Enter your Email Address to subscribe to our newsletters

New delhi, 19 ജൂണ്‍ (H.S.)
ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെയും അതിര്‍ത്തി കടന്നുളള ഭീകരവാദത്തേയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഭീകരവാദികളെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍, സ്വന്തമായി സൃഷ്ടിച്ച ആ 'ഭൂതം' തങ്ങളെത്തന്നെ തിരിഞ്ഞു കടിക്കുമ്പോള്‍ ഞെട്ടിയിട്ട് കാര്യമില്ലെന്ന് ഇന്ത്യ പരിഹസിച്ചു. പാകിസ്ഥാന്‍ ഒരു 'ഫ്രാങ്കന്‍സ്‌റ്റൈന്‍ രാഷ്ട്രം' ആയി മാറിയിരിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി കുറ്റപ്പെടുത്തി. ഭീകരതയെ ഒരു നയമായി വളര്‍ത്തുകയും, ഒടുവില്‍ സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ പ്രയോഗമാണ് ഫ്രാങ്കന്‍സ്‌റ്റൈന്‍ രാഷ്ട്രം എന്നത്. യുഎന്നില്‍ ഈ പ്രയോഗം ഉന്നയിച്ച് ഇന്ത്യ ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ പാകിസ്ഥാനും ഒഐസിയും ജമ്മു കാശ്മീര്‍ വിഷയം ഉന്നയിച്ചതിനാണ് ഇന്ത്യയുടെ മറുപടി. യുുഎന്നിലെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ് ആണ് 'റൈറ്റ് ഓഫ് റിപ്ലൈ' അധികാരത്തിലൂടെ പാകിസ്ഥാന് കടുത്ത മറുപടി നല്‍കിയത്.
'ഭീകരരെ പോറ്റിവളര്‍ത്തുന്നതും അവര്‍ക്ക് പരിശീലനം നല്‍കുന്നതും വിന്യസിക്കുന്നതും തങ്ങളുടെ ഭരണകൂട നയമാണെന്ന് പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി തന്നെ പരസ്യമായി വീമ്പു പറയുന്ന കാര്യമാണ്. എന്നിട്ടാണ് അവര്‍ തങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്ന് ലോകത്തിന് മുന്നില്‍ വിലപിക്കുന്നത്. പാകിസ്ഥാന് മാത്രം നിലനിര്‍ത്താന്‍ കഴിയുന്ന വലിയൊരു വൈരുദ്ധ്യമാണിത്. സ്വന്തം ലബോറട്ടറിയില്‍ നിര്‍മ്മിച്ച രാക്ഷസന്‍ സ്രഷ്ടാവിനെത്തന്നെ ആക്രമിക്കുമ്പോള്‍ ഭയപ്പെടുന്ന ഒരു 'ഫ്രാങ്കന്‍സ്‌റ്റൈന്‍ സംവിധാനത്തിന്റെ ' ജീവിക്കുന്ന ഉദാഹരണമാണ് പാകിസ്ഥാന്‍.' അനുപമ സിങ് പറഞ്ഞു
---------------
Hindusthan Samachar / Sreejith S