Enter your Email Address to subscribe to our newsletters

New delhi, 19 ജൂണ്‍ (H.S.)
നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തര വാദം കേള്ക്കാന് വിസമ്മതിച്ച് സുപ്രീംകോടതി. അവധിക്കാലത്തിന് ശേഷം സുപ്രീംകോടതി സാധരണ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന ജൂലൈയില്‍ ജസ്റ്റിസ് പി എസ് നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സുര്യാകന്തും ജസ്റ്റിസ് വി മോഹനയും ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റെതാണ് തീരുമാനം. നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മംഗള കോഹ്ലി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നടപടി.
നീറ്റ് ഒരു ദേശീയ പരീക്ഷയാണെന്നും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, കുറ്റക്കാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുകയും അവരുടെ ഫലം റദ്ദാക്കുകയും ചെയ്യണം. പഴയ പരീക്ഷയുടെ ഫലം പുനഃസ്ഥാപിക്കണമെന്നും സ്വാഭാവിക നീതി ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം.
ഉദ്യോഗാര്‍ഥികളുടെ പ്രാതിനിധ്യം കണക്കിലെടുത്ത് ജൂണ്‍ 21 ന് പരീക്ഷ നടത്തുന്നതിന്റെ സാധ്യത പുനഃപരിശോധിക്കാന്‍ കേന്ദ്രത്തിനും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാനസിക ആഘാതം, ഉത്കണ്ഠ, അനിശ്ചിതത്വം, പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയക്കുറവ്, എന്നിവയെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം, യുവാക്കളുടെ ആശങ്ക സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും ഒരു പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സാഹചര്യം മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രാം കോടതിയെ അറിയിച്ചു. ജുണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷക്ക് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മേത്ത കോടതിയെ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S