റോഡരികിൽ ഷോക്കേറ്റ് അബോധാവസ്ഥയിൽ വീണുകിടന്ന ഒരു കുട്ടി കുരങ്ങനെ കൃത്യമായ സി പി ആർ (CPR) നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഒരു കൂട്ടം തൊഴിലാളികൾ
Kannur , 19 ജൂണ് (H.S.) ചില ദൃശ്യങ്ങൾ നമ്മുടെ ഉള്ളിൽ നന്മയുടെ വലിയൊരു വെളിച്ചം നിറയ്ക്കും. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് കണ്ണൂർ ചപ്പാരപ്പടവിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. റോഡരികിൽ ഷോക്കേറ്റ് അബോധാവസ്ഥയിൽ വീണുകിടന്ന ഒരു കുട്ടി കുരങ്ങനെ
TIMBER WORKERS RESCUE MONKEY


Kannur , 19 ജൂണ് (H.S.)

ചില ദൃശ്യങ്ങൾ നമ്മുടെ ഉള്ളിൽ നന്മയുടെ വലിയൊരു വെളിച്ചം നിറയ്ക്കും. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് കണ്ണൂർ ചപ്പാരപ്പടവിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. റോഡരികിൽ ഷോക്കേറ്റ് അബോധാവസ്ഥയിൽ വീണുകിടന്ന ഒരു കുട്ടി കുരങ്ങനെ കൃത്യമായ സി പി ആർ (CPR) നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഒരു കൂട്ടം തൊഴിലാളികൾ. ചപ്പാരപ്പടവിലെ ടിമ്പർ തൊഴിലാളികളായ സനൽ മനു, റഫീഖ്, മെജോ എന്നിവരുടെ സദ്പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ കൈയടി നേടുന്നത്.

വഴിത്തിരിവായത് ഐ ആർ പി സി പരിശീലനം

ജോലി കഴിഞ്ഞ് അടുത്ത സൈറ്റിലേക്ക് പോകുന്നതിനിടയിലാണ് കുരങ്ങൻ റോഡിൽ കിടക്കുന്നത് കണ്ടത്. വണ്ടി കയറി അരഞ്ഞുപോകാതിരിക്കാൻ മാറ്റാൻ നോക്കിയപ്പോഴാണ് ജീവൻ്റെ കണിക കണ്ടത്. ചുറ്റും മറ്റ് കുരങ്ങുകളും ഉണ്ടായിരുന്നു. ഷോക്കേറ്റതാണെന്ന് മനസ്സിലായതോടെ ഒട്ടും വൈകിക്കാതെ സി പി ആർ നൽകാൻ തീരുമാനിക്കുകയായിരുന്നു. ടിമ്പർ തൊഴിലാളി മെജോയുടെ വാക്കുകളാണ്

കണ്ണൂരിലെ സജീവ പാലിയേറ്റീവ് പ്രസ്ഥാനമായ ഐ ആർ പി സി (Initiative for Rehabilitation and Palliative Care) യുടെ സജീവ പ്രവർത്തകനാണ് മെജോ. കഴിഞ്ഞ മാസം സി ഐ ടി യു (CITU) വിൻ്റെ ഭാഗമായി നടന്ന പ്രഥമശുശ്രൂഷാ ക്ലാസിൽ പങ്കെടുത്ത അനുഭവസമ്പത്താണ് ഈ നിർണായക ഘട്ടത്തിൽ മെജോയ്ക്കും കൂട്ടർക്കും തുണയായത്. നിരന്തരമായി നെഞ്ചിൽ അമർത്തി സി പിആർ നൽകിയതോടെ കുരങ്ങുകുട്ടി ശ്വാസമെടുക്കുകയും, പിന്നീട് വെള്ളം നൽകിയതോടെ പൂർണ ആരോഗ്യവാനായി മാറുകയും ചെയ്തു. ഈ അപൂർവ്വ നിമിഷം സുഹൃത്തായ അൻസാൽ ആണ് മൊബൈലിൽ പകർത്തിയത്.

മറ്റൊരു ജീവൻ കൂടി കാത്ത പ്രഥമശുശ്രൂഷാ അറിവ്

കേവലം ഒരു കുരങ്ങിൻ്റെ ജീവൻ രക്ഷിച്ചു എന്നതിൽ ഉപരിയായി, സമൂഹത്തിൽ സി പി ആറിനെക്കുറിച്ചുള്ള ബോധവൽക്കരണം എത്രത്തോളം ആവശ്യമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ഈ പരിശീലനം കൊണ്ട് തങ്ങൾ ഒരു കുട്ടിയുടെ ജീവൻ കൂടി രക്ഷിച്ചിട്ടുണ്ടെന്ന് മെജോ സാക്ഷ്യപ്പെടുത്തുന്നു.

ക്ലാസ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നടത്തിയ ഒരു വിനോദ യാത്രയ്ക്കിടയിൽ, ബസ്സിൽ വെച്ച് ഭക്ഷണ സാധനം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ ഒരു കുട്ടിക്കും ഇവർ ഇതേ രീതിയിൽ പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചിരുന്നു. ആധുനിക കാലഘട്ടത്തിൽ എല്ലാവരും ഇത്തരം ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ടെന്ന് ഈ തൊഴിലാളികൾ ഓർമ്മിപ്പിക്കുന്നു.

ജാതി, മതം, ലിംഗഭേദം, രാഷ്ട്രീയം എന്നിവയ്ക്ക് അതീതമായി ജനങ്ങളിലേക്ക് സ്നേഹവും കരുതലുമെത്തിക്കുന്ന പ്രസ്ഥാനമാണ് കണ്ണൂരിലെ ഐ ആർ പി സി. ഭേദമാക്കാനാവാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും വയോജനങ്ങൾക്കും താങ്ങായി 2012 മുതൽ ഈ സംഘടന രംഗത്തുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറി ചെയർമാനായുള്ള 21 അംഗ ഭരണസമിതിയും 5 അംഗ ഉപദേശക സമിതിയുമാണ് ഇതിന് നേതൃത്വം നൽകുന്നത്.

ജില്ലയിലുടനീളം 18 സോണൽ കമ്മിറ്റികളും 214 ലോക്കൽ ലെവൽ ഗ്രൂപ്പുകളും സജീവമായി പ്രവർത്തിക്കുന്നു. കുറഞ്ഞത് 10 സ്ത്രീകളും 10 പുരുഷന്മാരും അടങ്ങുന്ന പ്രാദേശിക ഗ്രൂപ്പുകൾ വീടുകളിൽ നേരിട്ടെത്തി പരിചരണം നൽകുന്നു. ആവശ്യമായ പ്രായോഗിക പരിശീലനത്തിലൂടെ വളണ്ടിയർമാർക്ക് ലഭിക്കുന്ന നഴ്സിംഗ് മാനസികാവസ്ഥയും ആത്മവിശ്വാസവുമാണ്, ചപ്പാരപ്പടവിലെ റോഡരികിൽ ഒരു കുഞ്ഞുജീവൻ പൊലിയാതെ കാക്കാൻ ഇവരെ പ്രാപ്ത രാക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News