Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ജൂണ് (H.S.)
പതിറ്റാണ്ടുകളായുള്ള മലയാള സിനിമാ ലോകത്തിൻ്റെ നിരന്തര ആവശ്യത്തിന് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം. ബജറ്റിൽ മലയാള സിനിമയ്ക്ക് 'വ്യവസായ പദവി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ബജറ്റ് പ്രഖ്യാപനത്തെ കൈയ്യടികളോടെയാണ് വരവേറ്റത്. കൊച്ചിയിൽ 'ചിത്രനഗരം' എന്ന പേരിൽ ജെസി ഡാനിയേൽ ഇൻ്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നതുൾപ്പെടെ ചലച്ചിത്ര മേഖലയെ പരിപോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി (ഐഎഫ്എഫ്കെ) സ്ഥിരം വേദി സൃഷ്ടിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് ചലച്ചിത്ര സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന ആവശ്യങ്ങളിൽ ഭൂരിഭാഗവും ബജറ്റിൽ അംഗീകരിച്ചിട്ടുണ്ട്. ആൻ്റി പൈറസി സെല്ലുകൾ രൂപീകരിക്കൽ, ദേശീയ- അന്താരാഷ്ട്ര സിനിമ നിർമ്മാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയും സർക്കാർ ലക്ഷ്യമിടുന്നു.
ഇതിനെല്ലാമായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിൻ്റെ തനത് കലാ, സാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എംടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇവിടെ കഥകളി, കൂത്ത്, തുള്ളൽ, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗ്ഗംകളി, അയനിപ്പാട്ട്, ഗോത്ര കലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ജെൻ സി കുട്ടികളുടെ ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിനും നൃത്ത, സംഗീത കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.
ഇതിനു പുറമേ സിനിമാ തിയേറ്ററുകൾ, ലൈബ്രറി, ആർട്ട് ഗാലറി, ചരിത്ര മ്യൂസിയം, സാഹിത്യ, ഭാഷാ മ്യൂസിയം, എഴുത്തുകാരുടെയും മറ്റു പ്രതിഭാശാലികളുടെയും ശബ്ദമ്യൂസിയം, കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഇടങ്ങൾ, വിശ്രമ വേളകൾ കുടുംബമായി ചെലവഴിക്കുന്നതിനുള്ള ഇടം, ഫുഡ് കോർട്ടുകൾ, ബുക്ക് ഷോപ്പുകൾ, ആർട്ട് മെറ്റീരിയൽ ഷോപ്പുകൾ, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകൾ, ഡോർമിറ്ററികൾ എന്നിവ സജ്ജീകരിക്കും. കലാ, സാഹിത്യ ആസ്വാദകർക്കും വിദ്യാർത്ഥികൾക്കും ഒരു വിനോദ വിജ്ഞാന കേന്ദ്രമായി ഇതിനെ മാറ്റും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
കൾച്ചറൽ പാർക്കിൻ്റെ നടത്തിപ്പിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. നിര്യാതനായ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തി.
ബജറ്റിൽ ചരിത്രപരമായ പ്രഖ്യാപനമാണ് ഉണ്ടായതെന്നും വ്യവസായ പദവി ലഭിക്കുന്നതോടെ മലയാള ചലച്ചിത്ര ലോകം വാണിജ്യപരമായും കലാപരമായും കൂടുതൽ ഉന്നതിയിലേക്ക് മുന്നേറാൻ അവസരം ഒരുക്കുമെന്നും സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ നടൻ മോഹൻലാൽ സ്വാഗതം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തനുണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന് പറഞ്ഞ മോഹൻലാൽ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വിഡി സതീശനും മന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR