Enter your Email Address to subscribe to our newsletters

Thrissur , 19 ജൂണ് (H.S.)
ഫിഫ ലോകകപ്പില് പന്തുരുളുമ്പോൾ നെഞ്ചിടിപ്പോടെ സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്ന മലയാളി ഫുട്ബോൾ ആരാധകരുടെ ആവേശം ലോകപ്രശസ്തമാണ്. എന്നാൽ ഇത്തവണ ലോകകപ്പ് ആവേശത്തിന് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് വില്ലനാവുകയാണ്. പ്രിയപ്പെട്ട ടീമുകളുടെയും സൂപ്പർ താരങ്ങളുടെയും ലൈവ് മത്സരങ്ങൾ നടക്കുന്ന പ്രധാന സമയങ്ങളിൽ കൃത്യമായി കറൻ്റ് കട്ടാകുന്നത് കായികപ്രേമികളെ അക്ഷരാർത്ഥത്തിൽ ചൊടിപ്പിച്ചിട്ടുണ്ട്.
മഴയെയും കാറ്റിനെയും പഴിച്ചുകൊണ്ട് കെഎസ്ഇബി കയ്യൊഴിയുമ്പോൾ, കളി കാണാൻ കഴിയാത്ത ഫുട്ബോൾ ആരാധകര് ഇനി വീട്ടിലിരിക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. സംസ്ഥാന വ്യാപകമായി കടുത്ത ജനരോഷം ഉയരുമ്പോൾ, കെഎസ്ഇബി ഓഫീസുകളെ ലക്ഷ്യമാക്കി ആരാധകർ നടത്തുന്ന വേറിട്ടതും അതിശക്തവുമായ പ്രതിഷേധങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ചയാകുന്നത്.
തൃശൂരിൽ പന്തുതട്ടിയും മെഴുകുതിരി കത്തിച്ചും ഡി വൈ എഫ് ഐ മാർച്ച്
വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തൃശൂർ എരുമപ്പെട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ മെഴുകുതിരികൾ കത്തിച്ചും ഫുട്ബോൾ തട്ടിയും വേറിട്ട രീതിയിൽ മാർച്ച് നടത്തി. സംസ്ഥാനത്ത് പവർകട്ട് നടപ്പാക്കാനുള്ള ജനദ്രോഹ തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി ലോഡ്ഷെഡിംഗ് തുടങ്ങിയിട്ടും ഇതിനെതിരെ മൗനം പാലിക്കുന്ന വൈദ്യുതി മന്ത്രിക്കെതിരെ വലിയ വിമർശനമാണ് മാർച്ചിൽ ഉയർന്നത്.
കെ എസ് ഇ ബി ഓഫീസിലിരുന്ന് കളി കണ്ട് റൊണാൾഡോ ആരാധകർ
എറണാകുളം ജില്ലയിലെ കാഞ്ഞൂരിലാണ് ഏറ്റവും ശ്രദ്ധേയമായ പ്രതിഷേധം അരങ്ങേറിയത്. പോർച്ചുഗലും കോംഗോയും തമ്മിലുള്ള നിർണായക ലോകകപ്പ് മത്സരം നടക്കുന്നതിനിടയിലാണ് പ്രദേശത്ത് പവർകട്ട് ഉണ്ടായത്. ഇതോടെ ക്ഷുഭിതരായ ഒരു കൂട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ നേരെ പ്രാദേശിക കെ എസ് ഇ ബി ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ഓഫീസിനുള്ളിൽ ഒത്തുകൂടിയ യുവാക്കൾ തങ്ങളുടെ മൊബൈൽ ഫോണുകൾ തുറന്ന് കളി തത്സമയം കാണാൻ തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥനെ തങ്ങളോടൊപ്പം ഇരുന്ന് കളി കാണാൻ ക്ഷണിക്കുന്ന ഇവരുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ആളുകൾ വീട്ടിലിരുന്ന് ടിവിയിൽ ലോകകപ്പ് കാണുന്ന ഈ സമയത്ത് എന്തിനാണ് ലോഡ് ഷെഡിംഗ് നടത്തുന്നത്? നാളെയും കറൻ്റ് പോയാൽ ഞങ്ങൾ ഇവിടെ വന്ന് തന്നെ കളി കാണും. കറൻ്റ് പോകുന്ന എല്ലാ ദിവസവും ഞങ്ങൾ ഇത് തന്നെ ആവർത്തിക്കും കാഞ്ഞൂരിലെ ഫുട്ബോൾ ആരാധകർ പറഞ്ഞു. ഓഫീസിൽ പ്രതിഷേധം ഉണ്ടായതായും എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിയന്ത്രണം ജൂൺ 30 വരെയെന്ന് കെ എസ് ഇ ബി
രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വർധിച്ചതും കേന്ദ്ര വിഹിതത്തിലുണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്. ജൂൺ 30 വരെ വൈകുന്നേരം 6 മണിക്കും അർധരാത്രിക്കും ഇടയിലാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കാലവർഷം എത്തിയിട്ടും വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ അന്തരീക്ഷ താപനില കുറഞ്ഞിട്ടില്ല. എൽ നിനോ പ്രതിഭാസം കാരണം രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിൻ്റെ കുറവുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി. ഫുട്ബോൾ ലോകകപ്പ് കൂടി വന്നതോടെ രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നുവെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര് വ്യക്തമാക്കുന്നു.
ഒളിച്ചുകളി അവസാനിപ്പിക്കണം; കടുത്ത വിമർശനവുമായി പ്രതിപക്ഷം
സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഇല്ലെന്ന് മന്ത്രി പറയുമ്പോഴും ജനങ്ങൾ അന്ധകാരത്തിലാണെന്ന് മുൻ ഭരണപക്ഷവും നിലവിലെ പ്രതിപക്ഷവുമായ എൽ ഡി എഫ് ആരോപിച്ചു. ലോകമാകെ ഫുട്ബോൾ ആവേശത്തിലാണെന്നും വൈദ്യുതി നിയന്ത്രണം ആരാധകർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയായിരുന്നു. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഈ പ്രത്യേക ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കാൻ ആവശ്യമായ ബദൽ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
799 രൂപ കൊടുത്ത് സീ 5 സബ്സ്ക്രിപ്ഷൻ എടുത്തിട്ടും കാണാൻ കറൻ്റില്ലാത്ത അവസ്ഥയാണെന്ന് ആരാധകർ പരിഹസിക്കുന്നു. വൈദ്യുതി ക്ഷാമമുണ്ടെങ്കിൽ അത് മറച്ചുവെക്കാതെ കൃത്യമായ സമയക്രമം ജനങ്ങളെ അറിയിക്കണമെന്നും, മൗനം വെടിഞ്ഞ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇതിൽ വ്യക്തത വരുത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ലോകകപ്പ് ആവേശം തല്ലിക്കെടുത്തുന്ന കെ എസ് ഇ ബിയുടെ ഒളിച്ചുകളി തുടർന്നാൽ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR