Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ജൂണ് (H.S.)
തിരുവനന്തപുരം: രാജ്യത്തെ പ്രധാന വികസന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ (VISL) പേരിൽ 300 കോടി രൂപയുടെ വ്യാജ കരാർ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മലപ്പുറം അരീക്കോട് സ്വദേശി സൽമാനുൽ ഫാരിസ് (45) ഒടുവിൽ പൊലീസിന്റെ പിടിയിലായി. എറണാകുളത്തെ ഒരു വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സിറ്റി പൊലീസിന്റെ പ്രത്യേക സംഘമാണ് നാടകീയമായി കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിയുമായി ബന്ധമുള്ള കൊച്ചി സ്വദേശിനിയായ ഒരു യുവതിയെ തമ്പാനൂർ പൊലീസ് നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തട്ടിപ്പിന്റെ വഴി ഇങ്ങനെ:
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ (VISL) 300 കോടി രൂപയുടെ വമ്പൻ പദ്ധതിയുടെ ടെൻഡർ തനിക്ക് ലഭിച്ചുവെന്ന് കാണിച്ച് സൽമാൻ വ്യാജ രേഖകൾ ചമയ്ക്കുകയായിരുന്നു. വിഐഎസ്എല്ലിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പുകളും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഇയാൾ ഈ വ്യാജരേഖകളിൽ കൃത്രിമമായി ചേർത്തു. തുടർന്ന്, വലിയ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും മറ്റ് ബിസിനസ് പങ്കാളികളിൽ നിന്നും കോടികൾ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ നീക്കം. ഇതിനിടെ കൊച്ചി സ്വദേശിനിയായ യുവതിക്കും വിഐഎസ്എല്ലിന്റെ പേരിലുള്ള ഈ വ്യാജ കരാർ രേഖകൾ സൽമാനുൽ ഫാരിസ് അയച്ചുനൽകിയിരുന്നു.
തുറമുഖ അതോറിറ്റിയുടെ മുൻ മാനേജിങ് ഡയറക്ടറുടെ പേര് വരെ ഉൾപ്പെടുത്തിയാണ് പ്രതി ഈ വ്യാജരേഖകൾ നിർമിച്ചത്. ഈ രേഖകൾ കാണിച്ച് ആളുകളിൽ നിന്ന് വലിയ തോതിൽ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ വിവിഐഎസ്എൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) തിരുവനന്തപുരം തമ്പാനൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.
അന്വേഷണം എറണാകുളത്തേക്ക്:
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സൽമാനുൽ ഫാരിസ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്തെ വാടക വീട്ടിലുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്. പ്രതി പിടിയിലായതോടെ എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. കൊച്ചിയിലെ ഒരു വ്യക്തിയിൽ നിന്ന് മാത്രം ഈ വ്യാജ രേഖകൾ കാണിച്ച് 20 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തതായി പരാതിയുണ്ട്.
പ്രതിക്ക് വിദേശത്ത് വലിയ ബിസിനസ് ബന്ധങ്ങളുണ്ടെന്നും കൂടുതൽ ആളുകൾ ഈ വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തമ്പാനൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള കൊച്ചി സ്വദേശിനിയെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും ഇതിന് പിന്നിൽ മറ്റ് വമ്പൻ സ്രാവുകൾ ഉണ്ടോ എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
---------------
Hindusthan Samachar / Roshith K