Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ജൂണ് (H.S.)
സംസ്ഥാനത്ത് സര്വ്വീസ് നടത്തുന്ന പ്രൈവറ്റ് ബസുകള് അടക്കമുള്ള മോട്ടോര് വാഹനങ്ങളുടെ ത്രൈമാസ നികുതിയില് ഗണ്യമായ കുറവു വരുത്തിയും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വെട്ടിക്കുറച്ചും വിഡി സതീശന് സര്ക്കാരിൻ്റെ കന്നി ബജറ്റ്. സംസ്ഥാന സര്ക്കാര് ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായി നടപ്പാക്കിയ കെഎസ്ആര്ടിസി പ്രിയദര്ശിനി സൗജന്യ പദ്ധതി സ്വകാര്യ ബസ് മേഖലയെ തകര്ക്കുമെന്ന ബസ് ഉടമകളുടെ പരാതിക്കു പിന്നാലെയാണ് നികുതി വെട്ടിക്കുറച്ചുള്ള മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.
സ്റ്റേജ് ക്യാരിയേജ് വിഭാഗമായ പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയില് 50 ശതമാനമാണ് ബജറ്റില് ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം കേരളത്തില് കൂടുതല് ആള് ഇന്ത്യാ രജിസ്ട്രേഷന് അന്തര് സംസ്ഥാന ടൂറിസ്റ്റ് ബസുകളെ എത്തിക്കുന്നതു ലക്ഷ്യമിട്ട് ഈ വിഭാഗം ബസുകള്ക്കും വമ്പന് നികുതിയിളവുകള് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത്തരം ബസുകള്ക്ക് സംസ്ഥാനത്ത് സീറ്റൊന്നിന് നിലവിലുണ്ടായിരുന്ന 2000 രൂപ 900 രൂപയാക്കി കുറച്ചു. സ്ലീപ്പര് ബസുകളിലെ സീറ്റൊന്നിന് 3000 രൂപ എന്നത് 1500 ആക്കിയും കുറച്ചു.
ഇലക്ട്രിക് വാഹനങ്ങള്ക്കും ഗണ്യമായ നികുതിയിളവ്
10 ലക്ഷം വരെ വിലയുള്ള ഇളക്ട്രിക് വാഹനങ്ങള്ക്ക് (ഇവി) നിലവിലെ 5 ശതമാനം നികുതി 3 ശതമാനമാക്കി. 10 ലക്ഷം മുതല് 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങളുടെ നികുതി നിലവിലെ 5 ശതമാനത്തില് മാറ്റമില്ല. 15 മുതല് 20 ലക്ഷം വരെ വിലയുള്ള ഇവികളുടെ നികുതി 8 ശതമാനത്തില് നിന്ന് 5 ശതമാനമായി കുറയും. 20 മുതല് 30 ലക്ഷം വരെ വിലയുള്ള ഇവി കളുടെ നികുതി 10 ശതമാനമായും 30 മുതല് 40 ലക്ഷം വരെ വിലയുള്ള ഇവികളുടെ നികുതി 10 ശതമാനമായും തുടരും. അതേ സമയം 40 ലക്ഷം മുതല് മുകളിലോട്ട് വിലയുള്ള ഇവി കളുടെ നികുതി 10 ല് നിന്ന് 15 ശതമാനമായി ഉയരും.
കൂടുതല് ട്രെയിലര് വാഹനങ്ങളുടെ രജിസ്ട്രേഷന് ആകര്ഷിക്കാന് പദ്ധതി
കേരളത്തിലേക്ക് കൂടുതല് ട്രെയിലര് വാഹനങ്ങളുടെ രജിസ്ട്രേഷ്ന് ആകര്ഷിക്കുന്നതിനായി ഇത്തരം വാഹനങ്ങളുടെ ത്രൈമാസ നികുതി സ്ലാബുകള് ഏകീകരിച്ച് പരിഷ്കരിച്ചു. 20 ടണ്ണിനു മുകളില് ഭാരമുള്ള ട്രെയിലര് വാഹനങ്ങളുടെ അധിക നികുതി ചുമത്തിയിരുന്ന സ്ലാബ് ഒഴിവാക്കി 15 ടണ് മുകളില് ഭാരമുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്കു കുറച്ചു. മോട്ടോര് വാഹനങ്ങളുടെ പിഴ 50 ശതമാനം ഇ ചെല്ലാന് അടച്ച് തീര്പ്പാക്കുന്നതിനുള്ള അംനസ്റ്റി പദ്ധതി തുടരും.
ഭൂമിയുടെ ന്യായവില പരിഷ്കരിക്കും
ഭൂമിയുടെ ന്യായവില അശാസ്ത്രീയമാണെന്ന് പരാതി ഉയരുന്ന സാഹചര്യത്തില് ഇക്കാര്യത്തില് കാലോചിതമായ പരിഷ്കരണം വരുത്തും. 1986 മുതല് 2023 വരെയുള്ള കാലയളവില് ഏകദേശം 703 കോടി രൂപയുടെ കുടിശിക നിലിവുള്ള സാഹചര്യത്തില് ഒറ്റത്തവണ തീര്പ്പാക്കല് നടപ്പാക്കും. അണ്ടര് വാല്യൂവേഷന് 10,000 രൂപയില് താഴെയുള്ള കേസുകളില് ബാധ്യത ഒറ്റത്തവണ തീര്പ്പാക്കല് നടപ്പാക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR