര്യങ്ങൾ അത്ര നിസാരമല്ലെന്ന സൂചനയാണ് നൽകുന്നത്. സർക്കാർ ആശുപത്രികളിൽ താത്ക്കാലികമായി അധിക ജീവനക്കാരെ നിയമിച്ചും രാത്രികാല ഒപി സംവിധാനങ്ങൾ സജ്ജമാക്കിയും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജില്ലയിലെ പകർച്ചവ്യാധി സാഹചര്യം കൈവിട്ടുപോകാൻ സാധ്യതയുണ്ട്. സ്വയംചികിത്സ പൂർണമായും ഒഴിവാക്കി ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR