Enter your Email Address to subscribe to our newsletters

Hydrabad, 19 ജൂണ്‍ (H.S.)
പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ തുടര്‍ നടപടിയുമായി കോടതി. പ്രതി ചേര്‍ക്കപ്പെട്ട നടന്‍ അല്ലു അര്‍ജുന്‍ ഉള്‍പ്പെടെയുള്ളര്‍ക്ക് ജൂണ്‍ 22 ന് നേരിട്ട് ഹാജരാകാന്‍ സിറ്റി കോടതി സമന്‍സ് അയച്ചു. കേസുമായി ബന്ധപ്പെട്ട് 23 പേര്‍ക്കെതിരെ ഹൈദരാബാദ് പൊലീസ് നേരത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഡിസംബര്‍ 24 ന് സമര്‍പ്പിച്ച കുറ്റപത്രത്തിന് ശേഷം അല്ലു അര്‍ജുന്‍ ഉള്‍പ്പെടെ 23 പ്രതികള്‍ക്കും കോടതി സമന്‍സ് അയയ്ക്കുകയും ജൂണ്‍ 22 ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തിയേറ്റര്‍ ഉടമ, മാനേജര്‍, ലോവര്‍ ബാല്‍ക്കണി ഇന്‍ ചാര്‍ജ്, ഗേറ്റ് കീപ്പര്‍ എന്നിവരെ കുറ്റപത്രത്തില്‍ 1 മുതല്‍ 10 വരെയുള്ള പ്രതികളായും അല്ലു അര്‍ജുനെ 11-ാം പ്രതിയായും ഉള്‍പ്പെടുത്തി.
2024 ഡിസംബര്‍ 4 ന് തിയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2. അത് കൊണ്ട് തന്നെ സിനിമയുടെ പ്രീമിയര്‍ ഷോയില്‍ സന്ധ്യ തിയേറ്ററിലേക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ ആരാധകര്‍ ഒത്തുകൂടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 35 കാരിയായ സ്ത്രീ മരിക്കുകയും അവരുടെ എട്ട് വയസുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെത്തുടര്‍ന്ന്, മരിച്ച സ്ത്രീയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ചിക്കഡ പള്ളി സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ വിവിധ വകുപ്പുകള്‍ പ്രകാരം സിറ്റി പോലീസ് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിനും തിയേറ്റര്‍ മാനേജ്‌മെന്റിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
2024 ഡിസംബര്‍ 13 ന് കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായി തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന്റെ പിറ്റേന്ന് അല്ലു അര്‍ജുന്‍ മോചിതനാവുകയും പിന്നീട് സ്ഥിര ജാമ്യം ലഭിച്ചക്കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S