Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ജൂണ് (H.S.)
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ വിസ്മയം ഒന്നുമില്ലെന്നും കാർഷിക മേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും പൂർണമായി അവഗണിച്ചെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റബ്ബർ, കശുവണ്ടി, നെല്ല് തുടങ്ങിയ കാർഷിക മേഖലകൾക്ക് യാതൊരു ആശ്വാസ നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. മുൻ സർക്കാർ നടപ്പിലാക്കിയ ക്ഷേമവികസന പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകുന്ന സമീപനമാണ് പുതിയ ബജറ്റിലുള്ളത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള തുടർ നടപടികളെക്കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമില്ല.
സാമ്പത്തികം അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ആമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ബജറ്റ് വിഹിതം പരിശോധിച്ചാൽ അതല്ല ചിത്രം. 2000 കോടിരൂപയുടെ അധിക വിഹിതം നൽകാൻ കഴിഞ്ഞു. സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണ്. 6000 കോടി ട്രഷറിയിൽ ബാക്കി വച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും വാർത്താസമ്മേളനത്തിൽ പിണറായി പറഞ്ഞു.
പഴങ്ങളിൽ നിന്ന് മദ്യം ഉത്പ്പാദിപ്പിക്കാൻ ചെറുകിട മേഖലയെ അനുവദിക്കുന്നതിന് പകരം വൻകിട മദ്യ കമ്പനികൾക്ക് അനുകൂലമായ തീരുമാനങ്ങളാണ് ബജറ്റിലുള്ളത്. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾ പിന്തുടർന്ന് സംസ്ഥാനത്ത് സ്വകാര്യവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികളിലൂടെ ഖനനവും തീരദേശവും സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഭൂപരിഷ്കരണം 2.0 എന്ന പ്രഖ്യാപനത്തിലൂടെ കേരളത്തിൻ്റെ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനും സ്വകാര്യ കുത്തകകൾക്ക് അനുകൂലമായ നയം രൂപീകരിക്കാനുമാണ് ശ്രമിക്കുന്നത്. പുതിയ ബജറ്റിലൂടെ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമല്ലെന്ന് തെളിഞ്ഞു. സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചുകാട്ടി. കിഫ്ബിയുടെ ചിറകരിയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ലൈഫ് പദ്ധതിയെ തകർക്കാനും നീക്കമുണ്ട്. ആരോഗ്യ ഇൻഷുറൻസിന് 10 കോടി മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. ഇത് പ്രഹസനമാണ്.
വിസ്മയം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഒന്നും കാണാനില്ല. ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിൻ്റ് ഇല്ല. എൽഡിഎഫ് സർക്കാരിൻ്റെ ബജറ്റിലെ പലതും ആവർത്തിച്ചു. മുൻ പ്രഖ്യാപനങ്ങൾ പേര് മാറ്റി പുതിയതായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. കേരളത്തിൻ്റെ തീരത്തെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണോ മാരിടൈം പോളിസിയെന്ന് ആശങ്കയുണ്ട്. പ്ലാനിങ് ബോർഡ് പുനഃസംഘടന കേന്ദ്ര നയമാണ്. ഒരു മറയുമില്ലാതെ കേന്ദ്ര നയം നടപ്പാക്കുന്നു. സർക്കാർ ജീവനക്കാർക്ക് വിസ്മയം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഒരു വിസ്മയവും ഉണ്ടായില്ല.
മാർച്ചിൽ 6,300 കോടിയിലധികം രൂപ ട്രഷറിയിൽ ബാക്കിവച്ചാണ് എൽഡിഎഫ് സർക്കാർ ഭരണത്തിൽനിന്ന് ഇറങ്ങിയത്. ജനങ്ങൾക്കായുള്ള ക്ഷേമനടപടികൾ ഇതുപയോഗിച്ചുകൊണ്ടുതന്നെ പ്രഖ്യാപിക്കാൻ കഴിയുമായിരുന്നു. സാമ്പത്തികസ്ഥിതി മോശമല്ലാതിരുന്നിട്ടും ജനക്ഷേമകാര്യത്തിലും വികസനത്തിൽനിന്നും സർക്കാർ പിൻവാങ്ങി.
മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പറഞ്ഞ പല കാര്യങ്ങളേക്കുറിച്ചും പൂർണ മൗനമാണ് ഇപ്പോൾ പാലിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. എക്സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മകൾ വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ചതിലും പിണറായി വിജയൻ പ്രതികരിച്ചു. ബാങ്ക് ലോക്കർ പരിശോധിക്കുമ്പോൾ വിസ്മയമുണ്ടെന്ന് അറിയാമല്ലോ, മഹാകാര്യം പോലെയല്ലേ പരിശോധന നടക്കുന്നതെന്നും പിണറായി പ്രതികരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR