രണ്ട് മെഡിക്കല് കോളേജുകള്; 2076.02 കോടി പദ്ധതിവിഹിതം; ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതല്
Thiruvanathapuram, 19 ജൂണ്‍ (H.S.) ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി മുഖ്യമന്ത്രി വി.ഡി. സതീശന്‍. സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളും കാന്‍സര്‍ പ്രതിരോധത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുമുള്ള പദ
budget


Thiruvanathapuram, 19 ജൂണ്‍ (H.S.)

ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി മുഖ്യമന്ത്രി വി.ഡി. സതീശന്‍. സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളും കാന്‍സര്‍ പ്രതിരോധത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യശുശ്രൂഷയ്ക്കും പൊതുജനാരോഗ്യ മേഖലയ്ക്കുമുള്ള പദ്ധതിവിഹിതമായി 2076.02 കോടി രൂപ വകയിരുത്തി.

അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകള്‍ പല കുടുംബങ്ങളിലും വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം ബാധ്യത ലഘൂകരിക്കുന്നതിനും കൈത്താങ്ങാകുന്നതിനുമായി എല്ലാ കുടുംബങ്ങള്‍ക്കും 25ലക്ഷം രൂപയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമാണ്. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി പത്തുകോടി രൂപ വിലയിരുത്തും.

കാസര്‍കോട്, ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ അവസ്ഥ ഇപ്പോഴും ശോചനീയമാണ്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാര്‍, ഉപകരണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ഇതിനെല്ലാമായി നൂറുകോടി വകയിരുത്തി.

കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനമാക്കി മാറ്റാന്‍ റീച്ച് കേരള എന്ന പദ്ധതി നടപ്പിലാക്കും. തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവിയും എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദമിക് മികവും കൈവരിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കും. സ്‌കൂള്‍ ഹെല്‍ത്ത് ബ്രിഗേഡ് രൂപീകരിക്കും. അത്യാഹിത ട്രോമാ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യസ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഡിജിറ്റലൈസ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും ഗോള്‍ഡന്‍ അവര്‍ പ്രൊജക്ട് നടപ്പിലാക്കും.

പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനും ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തി സംവിധാനങ്ങള്‍ സൃഷ്ടിക്കും. നാല്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യപരിശോധന നടത്തുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കും. കാരുണ്യ ആരോഗ്യ പദ്ധതിയിലെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ത്ത് പദ്ധതിയുടെ കാര്യക്ഷണത ഉറപ്പുവരുത്തും. ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായി ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി കോസ്റ്റല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് ചികിത്സ ഉറക്കാക്കും. കാന്‍സര്‍ രോഗികളുടെ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന നല്‍കുന്ന പദ്ധതി നടപ്പിലാക്കും. രോഗനിര്‍ണയ ടെസ്റ്റുകള്‍ക്കായി ലാബ് സൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമീണ മേഖലകളില്‍ മൊബൈല്‍ ടെസ്റ്റിങ് സംവിധാനം നടപ്പിലാക്കും. ആദ്യഘട്ടം രണ്ടുകോടി രൂപ ചെലവില്‍ പത്തുലാബുകള്‍ സ്ഥാപിക്കുന്നതിനായി ഇരുപതുകോടി രൂപ വകയിരുത്തും.

സംസ്ഥാനത്ത് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലുള്ള അപൂര്‍വരോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പകര്‍ച്ച വ്യാധികളുടെ കാരണക്കാരാകുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ ലാബുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News