Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ജൂണ് (H.S.)
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ നികുതി വർധനവും സ്വകാര്യവത്ക്കരണ നീക്കങ്ങളുമില്ലെന്നും സംസ്ഥാനത്തേക്ക് സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നത് സർക്കാർ നയമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന തൻ്റെ ആദ്യ ബജറ്റ് അവതരണത്തിന് ശേഷം നിയമസഭയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ സർക്കാർ നേരിടുന്നതെന്നും പരിധിക്കുളളിൽ നിന്നുകൊണ്ടുള്ള പുതുയുഗ കേരളത്തിലേക്കുളള യാത്രയാണ് ആരംഭിച്ചിരിക്കുതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെയും പൂർണ്ണമായി ചേർത്തുനിർത്തുന്നതാണ് ബജറ്റ് കാഴ്ചപ്പാടെന്നും അദ്ദേഹം വിശദീകരിച്ചു. സ്വകാര്യവത്ക്കരണമല്ല, സ്വകാര്യ നിക്ഷേപമാണ് കേരളത്തിൽ വരേണ്ടത്. അല്ലെങ്കിൽ സംസ്ഥാനത്തിന് നിലനിൽപ്പുണ്ടാവില്ല. സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന് വികസനം ഉണ്ടാക്കുമെന്നതാണ് സർക്കാർ നയം. ധവളപത്രത്തിൽ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്നും ഒരു രൂപ പോലും നികുതി വർധനയില്ലാതെയാണ് ബജറ്റ് ജനങ്ങൾക്കായി അവതരിപ്പിച്ചത്.
ധവളപത്രത്തിൽ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയുടെ യഥാർഥ ചിത്രം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അസാധാരണമായ ജനസംഖ്യാ മാറ്റം കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും ഇതേപ്പറ്റി പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനും കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കാനുമായി പ്രഖ്യാപിച്ച 'ലാൻഡ് മാനേജ്മെൻറ് പോളിസി'യിലൂടെ അന്താരാഷ്ട്ര നിക്ഷേപകർക്ക് കേരളത്തിൽ വലിയ അവസരമൊരുങ്ങും.
കാലഹരണപ്പെട്ട പഴയ ഭൂനിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് കഴിഞ്ഞ സർക്കാരാണ്. കുടിശ്ശികകളെല്ലാം യുഡിഎഫ് സർക്കാർ കൃത്യമായി കൊടുത്തു തീർക്കുമെന്നാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിക്കാനുള്ള അർഹത പിണറായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖലയ്ക്കും ചലച്ചിത്ര രംഗത്തിനും വലിയ ഊർജ്ജം പകർന്നുകൊണ്ട് ടൂറിസത്തെയും സിനിമയെയും ഔദ്യോഗികമായി വ്യവസായങ്ങളായി അംഗീകരിക്കും.
ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ സ്വപ്ന പദ്ധതികളും സമയബന്ധിതമായി പ്രാവർത്തികമാക്കുന്നതിന് ഓരോ വകുപ്പുകളിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. നിലവിലെ കിഫ്ബിയുടെ മോഡൽ ഇനി തുടർന്നുകൊണ്ട് പോകാനാവില്ല. എന്നാൽ പദ്ധി നിർത്തലാക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. കിഫ്ബിയുടെ പരിഷ്ക്കരണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
സിനിമയെ വ്യവസായമായി മാറ്റാനാണ് തീരുമാനമെന്നും കേരളത്തിൽ കൂടുതൽ ഷൂട്ടിംഗുകൾ നടക്കണമെന്നും അതിനു കൂടി സൗകര്യമുള്ള അത്യാധുനിക ഫിലിം സിറ്റിയായിരിക്കും ചിത്ര നഗരമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച 'മിഷൻ സമുദ്ര', 'ഏവിയേഷൻ ഹബ്ബ്' തുടങ്ങിയ ബൃഹത് പദ്ധതികൾ സംസ്ഥാനത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് വലിയ ഉണർവ് സമ്മാനിക്കും. ഇതിനൊപ്പം പ്രഖ്യാപിച്ച 'സതേൺ കേരളാ ഇക്കണോമിക് കോറിഡോർ' തെക്കൻ കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൽ വലിയ മുന്നേറ്റം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ ഒപ്പിട്ടവർ അത് ന്യായീകരിക്കുന്നു
'പിഎം ശ്രീ' പദ്ധതി ഒപ്പിട്ടവർ ഇപ്പോൾ അതിനെ ന്യായീകരിക്കുകയാണെന്നും കഴിഞ്ഞ പിണറായി സർക്കാരാണ് പദ്ധതിയിൽ ഒപ്പ് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി മരവിപ്പിക്കാൻ അതിൽ വ്യവസ്ഥയില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ല. പിഎം ശ്രീയിൽ തുടരാൻ യുഡിഎഫ് സർക്കാർ നിർബന്ധിതരായെന്നും കരിക്കുലത്തെ ബാധിക്കുന്ന ഒരു കാര്യവും ചെയ്യാൻ യുഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയെ അനുകൂലിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി എഴുതിയ ലേഖനവും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വായിക്കുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR