Enter your Email Address to subscribe to our newsletters

Kochi, 19 ജൂണ് (H.S.)
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. കേസിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സിഎംആർഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കർ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിവാദമായ കരിമണൽ കമ്പനി ഇടപാടിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി ആകെ ഒൻപത് ഉദ്യോഗസ്ഥർക്കാണ് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. ഇതിൽ സിഎംആർഎലുമായി ബന്ധപ്പെട്ട മൂന്ന് പേരുടെ മൊഴികൾ അന്വേഷണസംഘം ഇതിനോടകം തന്നെ വിശദമായി രേഖപ്പെടുത്തിക്കഴിഞ്ഞു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ, സേവനം നൽകാതെ പണം കൈമാറിയെന്ന ആക്ഷേപങ്ങൾ എന്നിവയിലാണ് പ്രധാനമായും വ്യക്തത വരുത്താനുള്ളത്. ബാക്കി ഉദ്യോഗസ്ഥരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
അതേസമയം, കേസിൽ മുഖ്യമന്ത്രിയുടെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ (വീണ ടി.) വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചനകൾ. നേരത്തെ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളും വീണയ്ക്ക് നേരെ ഉണ്ടായേക്കും. എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ നൽകിയ പണത്തിന്റെ ഉറവിടവും അതിന് പകരമായി എന്ത് സേവനമാണ് നൽകിയതെന്നതുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
കേസ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവാകാൻ പോകുന്ന മറ്റൊരു ഘടകം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) തയ്യാറാക്കിയ റിപ്പോർട്ടാണ്. SFIO റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ്ണമായ വിവരങ്ങൾ ഇന്ന് ഇഡിയ്ക്ക് ലഭിക്കുമെന്നാണ് അറിയുന്നത്. ആകെ 134 പ്രധാന രേഖകളാണ് ഇഡിയുടെ കൈകളിലേക്ക് എത്തുന്നത്. ഈ രേഖകൾ ലഭിക്കുന്നതോടെ ഇടപാടുകളിലെ ദുരൂഹതകൾ പൂർണ്ണമായും അഴിച്ചെടുക്കാൻ കഴിയുമെന്നാണ് ഇഡിയുടെ വിശ്വാസം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കമ്പനികൾ തമ്മിലുള്ള കരാറുകൾ, ഇമെയിൽ സന്ദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ രേഖകൾ.
വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പ്രമുഖരിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളാനുള്ള സാധ്യതയുണ്ട്. വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് ഇഡി മുന്നോട്ട് പോകുന്നത്. വരും മണിക്കൂറുകളിൽ അനിൽ ആനന്ദ പണിക്കരെ ചോദ്യം ചെയ്യുന്നതിലൂടെ കമ്പനിയുടെ ആഭ്യന്തര തീരുമാനങ്ങളെക്കുറിച്ചും സാമ്പത്തിക കൈമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ചും കൂടുതൽ വിരങ്ങൾ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
---------------
Hindusthan Samachar / Roshith K