മാസപ്പടി കേസ് : വീണ വിജയന്റെ എച്ച്ഡിഎഫ്സി ബാങ്ക് ലോക്കറിൽ പരിശോധന
Thiruvananthapuram , 19 ജൂണ് (H.S.) മാസപ്പടി കേസ് അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ബാങ്ക് ലോക്കർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തുറന്ന് പരിശോധിക്കുന്നു. തിരുവനന്തപുരത്തെ ആയുർവേദ കോള
Veena Vijayan


Thiruvananthapuram , 19 ജൂണ് (H.S.)

മാസപ്പടി കേസ് അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ബാങ്ക് ലോക്കർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തുറന്ന് പരിശോധിക്കുന്നു. തിരുവനന്തപുരത്തെ ആയുർവേദ കോളജ് ജങ്ഷനിലുള്ള എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലാണ് ഇഡിയുടെ നിർണായക പരിശോധന നടക്കുന്നത്. കേസിൽ വീണയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം ഈ നടപടിയിലേക്ക് കടന്നത്.

തുടരന്വേഷണം ഊർജിതംകഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫിസിൽ വച്ച് വീണ വിജയനെ ഒൻപത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. ഇതിൽ നിന്ന് ലഭിച്ച മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇന്നത്തെ ബാങ്ക് ലോക്കർ പരിശോധന. ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പെടെ ലോക്കർ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുള്ളതെന്ന് വീണ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു.

ഒരു ദിവസത്തെ ചോദ്യം ചെയ്യലിൽ അവർ നൽകിയ മൊഴി വസ്തുതാപരമാണോ എന്ന് ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ പരിശോധന. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ നിക്ഷേപങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ ഇഡി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ബാങ്കിലെത്തി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നത്. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്.

അക്കൗണ്ട് മരവിപ്പിച്ചുകേസിൻ്റെ തുടക്കത്തിൽ തന്നെ വീണയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. എന്നാൽ ഈ അക്കൗണ്ടിൽ രണ്ട് ലക്ഷത്തിൽ താഴെ രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് പണമിടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും വിലപിടിപ്പുള്ള മറ്റ് വിവരങ്ങളും കണ്ടെത്താൻ ലോക്കറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഐടി കൺസൾട്ടൻസി സേവനങ്ങൾ നൽകാതെ കൊച്ചി ആസ്ഥാനമായുള്ള കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണയുടെ ഉടമസ്ഥതയിലായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് 2.78 കോടി രൂപ ലഭിച്ചു എന്നാണ് കേസ്.

2017 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഈ തുക കൈമാറിയത്. കമ്പനി പൂട്ടിയതിനാൽ സേവനങ്ങളുടെ വിശദാംശങ്ങളോ തെളിവുകളോ കൈവശമില്ലെന്നാണ് വീണ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകളിൽ എവിടെ നിന്നെല്ലാം പണം ലഭിച്ചു, എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളിലും ഇഡി വിശദീകരണം തേടിയിരുന്നു.

രാഷ്ട്രീയ വിവാദമായ കേസ്കേരളത്തിലെ രാഷ്ട്രീയ, സാമ്പത്തിക വിവാദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാസപ്പടി കേസ് മാറിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ മകളും അവരുടെ ഐടി കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിൻ്റെ അടിസ്ഥാനം. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്.

ആദായനികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) കേസിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News